10 December 2025, Wednesday

Related news

December 9, 2025
December 3, 2025
December 2, 2025
December 1, 2025
November 11, 2025
November 6, 2025
October 17, 2025
September 28, 2025
September 26, 2025
September 24, 2025

എല്‍ഡിഎഫ് സര്‍ക്കാരിന് മറ്റൊരു പൊന്‍തൂവല്‍ കൂടി : കെഎസ് ആര്‍സി ആധുനിക സൗകര്യങ്ങളോടെ 100 ബസുകള്‍ നിരത്തിലേക്ക്

ഓണത്തിനുമുമ്പ് ഓടിത്തുടങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ 
Janayugom Webdesk
തിരുവനന്തപുരം
August 13, 2025 12:26 pm

ഓണത്തിനു മുമ്പ് കെഎസ്ആര്‍ടിസിയുടെ നൂറു ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഓണത്തിന് മുമ്പ് ഓടിത്തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബിഗണേഷ് കുമാര്‍ ഉറപ്പുനല്‍കിയിട്ടുള്ള പുതിയ ബസുകള്‍ ഓരോന്നായി എത്തിതുടങ്ങിയിരിക്കുകയാണ്. സ്ലീപ്പര്‍ ബസുകള്‍ തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ മന്ത്രി ഗണേഷ് കുമാര്‍ നേരിട്ടെത്തി എത്തി ബസുകളുടെ ഡിസൈനും ഇതില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കണ്ടറിയുകയും പുതിയ ബസുകള്‍ ഓടിച്ച് നോക്കുകയും ചെയ്തു.

ഓണത്തിന് മുമ്പായി 100 ബസുകള്‍ എത്തുമെന്നും കിടന്ന് യാത്ര ചെയ്യാവുന്നതും ഇരുന്ന് യാത്ര ചെയ്യാവുന്നതുമായി ബസുകള്‍ക്കൊപ്പം 15.5 മീറ്റര്‍ നീളമുള്ള വോള്‍വോയുടെ ബസും എത്തുന്നുണ്ടെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം-മൂകാംബിക, ബെംഗളൂരു തുടങ്ങിയ റൂട്ടുകളിലേക്കും ഉയര്‍ന്ന കളക്ഷന്‍ ഉള്ള റൂട്ടുകളിലും എല്ലാ സൗകര്യങ്ങളുമുള്ള എസി ബസുകള്‍ തന്നെ ഓടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വോള്‍വോ, ലെയ്‌ലാന്‍ഡ് സ്ലീപ്പര്‍, സീറ്റര്‍, സ്ലീപ്പര്‍ കം സീറ്റര്‍ ബസുകള്‍ക്കൊപ്പം ലെയ്‌ലന്‍ഡിന്റെ തന്നെ ഷോട്ട് ചെയ്‌സ് ഫോര്‍ സിലണ്ടര്‍ ബസുകളും ലിങ്ക് ബസ് എന്ന പേരില്‍ എത്തിച്ചിട്ടുണ്ട്. ഇനി 8.5 മീറ്റര്‍ നീളമുള്ള ഐഷര്‍ ബസുകള്‍ വരുന്നുണ്ട്. പുതിയ റൂട്ടുകള്‍ ഇനിയും കണ്ടെത്തുമെന്നുമാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

വാഹനത്തിനുള്ളില്‍ ആളുകള്‍ എഴുതി വയ്ക്കുന്നതും വൃത്തികേടാക്കുന്നതും തടയുന്നതിനായി സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ സീറ്റുകളിലേക്കും ചാര്‍ജര്‍, പുഷ് ബാക്ക് സീറ്റുകള്‍, വൈ-ഫൈ, ടെലിവിഷന്‍, വിന്‍ഡോ കര്‍ട്ടണ്‍, ഹാന്‍ഡ് റെസ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സീറ്റര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ നല്‍കുന്നുണ്ട്. സ്ലീപ്പര്‍ ബസുകളില്‍ ഏറ്റവും മികച്ച ബെര്‍ത്തുകളാണ് നല്‍കുന്നത്. അതിലും വൈ-ഫൈ സൗകര്യം ഉള്‍പ്പെടെയുള്ളവ നല്‍കും. ഏറ്റവും മികച്ച സേവനമാണ് കെഎസ്ആര്‍ടിസി നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. നല്ല വണ്ടികളില്ലെന്ന് ഏറ്റവുമധികം പരാതി പറഞ്ഞിരുന്നത് ബംഗളൂരു മലയാളികളാണ്. എന്നാല്‍, പുതിയ ബസുകള്‍ എത്തുന്നതോടെ അവര്‍ക്ക് അഭിമാനിക്കാമെന്നും, ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ കയറുന്ന ഏറ്റവും നല്ല ബസുകള്‍ നമ്മുടേതായിരിക്കുമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു. 

