18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 6, 2024
December 5, 2024
December 4, 2024
December 2, 2024
November 28, 2024

ലഹരി വിമുക്തി (എസ്‌പിസി) സ്റ്റുഡന്റസ് പൊലീസ് കേഡറ്റിലൂടെ

ദീപ്തി പ്രസേനന്‍
October 22, 2022 11:52 am

സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ മാസം ആചരിക്കുമ്പോൾ കേരളവും, ഭാരതവും, ലോകവും, നാം ഓരോരുത്തരും ഏറ്റെടുക്കേണ്ട ഒരു വലിയ യജ്ഞത്തെ പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഒരു മുതിർന്ന സഹോദരൻ എന്ന നിലയിൽ മാതാപിതാക്കളോടും ഒരു മുത്തച്ഛൻ എന്ന നിലയിൽ കുഞ്ഞുങ്ങളോടും അധികാരഭാഷയിൽ അല്ലാതെ മനുഷ്യത്വത്തിന്റെ ഭാഷയിൽ വിനയപൂർവം പറഞ്ഞ വാക്കുകൾ അത്യന്തം ഹൃദയസ്പൃക്കാണ്. അദ്ദേഹം വീണ്ടും തുടരുന്നു. ഞാൻ ജീവിച്ചിരുന്നതിനേക്കാൾ നല്ല സാഹചര്യത്തിലും ആരോഗ്യത്തിലും സംസ്കാരത്തിലും അടുത്ത തലമുറ വളരണം എന്ന ആഗ്രഹം എന്നെപ്പോലെ തന്നെ എല്ലാ മുത്തച്ഛന്മാർക്കും ഉണ്ട്. പക്ഷെ ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമുക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. കുഞ്ഞുങ്ങൾ നശിച്ചാൽ സർവനാശം. തലമുറകൾ ഇല്ലാതാകുന്ന ഒരു മഹാ വിപത്ത് ഓരോ നിമിഷവും നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു. വൈകാതെ നമ്മൾ ജാഗ്രതയോടു കൂടി ഇടപെടണം. സെക്കന്റ് പോലും പാഴാക്കാനില്ല. അതെ അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും പ്രവൃത്തിപഥത്തിലേക്ക് പരിവർത്തനം ചെയ്യേണ്ടതുണ്ട്. കാരണം മയക്കുമരുന്നിന്റെ ദൂഷ്യഫലം നമുക്കെല്ലാവർക്കുമറിയാമെങ്കിലും ഇന്ന് കേരളം ഈ മയക്കുമരുന്നിന്റെ മായിക വലയത്തിൽ തന്നെയാണ്.

രാജ്യവ്യാപകമായി ഒഴുകുന്ന സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉറവിടം ദക്ഷിണാഫ്രിക്കയാണെങ്കിലും ഭാരതത്തിലെ, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളും അവയുടെ ഹബ്ബുകളാകുമ്പോൾ ഈ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണികൾ വലയിലാകുമ്പോൾ, അവയിലെ മലയാളി സാന്നിധ്യം നമുക്ക് അമ്പരപ്പുണ്ടാക്കുന്നു. പഴങ്ങൾക്ക് ജിഎസ്‌ടി ഒഴിവാക്കിയതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഓറഞ്ചിന്റെ ഇറക്കുമതി കൂടിയിരിക്കുന്നു. പഴങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകൾക്ക് ഗൗരവതരമായ പരിശോധനയില്ല എന്നുള്ളതും ലഹരി മാഫിയ മുതലാക്കുന്നുണ്ട്. ടൺകണക്കിന് മേത്തും, കൊക്കെയിനും രാജ്യത്തെത്തി എന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ബോംബെ വാശിയിൽ ഇറക്കുമതി ചെയ്ത ഓറഞ്ചിനോടൊപ്പം 1476 കോടിയുടെ ലഹരി മരുന്ന് കണ്ടെത്തിയത് നമുക്ക് ഭീതിജനകമായ ഒരു സാഹചര്യം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. തൊട്ടടുത്ത ദിവസം ഡിആർഐ സംഘം ഇവയുമായി ബന്ധപ്പെട്ട കാലടിയിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ റൈഡും കേരളത്തിൽ വലിയ ഞെട്ടൽ തന്നെയാണ് ഉളവാക്കിയത്. പക്ഷേ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ ഒരു വലിയ പ്രശ്നം നമുക്ക് ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

