സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനെ സിഎസ്ആർ ഡയറക്ടറായി നിയമിച്ചതിൽ ആർഎസ്എസ് അനുകൂല എൻജിഒ സംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ (എച്ച്ആർഡിഎസ്) കടുത്ത ഭിന്നത. വിവിധ സംസ്ഥാനങ്ങളിൽ ഗ്രാമീണ‑ആദിവാസി മേഖലകളിൽ പ്രവർത്തിച്ചുവരുന്ന എച്ച്ആർഡിഎസിന്റെ തൊടുപുഴയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വെള്ളിയാഴ്ചയാണ് സ്വപ്ന ജോലിയിൽ പ്രവേശിച്ചത്. ഇതിനു പിന്നാലെ സംഘടനയുടെ ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി എച്ച്ആർഡിഎസ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയും റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ എസ് കൃഷ്ണകുമാറാണ് ആദ്യം രംഗത്തെത്തിയത്. സ്വപ്നയ്ക്ക് ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ പങ്കില്ലെന്നുമായിരുന്നു കൃഷ്ണകുമാറിന്റെ പ്രസ്താവന. എന്നാൽ സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും സംഘടനയിൽ നിന്ന് ആറ് മാസം മുമ്പ് പുറത്താക്കിയ വ്യക്തിയാണ് കൃഷ്ണകുമാറെന്നും എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടറായ ബിജു കൃഷ്ണനും തിരിച്ചടിച്ചതോടെ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ എച്ച്ആർഡിഎസിന്റെ ഫൗണ്ടർ സെക്രട്ടറി അജി കൃഷ്ണനും ബിജു കൃഷ്ണന്റെ പ്രസ്താവനയെ അനുകൂലിച്ച് വാർത്താകുറിപ്പുമായി രംഗത്തെത്തിയതോടെ രംഗം കൊഴുത്തു. ഡോ. എസ് കൃഷ്ണകുമാർ എച്ച്ആർഡിഎസിന്റെ സ്വയം പ്രഖ്യാപിത ചെയർമാൻ എന്ന നിലയിൽ നടത്തുന്ന പ്രസ്താവനകൾ അവഗണിക്കണമെന്നും എസ് കൃഷ്ണകുമാറിന് എച്ച്ആർഡിഎസുമായി യാതൊരുവിധ ബന്ധങ്ങളും നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ വിവാദങ്ങൾ വേറെ തലത്തിലേക്കെത്തി.
കൃഷ്ണകുമാർ പ്രസിഡന്റായിരുന്ന കാലയളവിൽ അദ്ദേഹത്തിന്റെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി സംഘടനയുടെ ഫണ്ടിൽ നിന്ന് ലോൺ ആയി ഒന്നര കോടിയോളം രൂപ കൈപ്പറ്റിയതായും നിരവധി തവണ നേരിട്ടും രേഖാമൂലവും ആവശ്യപ്പെട്ടെങ്കിലും കിട്ടാത്തതിനാൽ 2021 ഫെബ്രുവരി 23ന് വക്കീൽ നോട്ടീസ് നൽകിയതായും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല കൃഷ്ണകുമാർ പ്രസിഡന്റായിരുന്ന സമയത്ത് എച്ച്ആർഡിഎസിൽ വരുന്ന മുഴുവൻ ഫണ്ടിന്റെയും 10ശതമാനം തുക വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും എച്ച്ആർഡിഎസിന്റെ ഫൗണ്ടർ സെക്രട്ടറി വെളിപ്പെടുത്തിയതോടെ സംഘടനയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും സംശയങ്ങൾ ഉയര്‍ന്നിട്ടുണ്ട്.
English Summary:Appointment of a swapna: A fight in the Sangh Parivar organization
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.