ആദ്യമെത്തുന്ന ബസുകള്‍ ബംഗളൂരുവിലേക്ക് ഓണക്കാലത്ത് സ്‌പെഷ്യല്‍ സര്‍വീസായി ഓടിയ ശേഷമായിരിക്കും ഓരോ ഡിപ്പോകള്‍ക്കായി കൈമാറുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 2+1 ലേഔട്ടിലാണ് സീറ്റര്‍ കം സ്ലീപ്പര്‍ ബസുകളില്‍ സീറ്റുകളും ബെര്‍ത്തുകളും ഒരുങ്ങുന്നത്. വീതിയുള്ള ലെതര്‍ സീറ്റുകളാണ് ഇതിലും നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ക്ക് മുകളിലായാണ് ബെര്‍ത്തുകളുള്ളത്. ഒരു വശത്ത് സിംഗിള്‍ ബെര്‍ത്തും മറുഭാഗത്ത് ഡബ്ബിള്‍ ബെര്‍ത്തുമാണ് നല്‍കുന്നത്. എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജര്‍, മൊബൈല്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയ്ക്കൊപ്പം ആംബിയന്റ് ലൈറ്റുകളും സിസിടിവി ക്യാമറയും ഫയര്‍ അലാറവും ഉള്‍പ്പെടെയുള്ള സംവിധാനവും നല്‍കുന്നുണ്ട്. രണ്ട് തട്ടുകളായി 2+1 ലേഔട്ടിലാണ് സ്ലീപ്പര്‍ ബസുകളിലെ ബെര്‍ത്തുകള്‍ നല്‍കിയിരിക്കുന്നത്. എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടിള്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക് എന്നിവയാണ് നല്‍കുന്നത്. അശോക് ലെയ്ലാന്‍ഡിന്റെ 13.5 മീറ്റര്‍ ഗാര്‍ഡ് ഷാസിയിലാണ് സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ ബസുകള്‍ ഒരുങ്ങിയിരിക്കുന്നത്. 5.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡിഐ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 250 പിഎസ് പവറും 900 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പര്‍ ഫാസ്റ്റിനുമായി എത്തിയത് ടാറ്റയുടെ ബസുകളായിരുന്നെങ്കില്‍ അതിനുശേഷം എത്തിയിട്ടുള്ളവയെല്ലാം അശോക് ലെയ്‌ലാന്‍ഡ് മോഡലുകളാണ്. ലെയ്‌ലാന്‍ഡിന്റെ 10.5 മീറ്റര്‍ ഷാസിയാണ് ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനായി തിരഞ്ഞെടുത്തത്. 3.8 ലിറ്റര്‍ എച്ച് സീരീസ് നാല് സിലണ്ടര്‍ ടര്‍ബോ ഡിഐ എന്‍ജിനാണ് ഈ ബസിന് കരുത്തേകുന്നത്. 150 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമാണ് ഇതിലെ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. 

ആറ് സ്പീഡ് ഓവര്‍ ഡ്രൈവ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുക. സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണ് കെഎസ്ആര്‍ടിസി ഇറക്കുന്നത്. ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി നിര്‍മാതാക്കളാണ് ബസുകള്‍ക്ക് ബോഡി നിര്‍മിക്കുന്നത്. പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. ത്രിവര്‍ണപതാകയുടെ നിറവും കഥകളിയുടെ ഗ്രാഫിക്‌സുമൊക്കെയുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകളും പ്രദര്‍ശനത്തിനുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.