എവിടെ ഇതെല്ലാം പരിശോധിക്കുവാനുള്ള ലാബുകൾ? അമേരിക്കയിലെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ കാൽ നൂറ്റാണ്ടിലധികം ശാസ്ത്രജ്ഞയായി പ്രവർത്തിച്ച സിനിപ്പണിക്കർ കേരളത്തിനോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്. എവിടെയാണ് ഇത്തരത്തിലുള്ള രാസമരുന്ന് ശാസ്ത്രീയമായി തെളിയിക്കുവാനുള്ള ലാബുകളുള്ളത്? കഠിനമായ നിയമങ്ങൾകൊണ്ടൊന്നും ഈ വിപത്തിനെ നേരിടാൻ ആകുകയില്ല എന്നറിവ് അമേരിക്ക നമുക്ക് തരുന്നുണ്ട്. ബോധവല്ക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ലഹരി മാഫിയയെ നിരീക്ഷിക്കുവാൻ സന്നദ്ധസേന സ്ക്വാഡുകളും, ജനകീയ കവചവും ഒരുക്കേണ്ടതുണ്ട്. ഭീകരമാംവിധമാണ് എംഡിഎംഎ എന്ന രാസ ലഹരിവസ്തു വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും ഇടയിൽ പടരുന്നത്. എം എന്ന രഹസ്യക്കോഡ് പറഞ്ഞാൽ എംഡിഎംഎയില്‍ എത്തും. അത് ഒരു പാർട്ടി ഡ്രഗാണ്. ഇതിന്റെ മറവിൽ പെൺവാണിഭം വരെ നടക്കുന്നു. ഇതിന്റെ പ്രത്യേകത ഇത് എടുക്കുന്ന ആൾ പരിസരബോധം നഷ്ടപ്പെടുത്തുന്നില്ല എന്നുള്ളതാണ്. ഇതിൽ നിന്നും ഒരു പവർ അല്ലെങ്കിൽ എനർജിയാണ് ലഭിക്കുന്നത്. ബ്രെയിനിൽ ഇത് വളരെയധികം എൺപതി ഫീലിങ് ഉണ്ടാക്കും.

ഇത് ഉപയോഗിക്കുന്ന വ്യക്തി വളരെ ഫ്രണ്ട്‌ലിയായി, വളരെ സൗഹാർദ്ദപരമായി ആളുകളുമായി പെരുമാറിത്തുടങ്ങും. പിന്നെ സന്തോഷത്തിന്റെ ഏറ്റവും പരകോടിയിലേക്കാണ് ആ വ്യക്തിയെ ഈ രാസവസ്തു നയിക്കുന്നത്. ബ്രയിനിലുള്ള മൂന്ന് ന്യൂറോ ട്രാൻസ്മിറ്റേഴ്സിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഡോപ്പർമൻ, സെറിട്ടോണിൻ, അഡ്നാലിൻ എന്നെല്ലാം പറയുന്ന ഹോർമോണുകൾ നമുക്ക് സന്തോഷം വരുമ്പോൾ നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നവയാണ്. സിറോടോണിനും ഹാപ്പി ഹോർമോൺ തന്നെ. ഇവയുടെയെല്ലാം പ്രവർത്തനം വളരെയധികം കൂടും. വായിൽ കൂടി എടുക്കുന്ന എംഡിഎംഎ 30 മിനിറ്റിനു ശേഷം പ്രവർത്തനം തുടങ്ങും. ഇത് ഒരു ഒന്ന് ഒന്നരമണിക്കൂർ വരെ നീണ്ടുനിൽക്കും. ശരീരം വളരെ ഊർജ്ജസ്വലത ആകുന്നതായും വലിയ ഉത്തേജനം ലഭിക്കുന്നതായും ഇത് ഉപയോഗിക്കുന്ന വ്യക്തിക്ക് തോന്നും. ഇത് ഒരു മൂന്ന് മുതൽ എട്ട് മണിക്കൂർ വരെ ആ വ്യക്തിയിൽ അത്തരത്തിൽ പ്രവർത്തിക്കും. പിന്നെയുള്ളത് ഇതിന്റെ ഒരു പീക്ക് സ്റ്റേജ് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. ഇതിന്റെ ഫുൾ എഫക്ട് അല്ലെങ്കിൽ ഫുൾ ഹാപ്പിനസ്, വ്യക്തമായി പറഞ്ഞാൽ ഒരു “എക്സ്ട്രസിൽ”, ആനന്ദത്തിന്റെ പരകോടി എന്ന് പറയാവുന്ന ഒരു സ്റ്റേജിലേക്ക് വ്യക്തിയെ എത്തിക്കും. സന്തോഷം മയിൽപീലി വിടർത്തി ആടുന്നത് പോലെയെല്ലാം തോന്നുന്ന ഒരു സാധ്യതയിലേക്ക് വ്യക്തിയെ കൊണ്ടുപോവുകയാണ് എന്ന് നമുക്ക് പറയാം. ഈ എക്സ്ട്രാസി അനുഭവപ്പെടുമ്പോൾ അനിർവചനീയമായ സുഖാനുഭവങ്ങളാണ് ഈ വ്യക്തിക്ക് കിട്ടുന്നത്.

