18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
November 13, 2024
September 8, 2024
July 16, 2024
June 20, 2024
June 16, 2024
April 20, 2024
April 12, 2024
February 17, 2024

ആര്‍ക്ക് വേണമെങ്കിലും ഇവിഎം ഹാക്ക് ചെയ്യാം; പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇലോണ്‍ മസ്ക്

*പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് ഇലോണ്‍ മസ്ക്
*പിന്തുണച്ച് രാഹുല്‍ ഗാന്ധി; പ്രതിരോധിച്ച് രാജീവ് ചന്ദ്രശേഖര്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
June 16, 2024 10:27 pm

ഇലക്ട്രോണിക് വോട്ടിങ് മെഷീനെ (ഇവിഎം) സംബന്ധിച്ച് സ്പേസ് എക്സ്, ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക് ഉയര്‍ത്തിവിട്ട വിവാദം രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായി മാറുന്നു. വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള വലിയ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് ഇലോണ്‍ മസ്ക് ‘എക്സ്’ പോസ്റ്റിലൂടെ രംഗത്തുവന്നത്. പിന്നാലെ എതിര്‍വാദവുമായി മുന്‍ ഐടി മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും സമൂഹ മാധ്യമത്തിലെത്തി. ഇവിഎമ്മുകള്‍ എഐ സംവിധാനം വഴി ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല്‍ തന്നെ അവ റദ്ദാക്കണമെന്നും മസ്ക് സമൂഹമാധ്യമത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇവിഎം ഉപയോഗിക്കുന്നതിലൂടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കും. ഹാക്കിങ്ങിനുള്ള സാധ്യത അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പൂര്‍ണമായും ഉപേക്ഷിക്കണം. മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ അത് ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്. ചെറുതാണെങ്കിലും ആ സാധ്യത വളരെ വലുതാണെന്നും മസ്ക് കുറിച്ചു. 

എന്നാല്‍ ഇന്ത്യയിലെ ഇവിഎമ്മുകളില്‍ അത്തരത്തില്‍ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ഇന്ത്യന്‍ ഇവിഎമ്മുകള്‍ പ്രത്യേകമായി രൂപകല്പന ചെയ്തതാണെന്നായിരുന്നു മുന്‍ മന്ത്രിയുടെ വാദം. ഏതെങ്കിലും നെറ്റ്‌വര്‍ക്കില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ സുരക്ഷിതവും ഒറ്റപ്പെട്ടതുമാണവ. കണക്ടിവിറ്റി ഇല്ല, ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്‍നെറ്റ് എന്നിവ ഇല്ല. ഫാക്ടറി പ്രോഗ്രാം ചെയ്ത കണ്‍ട്രോളറുകള്‍ റീപ്രോഗ്രാം ചെയ്യാന്‍ കഴിയില്ലെന്നും മസ്കിന് മറുപടിയായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തൊട്ടുപിന്നാലെ രാജീവ് ചന്ദ്രശേഖറിന് മറുപടിയായി ‘എന്തും ഹാക്ക് ചെയ്യാം’ എന്ന് മസ്കിന്‍ പോസ്റ്റിട്ടു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, പ്യൂര്‍ട്ടോറിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച ഇവിഎമ്മുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടിയതിന് പിന്നാലെയായിരുന്നു മസ്കിന്റെ പ്രസ്താവന. 

ഇതിനിടെ മസ്കിന്റെ പ്രസ്താവനയോട് പ്രതികരിച്ച് വോട്ടിങ് മെഷീനുകള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയിലെ വോട്ടിങ് മെഷീനുകള്‍ ആര്‍ക്കും പരിശോധനക്കാനാകാത്ത ബ്ലാക്ക് ബോക്സുകളാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്‍ ഗുരുതര ആശങ്കകളുണ്ടെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെങ്കില്‍ ജനാധിപത്യം വലിയ നാണക്കേടായി മാറുമെന്നും രാഹുല്‍ പറഞ്ഞു. അതിനിടെ മുംബൈ നോർത്ത് വെസ്റ്റിൽ നിന്നുള്ള ശിവസേന (ഷിൻഡെ വിഭാഗം) എംപി രവീന്ദ്ര വൈയ്ക്കർ ഇവിഎം അൺലോക്ക് ചെയ്യാൻ ഫോൺ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാർത്തയും രാഹുൽ ഗാന്ധി പങ്കു വച്ചിട്ടുണ്ട്. വൈയ്ക്കറിന്റെ ബന്ധുവായ മങ്കേഷ് പണ്ടിൽക്കർ ഫോൺ ഉപയോഗിച്ച് ഇവിഎം അൺലോക്ക് ചെയ്തുവെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാതി നൽകിയിരുന്നു. തുടർന്ന് റിട്ടേണിങ് ഓഫിസർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. മണ്ഡലത്തിൽ വെറും 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈയ്ക്കറിന്റെ വിജയം. 

Eng­lish Summary:Anyone can hack EVMs; Elon Musk wants to give up completely
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.