
വകുപ്പുതല പരീക്ഷയില്‍ ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക മാറിനല്‍കിയതിനെ തുടര്‍ന്ന് പിഎസ്‍സി പരീക്ഷ റദ്ദാക്കി. ഇന്നലെ നടന്ന സർവേയർ (ഗ്രേഡ്-1) പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷ പിന്നീട് നടത്തുമെന്ന് പിഎസ്‍സി അറിയിച്ചു.
പിഎസ്‍സിയുടെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്. ഓണ്‍ലൈനായി രാവിലെ 9.30 മുതല്‍ 12.30 വരെ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇരുന്നൂറ് പേരാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്.
പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറും ഉത്തരസൂചികയും വെവ്വേറെ കവറുകളിലാക്കിയാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. ചോദ്യങ്ങള്‍ തയ്യാറാക്കുന്ന ആളാണ് ചോദ്യപേപ്പറും ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന ഉത്തരസൂചികയും അച്ചടിക്കാനായി പ്രസിലേക്ക് നല്‍കുന്നത്. അച്ചടിച്ചവ പ്രത്യേകം കവറിലാക്കിയാണ് പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നത്. പരീക്ഷയുടെ സമയത്ത് മാത്രമെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിട്ടുള്ള കവര്‍ പൊട്ടിക്കാറുള്ളൂ.
പരീക്ഷാർത്ഥികളുടെ മുമ്പില്‍ വച്ച് ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന കവർ പൊട്ടിച്ചപ്പോഴാണ് ഉത്തരസൂചികയുടെ കവറാണെന്ന് മനസിലായത്. ഉടൻ ഉത്തരസൂചിക തിരിച്ചുവാങ്ങുകയും പരീക്ഷ റദ്ദാക്കുകയുമായിരുന്നു. ചോദ്യം തയ്യാറാക്കിയവർക്ക് പറ്റിയ അബദ്ധം മൂലമാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകേണ്ടിവന്നതെന്നാണ് സൂചന.
വകുപ്പുതല പരീക്ഷകള്‍ക്ക് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനായി പിഎസ്‍സിക്ക് പ്രത്യേകം പാനലുണ്ട്. ഇതില്‍ നിന്ന് നറുക്കെടുത്താണ് ഒരു ചോദ്യപേപ്പര്‍ നിശ്ചയിക്കുന്നത്. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥനോട് പിഎസ്‍സി വിശദീകരണം തേടും. അതിനുശേഷമാകും മറ്റ് നടപടികള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.