അതുകൊണ്ടുതന്നെ ഇത് എടുക്കുന്ന വ്യക്തി വല്ലാതെ അടിമപ്പെട്ടു പോകുവാനും സാധ്യതയുണ്ട്. മൂന്നു മുതൽ എട്ട് മണിക്കൂർ വരെയാണ് ഇത്തരത്തിലുള്ള അവസ്ഥ വ്യക്തിയിൽ നീണ്ടു നിൽക്കുന്നത്. അടുത്ത അവസ്ഥ എന്നു പറയുന്നത് താഴേക്ക് വരുന്ന അനുഭവമാണ്. ഏകദേശം ഒന്നു മുതൽ രണ്ടു മണിക്കൂർ കഴിയുമ്പോൾ ഈ മയക്കുമരുന്നിന്റെ കെട്ടുവിട്ടു തുടങ്ങും. ഇതിന്റെ അവസാന ഭാഗമാണ് ഏറ്റവും കൂടുതൽ അപകടകരമായ കാര്യം. ഉറക്കമില്ലായ്മ, ഡിപ്രഷൻ, വിശപ്പില്ലായ്മ എല്ലാം അനുഭവപ്പെട്ടു തുടങ്ങും. ഇതിന്റെ ഏറ്റവും വലിയ പാർശ്വഫലം എന്നു പറയുന്നത് സ്വാഭാവികമായി ഒരു വ്യക്തിയുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടേണ്ട സെറോടോണിൻ പൂർണമായി പ്രവർത്തനരഹിതമാകും എന്നുള്ളതാണ് എംഡിഎംഎ എടുത്തു കഴിഞ്ഞാലുള്ള അപകടകരമായ സ്ഥിതി ഇതാണ്. സാധാരണയായി സന്തോഷിക്കുവാനുള്ള ഒരു അവസ്ഥ വ്യക്തിക്കില്ലാതെയാകുന്നു. സെറോടോണിന്റെ ഉല്പാദനം ശരീരത്തിൽ പൂർണമായും ഇല്ലാതായി വരുന്നു. ഈ സമയം ഇതിന്റെ പാർശ്വഫലങ്ങൾ ആയ ഡിപ്രഷൻ, നെഗറ്റീവ് വികാരങ്ങൾ എന്നിവയുണ്ടാകും, ഉറക്കമില്ലായ്മ തീർച്ചയായും അനുഭവപ്പെടും. ഇത് നമ്മെ വല്ലാതെ മാനസിക സമ്മർദ്ദത്തിലാക്കും. അതുപോലെതന്നെ ഇത്തരത്തിൽ ലഹരിവസ്തു എടുത്ത് കഴിഞ്ഞാൽ വെള്ളം കുടിക്കാതിരുന്നാൽ വല്ലാതെ ഡി ഹൈഡ്രേഷൻ ഉണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിയ ഒരു വ്യക്തിക്ക് ഏറ്റവും ആദ്യം ചെയ്യേണ്ടുന്ന പ്രാഥമിക ശുശ്രൂഷ എന്ന് പറയുന്നത് ഹൈഡ്രേറ്റ് ആക്കുക. വെള്ളം കൊടുത്ത് എത്രയും പെട്ടെന്ന് ആ വ്യക്തിയുടെ ശരീരത്തിലേക്ക് ജലാംശത്തെ പ്രവേശിപ്പിക്കുക എന്നുള്ളത് തന്നെയാണ്.

