6 January 2026, Tuesday

Related news

December 30, 2025
December 28, 2025
December 26, 2025
December 23, 2025
December 23, 2025
December 4, 2025
December 2, 2025
November 30, 2025
November 30, 2025
November 29, 2025

ശ്രീലങ്ക ചുവന്നു; അനുര കുമാര ദിസനായകെ പ്രസിഡന്റ്

Janayugom Webdesk
കൊളംബോ
September 22, 2024 10:56 pm

ചുവന്ന തുരുത്തായി ശ്രീലങ്ക. ഇടതുപക്ഷത്ത് വിശ്വാസമര്‍പ്പിച്ച് ലങ്കന്‍ ജനത വിധിയെഴുതി. ഇടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവർ സ്ഥാനാര്‍ത്ഥിയും മാര്‍ക്സിസ്റ്റ് ജനത വിമുക്തി പെരമുന (ജെവിപി) നേതാവുമായ അനുര കുമാര ദിസനായകെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട വോട്ടെണ്ണലിലാണ് അനുര കുമാര ദിസനായകെ വിജയമുറപ്പിച്ചത്. ദ്വീപുരാഷ്ട്രത്തിന്റെ പത്താമത്തെ പ്രസിഡന്റാണ് 55കാരനായ ദിസനായകെ.
ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യഘട്ടത്തില്‍ വിജയത്തിന് ആവശ്യമായ 50ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ രണ്ടാംഘട്ട വോട്ടെണ്ണലിലേക്ക് കടക്കുന്നത്. ആദ്യഘട്ടത്തില്‍ ദിസനായകെയ്ക്ക് 56,34,915 വോട്ടുകളാണ് ലഭിച്ചത്. 42.31 ശതമാനം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 43,63,035 വോട്ടുകളാണ് (32.76 ശതമാനം) പ്രേമദാസ നേടിയത്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. 76 ശതമാനമായിരുന്നു പോളിങ്. 

ഈ വിജയം നമുക്കെല്ലാവര്‍ക്കുമുള്ളതാണെന്ന് ദിസനായകെ എക്സില്‍ കുറിച്ചു. നാളെ കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സ്ഥാനമേറ്റെടുക്കും. അഴിമതി തുടച്ചുനീക്കുക, സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ദിസനായകെ അധികാരത്തിലെത്തുന്നത്.
38 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ മുന്‍ഗണനാക്രമത്തിലാണ് വോട്ട്. ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതുപ്രകാരം കൂടുതൽ വോട്ടുനേടിയ രണ്ട് സ്ഥാനാർത്ഥികളൊഴികെ വിക്രമസിംഗെ ഉൾപ്പെടെയുള്ള മറ്റെല്ലാവരും വോട്ടെണ്ണലില്‍ നിന്ന് പുറത്തായി. പിന്നീട് പുറത്തായ സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണി വിജയിയെ നിശ്ചയിക്കുകയായിരുന്നു.
1982 മുതൽ ശ്രീലങ്കയിൽ നടന്ന എട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും ആദ്യ റൗണ്ടിൽ തന്നെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. 17 ദശലക്ഷം ലങ്കൻ പൗരന്മാർക്കായിരുന്നു ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അർഹത. 2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് സമാധാനപരമായായിരുന്നു. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തനായി രാഷ്ട്രീയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ ജനകീയ മുഖമായ ദിസനായകെയ്ക്കായി തൊഴിലാളികളും യുവാക്കളും സജീവമായി രംഗത്തിറങ്ങിയിരുന്നു.

2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് കേവലം മൂന്നുശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ശ്രീലങ്കയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ സർക്കാർ വീഴുകയും പ്രസിഡന്റ് ഗോതബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള ‘അരഗലയ’ പ്രസ്ഥാനമാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിനു ചുക്കാൻ പിടിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ വിജയത്തെതുടർന്നാണ് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.