
നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയാതായി മണ്ഡലം കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ നടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്.
അതിന്റെ ഭാഗമായി കഴിഞ്ഞ സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും മാറ്റി നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. കൂടാതെ, കോണ്‍ഗ്രസ്സ് നേതൃത്വവുമായി അങ്ങോട്ട് ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പരസ്യനിലപാടും സ്വീകരിച്ചു.
ഒരു പാര്‍ട്ടി അംഗവും പാര്‍ട്ടിയുടെ എംഎല്‍എയും എന്ന നിലയില്‍ പാലിക്കേണ്ടതായ അച്ചടക്കവും പാര്‍ട്ടി ബോധ്യവുമില്ലാതെ അങ്ങേയറ്റം ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി സി മുകുന്ദന്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സി സി മുകുന്ദനെ പാര്‍ട്ടി ഭരണഘടന അനുസരിച്ചുള്ള അച്ചടക്കനടപടി എന്ന നിലയില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
ചെറുപ്പകാലം മുതല്‍ അന്തിക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സി സി മുകുന്ദനെ പാര്‍ട്ടി അങ്ങേയറ്റം കരുതലോടെ സംരക്ഷിച്ചും പ്രോത്സാഹനം നല്‍കിയും വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങളില്‍ ഭൂരിപക്ഷം പാര്‍ട്ടി സഖാക്കളും അങ്ങേയറ്റം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവരും പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ്.
തൊഴിലാളി കുടുംബത്തില്‍ ജനിച്ച്, പാര്‍ട്ടിയുടെ പൂര്‍ണ്ണ സമയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തന്നെ സി സി മുകുന്ദന് അന്തിക്കാട്ടെ ചെത്തുതൊഴിലാളി സഹകരണസംഘത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കിയിരുന്നു. അദ്ദേഹം ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ 60,000 രൂപയോളം ശമ്പളവും ലഭിച്ചിരുന്നു. വിരമിച്ചതിനുശേഷം, 16,000 രൂപയോളം പ്രതിമാസം പെന്‍ഷനായി ലഭിക്കുന്നുമുണ്ട്.
അന്തിക്കാട് ഗ്രാമ പഞ്ചായത്തില്‍ രണ്ടുതവണ അംഗമായും ഒരിക്കല്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടി അവസരം നല്‍കി. തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മുല്ലശ്ശേരി ഡിവിഷനില്‍ മത്സരിക്കുന്നതിന് അവസരം നല്‍കിയിരുന്നു. പാര്‍ട്ടി ഒരു സഖാവിനെ സഹായിക്കുന്നതും അംഗീകരിക്കുന്നതും ആ സഖാവിന്റെ അര്‍ഹതയ്ക്ക് അനുസരിച്ച് പാര്‍ട്ടിയ്ക്കകത്തും പാര്‍ലമെന്ററി സ്ഥാനങ്ങളിലും ബഹുജന സംഘടനകളിലും അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ടും ആ സഖാവിന്റെ ജീവിതസാഹചര്യത്തെ സഹായിക്കുവാന്‍ വേണ്ടത് ചെയ്തുകൊണ്ടുമാണ്.
സി സി മുകുന്ദന്റെ കാര്യത്തില്‍ ഈ രണ്ട് സംഗതികളും പാര്‍ട്ടി ആത്മാര്‍ത്ഥമായി ചെയ്തുനല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രണ്ടുതവണ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുവാന്‍ പാര്‍ട്ടി അവസരം നല്‍കി. സി സി മുകുന്ദനെ കഴിഞ്ഞ തവണ നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതും സിപിഐ നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു. പാര്‍ട്ടി മണ്ഡലം സെക്രട്ടറിയായും കര്‍ഷകതൊഴിലാളിയൂണിയന്‍ ജില്ലാ പ്രസിഡന്റായും അഖിലേന്ത്യാ ദളിത് അവകാശ സമിതിയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയാണ് അവസരം നല്‍കിയത്.