എംഡിഎംഎ എന്ന് നമ്മൾ ഒരുപാട് കേൾക്കുന്നുണ്ട്. യുവാക്കളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ദൃശ്യമാധ്യമമായ സിനിമപോലും ഇതിന്റെ വ്യാപനത്തിന് അറിഞ്ഞോ അറിയാതെയോ കരുവാക്കുന്നുണ്ട്. കമലഹാസന്റെ തമിഴ് സിനിമയായ വിക്രത്തിൽ സന്താനം എന്ന വില്ലൻ കഥാപാത്രമായി അഭിനയിക്കുന്ന വിജയ് സേതുപതി ഇടയ്ക്കിടെ നീല നിറത്തിൽ ഒരു വസ്തു വായിലേക്ക് വയ്ക്കുന്നുണ്ട്. ക്രിസ്റ്റൽമിത്ത് ആണിത്. എംഡിഎംഎ എന്ന് കേൾക്കുന്ന ലഹരി ഗുളിക ഉപയോഗിക്കാൻ തുടങ്ങിയാൽ ജീവിതം പൂർണമായും അവസാനിക്കുകയാണെന്ന യാഥാർത്ഥ്യം നമ്മൾ മനസിലാക്കണം. കഞ്ചാവ് പോലെയുള്ള ലഹരി ഉപയോഗിക്കുന്നത് പോലെയല്ല, ഇതിന്റെ അപകടകരമായ അവസ്ഥ. മനസിനെയും ശരീരത്തെയും ഒരുപോലെ നശിപ്പിച്ചുകൊണ്ട് നമ്മെ നിത്യരോഗിയാക്കുന്ന ഒരു മഹാവിപത്താണ്. ജീവനെടുക്കുന്ന രാസ മയക്കുമരുന്ന്. കഴിഞ്ഞദിവസം തൊടുപുഴയിലെ ലോഡ്ജിൽ നിന്ന് പിടികൂടിയ പെൺകുട്ടി അലറി വിളിക്കുന്നുണ്ടായിരുന്നു പലരും പറഞ്ഞു അഭിനയമാണ്, പക്ഷേ ഇത് തികച്ചും സാധാരണമായ ഒരു അവസ്ഥ തന്നെയാണ്. അവർ ചെയ്യുന്നത് എന്തെന്ന് സത്യത്തിൽ അവർ അറിയുന്നതുപോലുമില്ല പാർട്ടികളിലും മറ്റും ദീർഘനേരം തളരാതെ സജീവമായി നിൽക്കുന്നതിനും ദീർഘനേരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും മെത്ത് എന്ന് പറയുന്ന ഈ ലഹരിവസ്തു ഉപയോഗിക്കുന്നുമുണ്ട്.

പൂർണരൂപം മെത്തലിൻ ഡയോക്സിൻ മെത്താംഫീ എന്നുള്ളതാണ്. പൊടി കൽക്കണ്ടം ഗ്ലാസ് സ്പീഡ് തുടങ്ങിയ ഓമനപ്പേരിൽ അറിയുന്ന ഡ്രഗ് അപൂർവമായി മാത്രം ലഭിക്കുന്നു. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് മതിപ്പു വില. ലഹരി മരുന്നുകൾ ഉപയോഗിക്കുന്നവർ ഏറ്റവുമധികം ആവശ്യപ്പെടുന്ന ലഹരി മരുന്നാണ് ഈ മെത്തലിൻ ഡയോക്സിൻ മെത്താംഫീ. ഐസ് മെത്ത് എന്നും ഇതിന് ഓമനപ്പേരുണ്ട്. ഉപയോഗിച്ച് കഴിഞ്ഞാൽ മറ്റ് ലഹരി മരുന്നിനേക്കാൾ പതിന്മടങ്ങ് അപകടകരമാണ്. അതിവേഗം നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാൽ സ്പീഡ് എന്ന പേരും ലഭിച്ചിട്ടുണ്ട് ശരീരത്തിന്റെ രക്തസമ്മർദ്ദവും താപനിലയും അസാധാരണമായി ഉയരുക, ഹൃദയാഘാതം മുതൽ പക്ഷാഘാതം വരെ ഉണ്ടാകുവാൻ ഇത് കാരണമാകുകയും ചെയ്യും. ശ്വാസകോശത്തെ തകർക്കും. അമിത ഉപയോഗം ചിലരെ അക്രമാസക്തരാക്കും ഒരുകാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത്. പാരമ്പര്യ മരുന്നുകളിലും മറ്റും ഒഴിച്ച് കൂടാനാവാത്ത ഒരു മരുന്നായിരുന്നു. കായികതാരങ്ങൾ ഉത്തേജക മരുന്നായും ഉപയോഗിച്ചിരുന്നു. മാരകമായ ലഹരി മരുന്നായ എംഡിഎംഎക്ക് കേരളത്തിൽ വ്യാപകമായി ആവശ്യക്കാർ ഉണ്ടെന്നുള്ളതാണ് എക്സൈസ് വകുപ്പ് പറയുന്നത്. മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്.

