30 January 2026, Friday

എട്ട് പതിറ്റാണ്ടിന്റെ സമര തീക്ഷ്ണതയിൽ അന്തിക്കാട് ചെത്തുതൊഴിലാളി യൂണിയൻ

പി ആർ റിസിയ
തൃശൂർ
December 29, 2023 10:16 pm

കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന് സുശക്തമായ അടിത്തറ പാകിയ സമരപോരാട്ട ചരിത്രത്തിലെ നെടുംതൂണായ അന്തിക്കാട് ചെത്തു തൊഴിലാളി യൂണിയൻ രൂപംകൊണ്ടിട്ട് എട്ട് പതിറ്റാണ്ട് പിന്നിടുന്നു. അവശരും അവഗണിക്കപ്പെട്ടവരുമായിരുന്ന ഏനാമ്മാവ്-പെരിങ്ങോട്ടുകര മേഖലയിലെ ചെത്തുതൊഴിലാളികൾ തൊഴിലിനും കൂലിക്കും വേണ്ടി നടത്തിയ സമരത്തിന് ശക്തി പകരുന്നതിനായാണ് യൂണിയൻ ആരംഭിച്ചത്. 

1940 മുതൽ രഹസ്യമായി പ്രവർത്തനം ആരംഭിച്ചെങ്കിലും 1942ലാണ് യൂണിയൻ രൂപം കൊണ്ടത്. ജോർജ് ചടയം മുറിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം. പിന്നീട് ടി ഡി ഗോപി, ടി എൻ നമ്പൂതിരി, എൻ ഡി വാസുദേവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ 12 വില്ലേജുകളിലായി 44 പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. 1942 ജനുവരി രണ്ടിന് അന്തിക്കാട് ആശുപത്രിക്ക് പടിഞ്ഞാറുള്ള വയലിൽ ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്റെ ഉദ്ഘാടന സമ്മേളനം നടന്നു. ചെങ്കൊടികളും ചേറ്റുകത്തികളുമായി അന്തിക്കാട് മേഖലയിലെ 1500ലേറെ തൊഴിലാളികൾ ജാഥയിൽ അണിനിരന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ എം എ കാക്കുവാണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ ജനറൽ സെക്രട്ടറി കെ ജി ദാമോദരനും പ്രസിഡന്റ് കെ കെ രാമനുമായിരുന്നു.
യൂണിയൻ രൂപീകരിച്ച് രണ്ടാഴ്ചയ്ക്കകം ചെത്തുതൊഴിലാളികളുടെ പണിമുടക്ക് ആരംഭിച്ചു. 

അന്നുതുടങ്ങിയ സമരങ്ങളും ഏറ്റുമുട്ടലുകളും കാൽ നൂറ്റാണ്ട് കാലം തുടർന്നു. പണിമുടക്ക് സമരം പൊളിക്കാൻ ഉടമകൾ നടത്തിയ നീക്കത്തിനെതിരെ യൂണിയൻ കുലമുറി സമരത്തിന് ആഹ്വാനം ചെയ്തു. ഒറ്റരാത്രികൊണ്ട് ആയിരക്കണക്കിന് ലിറ്റർ ചെത്തുന്ന തെങ്ങിന്‍ കുലകൾ മുറിച്ച് താഴെയിട്ടതും ചരിത്രം. അതോടെ അന്തിക്കാട്ടെ ചെത്തുതൊഴിലാളികൾ സാമൂഹിക നിയന്ത്രണശക്തിയായി. അന്തിക്കാട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയായി. പൊലീസിന്റെയും എക്സൈസിന്റെയും മർദനമേറ്റ് നൂറുകണക്കിന് തൊഴിലാളികൾ ജീവച്ഛവങ്ങളായി മാറി. 11 പേർ മരണത്തിന് കീഴടങ്ങി. മാങ്ങാട്ടുകരയിലെ പി സി കൊച്ചുകുട്ടനാണ് ആദ്യരക്തസാക്ഷി. വി എസ് ചാത്തു, ചെമ്മാനി കൊച്ചുണ്ണി കേളപ്പൻ, ചക്കാലപ്പറമ്പിൽ സി വി കുട്ടൻ, കാക്കനാട് കെ കെ കൃഷ്ണൻകുട്ടി, ചെമ്മാനി ഭാസ്കരൻ, കാഞ്ഞൂര് കുഞ്ഞുമാമ, സി ആർ പാറൽ, കോഴിക്കാട്ടിൽ കെ കെ ബാലൻ, സി കെ രാഘവൻ, കുറ്റിയിൽ ശങ്കരൻ എന്നിവരാണ് മരിച്ചത്. ഇവരിൽ വി എസ് ചാത്തുവും സി കെ രാഘവനും സമരത്തെ സഹായിക്കാനെത്തിയ നേതാക്കളായിരുന്നു.
1951 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ചെത്തുതൊഴിലാളി നേതാവ് കെ പി പ്രഭാകരനെ അന്തിക്കാട് നിയമസഭയിലേക്കയച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ചെത്തുതൊഴിലാളി യൂണിയൻ പുനഃസംഘടിപ്പിച്ചു. കെ പി പ്രഭാകരനെ പ്രസിഡന്റായും ടി കെ പുരുഷോത്തമനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നീണ്ട 55 വർഷം കെ പി പ്രഭാകരൻ യൂണിയന്റെ അമരക്കാരനായി പ്രവർത്തിച്ചു. 

1957ൽ തൊഴിലാളിവർഗത്തിന്റെ സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നതോടെ ചെത്തുതൊഴിലാളികൾക്ക് ഗുണകരമായ നടപടികൾ സ്വീകരിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എഐടിയുസിയുടെയും നേതൃത്വത്തിൽ നടന്ന അന്തിക്കാട്ടെ തൊഴിലാളി സമരത്തെ, പിന്നീട് അധികാരത്തിൽ വന്ന അച്യുതമേനോൻ സർക്കാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.
ജനങ്ങളുടെ സാമൂഹ്യ‑സാംസ്കാരിക വളർച്ചയിലും പൊതുസമൂഹത്തിന്റെ വിപ്ലവബോധത്തിലും അന്തിക്കാട്ടെ ചെത്തു തൊഴിലാളി പ്രസ്ഥാനവും തൊഴിലാളി സമരവും ആഴത്തിലുള്ള സ്വാധീനം ചെലുത്തി. അന്തിക്കാട് ആസ്ഥാനമായി പ്രവർത്തിച്ച ഏനാമാവ്-പെരിങ്ങോട്ടുകര തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ 80-ാം വാർഷികം വിപുലമായ പരിപാടികളോടെ നടന്നുവരികയാണ്. ആഘോഷ പരിപാടികളുടെ സമാപനം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ അന്തിക്കാട് നടക്കും. രണ്ടിന് പൊതുസമ്മേളനം എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജീത് കൗർ ഉദ്ഘാടനം ചെയ്യും. 

Eng­lish Summary;Anthikkad Chethu Union in eight decades of struggle
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.