സി സി മുകുന്ദന് വീഴ്ചയില്‍ പരിക്കുപറ്റി കിടന്ന സമയത്ത് അദ്ദേഹത്തിന് ഓടിട്ട വീടാണെന്നും ജപ്തിനടപടി നേരിടുന്നുവെന്നുമുള്ള വാര്‍ത്തയും വിവാദവും ഉണ്ടായ സമയത്ത്, പാര്‍ട്ടി ഇടപെട്ട് അദ്ദേഹത്തിന് വീട് നിര്‍മ്മിച്ചുനല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി മറ്റു സ്വകാര്യ വ്യക്തികളുടെ സഹായം തേടേണ്ട എന്ന് എംഎല്‍എയോട് പറയുകയും ഇതിനായി എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയും സംയുക്തമായി ഒരു അക്കൗണ്ട് തുടങ്ങണമെന്ന പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കില്ലെന്നും സി സി മുകുന്ദന്റെ പേരില്‍ മാത്രമായി അക്കൗണ്ട് തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടും സ്ഥലവും ഇല്ലാത്ത നിരവധി പാവപ്പെട്ട സഖാക്കള്‍ ഉണ്ടായിരുന്നിട്ടും എംഎല്‍എ എന്ന നിലയിലുള്ള ശമ്പളവും അലവന്‍സും വീടുപണിയാന്‍ പലിശരഹിത വായ്പക്കുള്ള അവകാശവും ഉണ്ടായിരുന്നിട്ടും സി സി മുകുന്ദന് വീട് വച്ചുനല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയാണ് ചെയ്തത്.
അദ്ദേഹം അന്ന് അത് നിഷേധിക്കുകയും ഇപ്പോള്‍ പാര്‍ട്ടിയ്‌ക്കെതിരെ ഇക്കാര്യത്തില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയത് കാപട്യമാണ്. നാട്ടികയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സമയത്ത് സി സി മുകുന്ദന്റെ പേരിലുണ്ടായിരുന്ന ലോണ്‍ കുടിശിക തീര്‍ക്കാനുള്ള മുഴുവന്‍ തുകയും പാര്‍ട്ടിയാണ് നല്‍കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷകാലത്ത് നാട്ടിക മണ്ഡലം എംഎല്‍എ എന്ന നിലയില്‍ സി സി മുകുന്ദന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ നടത്തിയ വിലയിരുത്തലും ഏകകണ്ഠമായ അഭിപ്രായങ്ങളും പാര്‍ട്ടി ജില്ലാ കൗണ്‍സിലിലും ജില്ലാ എക്‌സിക്യുട്ടീവിലും ഉയര്‍ന്നുവന്ന ഏകകണ്ഠമായ അഭിപ്രായങ്ങളും വളരെ വിശദമായി പരിശോധിച്ചതിനുശേഷമാണ് ഇത്തവണ സി സി മുകുന്ദന്‍ നാട്ടിക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും പകരം, മുന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവുമായ ഗീത ഗോപി സ്ഥാനാര്‍ത്ഥിയാകണമെന്നും ആലോചിച്ചതും തീരുമാനമെടുത്തതും. പാര്‍ട്ടിയുടെ ദീര്‍ഘകാല പാരമ്പര്യവും പാര്‍ട്ടി അച്ചടക്കബോധവുമുള്ള ഒരു സഖാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് എടുത്ത തീരുമാനം അംഗീകരിക്കുന്നതിനുപകരം പാര്‍ട്ടി തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടിയെക്കുറിച്ച് വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചും പാര്‍ട്ടിയ്ക്കും എല്‍ഡിഎഫിനും എതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരസ്യമായി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത് അങ്ങേയറ്റം കടുത്ത അച്ചടക്കലംഘനമാണ്.
യോഗത്തില്‍ എം വി സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍, ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, കെ പി സന്ദീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന് സിപിഐ നാട്ടിക മണ്ഡലം സെക്രട്ടറി കെ എം കിഷോര്‍കുമാര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.