ഡിജെ പാർട്ടികളിൽ എത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനു ഉപയോഗിക്കുന്നതിനാലും പാർട്ടി ഡ്രഗ് എന്നും അറിയുന്നു. രുചിയില്ലാത്ത, മണമില്ലാത്ത ഇത് ചിലപ്പോൾ ജൂസിൽ കലർത്തിയുമാണ് ഇരകൾക്ക് കൊടുക്കാറ്. ആനന്ദ ഗുളിക, പി പി എന്നിങ്ങനെ എല്ലാം ഇതും അറിയപ്പെടുന്നുണ്ട്. ബംഗളൂരുവിലും മറ്റും ഇത് നിർമ്മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട് എന്നും പറയപ്പെടുന്നു. നൈജീരിയൻ സംഘങ്ങളാണ് ഇതിന്റെ പിന്നിലെന്നാണ് പൊലീസിന്റെയും നിഗമനം. കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് കയറ്റി അയച്ച് വില്പന നടത്തുന്ന നൈജീരിയൻ പൗരൻ അറസ്റ്റിലെന്ന പത്ര റിപ്പോർട്ട് വളരെ പ്രസക്തമാണ്. കഴിഞ്ഞദിവസം കൊച്ചിയിൽ എംഡിഎംഎഐയുമായി പിടികൂടിയ കേസില്‍ കൂടുതലായി നടത്തിയ അന്വേഷണത്തിൽ നിന്നാണ് ഈ കേസിൽ ഒരു നീഗ്രോ വംശജൻ ഉൾപ്പെട്ടിട്ടുണ്ട് എന്നുള്ള വിവരം ലഭിച്ചത്. സൈബർ സെല്ലിന്റെയും വാട്സ്ആപ്പ് കൂട്ടായ്‌മയുടെയും സഹായത്തോടെയാണ് ബംഗളൂരു കെ ആർ പുരം എന്ന സ്ഥലത്ത് നിന്നും പാലാരിവട്ടം പൊലീസ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിലുള്ള സംഘം അശ്രാന്തപരിശ്രമത്തിന് ഒടുവിൽ പൊലീസിനോട് ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ച പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഫ്രിക്കൻ മരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് ഇയാൾ. ഇതെല്ലാം നമുക്ക് വലിയ ആശങ്കകൾ, വലിയ ഞെട്ടലുകൾ, വലിയ ഉത്കണ്ഠകൾ എല്ലാം ജീവിതത്തിലേക്ക് പ്രദാനം ചെയ്യുന്ന വാർത്തകൾ തന്നെയാണ്. പുകയായി വലിച്ചും, കുത്തിവെച്ചും, ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് ഇവയൊക്കെ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കുവാൻ ശേഷിയുള്ള ഇത്തരം ലഹരി തമാശയായി ഒരിക്കൽപോലും ഉപയോഗിച്ച് നോക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും ലൈംഗികാസക്തി ഉയർത്തുവാൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട്. നീലച്ചിത്ര നിർമ്മാണ രംഗത്ത് ഉദ്ധാരണ ശക്തി വർധിപ്പിക്കുവാനും, നിലനിർത്തുവാനും ഐസ് മെത്ത് ഉപയോഗിക്കുന്നുണ്ട്. മണിക്കൂറുകളോളം ക്ഷീണം ഇല്ലാതെ നൃത്തം ചെയ്യുവാൻ കഴിയുന്ന, അതിയായ ആഹ്ലാദവും ചെയ്യുന്ന പ്രവൃത്തി വീണ്ടും വീണ്ടും ചെയ്യുന്നതിനുള്ള ഉത്സാഹവും ഇത് ഉപയോഗിക്കുന്ന വ്യക്തിക്കുണ്ടാകും. ഗുണ്ടാസംഘങ്ങൾ ദുരുപയോഗം ചെയ്യുന്ന മാനസിക രോഗങ്ങൾക്കുള്ള മരുന്നിനേക്കാൾ കൊടുംവിഷമാണ് ഇവ ഉണ്ടാക്കുന്നത്. മണമോ രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസിലും മദ്യത്തിലും ഗുളിക കലർത്തി ആദ്യം നല്കും. ഒറ്റ ഉപയോഗത്തിൽ തന്നെ ഇവർ ഇതിന് അടിമകളാകുകയും ചെയ്യും. ഇത്തരത്തിൽ അടിമകളാകുന്ന പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ഇത്തരത്തിലുള്ള വിധേയമാക്കൽ ക്യാമറയിൽ പകർത്തി പിന്നീട് അവരെ ഭീഷണിയിലൂടെ ഇതിന്റെ പ്രധാന കണ്ണികളാക്കി വ്യാപാരത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കുഞ്ഞുങ്ങളെ വ്യാപാരത്തിന്റെ കണ്ണികളാക്കുന്നതോടെ ഒരിക്കലും തിരിച്ചു വരുവാനാവാത്ത വിധം ഇവർ ഈ മാഫിയ സംഘങ്ങൾക്ക് അടിമപ്പെട്ടുപോകുന്നു.

