
സര്‍ക്കാരിന്റെ നാലാംഘട്ട ലഹരി വിരുദ്ധ കാമ്പയിൻ ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുന്നൊരുക്കങ്ങൾ ഈമാസം പൂർത്തിയാകും. സ്കൂളുകൾക്കും കോളജുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമാണ് ലഹരിവിരുദ്ധ നടപടികളിൽ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാനാവുക. അതിനുവേണ്ട വിശദ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്റുകൾ, പൊതുസ്ഥലങ്ങൾ, വായനശാലകൾ എന്നിവിടങ്ങളിലൊക്കെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കും. കേരളമാകെ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി ശ്രമിക്കണം.
തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗൺസിലർമാരാക്കാനും രക്ഷകർത്താക്കൾക്ക് ബോധവല്‍ക്കരണം നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ശിക്ഷിക്കാനല്ല രക്ഷപ്പെടുത്താനാണ് ഉദ്ദേശ്യമെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. സ്കൂൾ പ്രവൃത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും പ്രവൃത്തിസമയത്തിന് ശേഷവും സ്കൂൾ പരിസരം നിരീക്ഷിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ വിനിയോഗിക്കും. ലഹരി ഇടപാടുകൾ സംബന്ധിച്ച് വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഈ വിവരങ്ങൾ പുറത്തുപോയാൽ ഉത്തരവാദിയായ ഉദ്യോഗസ്ഥർ സർവീസിൽ കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഫെബ്രുവരി 22 മുതൽ ഏപ്രില്‍ 28 വരെ 12,024 കേസുകൾ രജിസ്റ്റർ ചെയ്തു. 12,627 പേർ അറസ്റ്റിലായി. 6.68 കിലോ എംഡിഎംഎയും 820 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ ഡ്രഗ് ഇന്റലിജൻസ് സംവിധാനത്തിലൂടെ ഏപ്രില്‍ 22 മുതൽ 27 വരെ സംസ്ഥാന എക്സൈസ് 37.071 കിലോഗ്രാം കഞ്ചാവും 70.551 ഗ്രാം എംഡിഎംഎയും പിടിച്ചു. 271 പേരെ അറസ്റ്റ് ചെയ്തു. ലഹരി വിപത്തിനെതിരെ കേരളമാകെ ഉയരുന്ന ജനകീയ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.