ഇതിൽ ഏറ്റവും അപകടകരമായ സ്ഥിതി മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും, ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്ത് ഉപയോഗിക്കുന്ന ആളുകൾ പൊതുവേ പല്ലുകൾ കേടുവന്ന രൂപത്തിൽ ആയിരിക്കും. ഇതിനെ സൂചിപ്പിക്കുന്ന പദമാണ് “മെത്ത് മൗത്ത്”. ഇത് വളരെ വേഗത്തിൽ സംഭവിക്കും. ഒരു തുടക്കക്കാരനായ ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉണ്ടെങ്കിൽ തന്നെയും ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു മെത്ത് അടിമയുടെ ആയുസ് അഞ്ച് മുതൽ 10 വർഷം മാത്രമാണ്. അമേരിക്കയിലെ അറിയപ്പെടുന്ന പോപ്പ് സ്റ്റാറുകൾ പോലും മരണത്തിന് കീഴടങ്ങിയത് ഇത്തരം മരുന്നിന് അടിമയായിട്ടാണ്. ജീവിക്കണോ മരിക്കണോ എന്നുള്ളത് രുചിച്ചു നോക്കുന്നതിനു മുമ്പ് തീർച്ചയായും നിശ്ചയിക്കേണ്ടതുണ്ട്..

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നമുക്ക് വ്യക്തമായ ദിശാബോധം നൽകുന്നുണ്ട്. നമുക്ക് ഒരു സെക്കന്റ് പോലും പാഴാക്കാനില്ല. അതെ അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ വലിയ പ്രാധാന്യത്തോടെ കൂടി തന്നെ കാണണം. അത് വ്യക്തിയെ, കുടുംബത്തെ, കുടുംബ ബന്ധങ്ങളെ തകർക്കുന്ന, സാമൂഹ്യബന്ധത്തെ തകർക്കുന്ന ഒരു വലിയ നാശം തന്നെയാണ് ഇത്. മനുഷ്യന് സങ്കല്പിക്കാൻ ആകുന്നതിനും അപ്പുറമുള്ള മൃഗങ്ങൾക്ക് മാത്രം കഴിയുന്ന മൃഗങ്ങൾക്ക് പോലും കഴിയാത്ത അത്രപോലും വിവേചന ശക്തി നഷ്ടപ്പെടുത്തുന്ന ഒരു ജീവിത തലത്തിലേക്ക് ഒരു തലമുറയെ എത്തിക്കുന്ന കാളകൂട വിഷം. ഈ അവസ്ഥയിൽ നിന്ന് നമുക്ക് ചെയ്യാൻ കഴിയുന്നത് തീർച്ചയായും നമ്മൾ ചെയ്യണം. ഈ ലഹരി വിമുക്തിക്കായി നമുക്ക് എന്തെല്ലാം ചെയ്യാം എന്നുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ നമ്മളും ആലോചിക്കേണ്ടതു തന്നെയാണ്. ലഹരി വിമുക്തിക്കായി നമുക്ക് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളിലൂടെ ഒരു പരിധിവരെ ശ്രമിക്കാവുന്നതാണ്.
സ്റ്റുഡൻസ് പൊലീസ് കേഡറ്റ് അഥവാ എസ്‌പിസി പ്രോജക്ട്

ഒരു സ്കൂൾ അധിഷ്ഠിത സംരംഭമാണ്. അത് ജാഗ്രതയുള്ളതും സമാധാനപരവും മൂല്യാധിഷ്ഠിതവുമായ ഒരു സമൂഹമായി ഉത്തരവാദിത്തമുള്ള യുവാക്കളെ വാർത്തെടുക്കുവാൻ കഴിയുന്ന ഒരു പ്രസ്ഥാനം തന്നെയാണ്. അവർക്ക് അച്ചടക്കവും നിയമവും അനുസരിക്കലും ഒരു ജീവിതരേഖയാക്കാവുന്നതാണ്. വിദ്യാഭ്യാസം, ഗതാഗതം, വനം, എക്സൈസ് തദ്ദേശ സ്വയംഭരണം, ഫയർ ആന്റ് റെസ്ക്യൂ, സ്പോർട്സ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് കേരള പൊലീസ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. 2019 ഓഗസ്റ്റില്‍ സമാരംഭിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യ രക്തതാരകമായ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് ഇത്തരത്തിൽ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ ആരംഭിച്ചത്. രണ്ടു വർഷത്തെ ശാരീരിക ക്ഷമത പരിശീലനം, പരേഡ് പരിശീലനം, ഇൻഡോർ ക്ലാസുകൾ, നിയമത്തെയും പൗരത്വത്തെയും പറ്റിയുള്ള പരിശീലനങ്ങൾ, സർക്കാർ സ്ഥാപനങ്ങളിലെ ഫീൽഡ് സന്ദർശനങ്ങൾ എന്നിവയിലൂടെ ഭാവിയിലെ പൗരന്മാർക്ക് ആവശ്യമായ കഴിവുകൾ നേടുന്നതിന് ഓരോ കേഡറ്റിനും കഴിയുന്ന പഠന ഇൻപുട്ടുകൾ സുഗമമാക്കുന്നതിനുള്ള വിവിധ മോഡ്യൂളുകൾ പരിശീലന പരിപാടിയിൽ ഉൾപ്പെടുന്നു. നിയമപാലകരുടെ ജുഡീഷ്യൽ ഓഫീസുകൾ, മിനി പ്രോജക്ടുകൾ, നേതൃത്വ ക്യാമ്പുകൾ, ഓരോ സ്കൂളിലും പരിശീലനം ലഭിച്ച രണ്ട് അധ്യാപകർ യഥാക്രമം കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായി അഡീഷണൽ കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായി എസ്‌പിസി പരിശീലനത്തിന് സൗകര്യമൊരുക്കുന്നു. ശാരീരിക പരിശീലനത്തിലും പരേഡിലും അവരെ പിന്തുണയ്ക്കുന്നതിനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് ഡ്രിൽ ഇൻസ്പെക്ടർമാരെയും, സംസ്ഥാന നോഡൽ ഓഫീസറുകളുടെ നിർദ്ദേശപ്രകാരം ജില്ലാ നോഡൽ ഓഫീസറും ഒരു ഡിവൈഎസ്‌പി നാമനിർദ്ദേശം ചെയ്യപ്പെട്ട അസിസ്റ്റന്റ് ജില്ലാ നോഡൽ പൊലീസ് ഓഫീസറും ജില്ലാതല പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. ഇത്തരത്തിലുള്ള സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളിലൂടെ നമുക്ക് ഒരു പരിധിവരെ നമ്മുടെ കുഞ്ഞുങ്ങൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ഈ വിപത്തിനെതിരെ പ്രതികരിക്കാം.
യോദ്ധാവ്

“നമുക്ക് മയക്കുമരുന്ന് എതിരെ യുദ്ധം തുടരാം” എന്ന പേരിൽ സംസ്ഥാന പൊലീസിന്റെ വാട്സ്ആപ്പ് അധിഷ്ഠിത ആപ്പ് വ്യക്തമായി ഉപയോഗിക്കപ്പെടുവാനും പ്രയോജനപ്പെടുത്തുവാനും നാം ഉണർന്നു പ്രവർത്തിക്കേണ്ടുന്നതുണ്ട്. ഈ ആപ്പിന്റെ പേരാണ് യോദ്ധാവ് എന്നത്. മയക്കുമരുന്നുകളുടെയും നിരോധിത വസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആരാണ്, എവിടെ, എപ്പോൾ തുടങ്ങിയ വിവരങ്ങൾ രഹസ്യമായി പൊലീസിന് കൈമാറുവാൻ നമ്മളെ അനുവദിക്കുന്ന വാട്സ്ആപ്പ് അധിഷ്ഠിത ആപ്പാണ് യോദ്ധാവ്. ഈ ആപ്പിലേക്ക് വിവരങ്ങൾ കൈമാറുന്നവരുടെ പേര്, വിവരങ്ങൾ സുരക്ഷിതമായിരിക്കും. മരുന്നിന്റെ ഉപയോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ വാട്സ്ആപ്പ് വഴി 9966 എന്ന നമ്പറിലേക്ക് ഓഡിയോ, വീഡിയോ ടെക്‌സ്റ്റ് മെസേജുകളായി പൊതുജനങ്ങൾക്ക് അയക്കാവുന്നതാണ്.
വിമുക്തി

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുള്ള മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി ബോധവത്കരണ മിഷന് സംസ്ഥാന സർക്കാർ രൂപം നല്കിയിട്ടുള്ളത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചെയർമാനും എക്‌സ്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയർമാനായും സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നു. ഇതിലെ ഏറ്റവും ശ്രദ്ധേയമാർന്ന പ്രവർത്തനം പുനരധിവാസ നടപടികൾ തന്നെയാണ്.
Ph: 0471 2322825
Mo: 9447178000

ഇവയിൽ നിന്ന് സർക്കാർ സംവിധാനം എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താനാകും എന്ന് നമുക്ക് മനസിലാക്കാം. മുഖ്യമന്ത്രി ഓർമിപ്പിക്കും പോലെ കുഞ്ഞുങ്ങളെ പിടിക്കുവാൻ മയക്കുമരുന്നിന്റെ ഭൂതങ്ങൾ വഴിയോരത്തു കാത്തുനിൽക്കുന്നു. കുഞ്ഞുങ്ങളിലേക്ക് അവർ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തണം. ഉല്പാദനോന്മുഖമായ നവകേരളം കെട്ടിപ്പടുക്കുവാൻ, വിജ്ഞാനവും വിനോദവുമുള്ള, ആധുനിക സമൂഹം ആവശ്യപ്പെടുന്ന തരത്തിലുള്ള, ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ഈ മഹായത്നം നമ്മൾ നെഞ്ചിലേറ്റണം. സ്വന്തം താല്ക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങി ഒറ്റപ്പെട്ട മനുഷ്യരെ സൃഷ്ടിക്കുന്ന ഈ കാളകൂട വിഷത്തെ നമുക്ക് ഒന്നിച്ച് എതിർക്കാം. തീവ്ര വേദനയുടെ മാറ്റൊലി മാത്രം സൃഷ്ടിച്ചുകൊണ്ട് വ്യക്തിയെ തകർക്കുന്ന, കുടുംബത്തെ തകർക്കുന്ന, സമൂഹത്തെ തകർക്കുന്ന, രാഷ്ട്രത്തെ തകർക്കുന്ന മയക്കുമരുന്നിനെതിരായി നമുക്കും ഒന്നിക്കാം, ഈ മഹാ യത്നത്തിൽ നമുക്കും അണിചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.