
കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയ അയോധ്യ, നോട്ടുനിരോധനം എന്നീ വിവാദ വിധികള്‍ പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചിലെ ജഡ്ജിമാരിലൊരാളായിരുന്ന റിട്ട. ജസ്റ്റിസ് എസ് അബ്ദുള്‍ നസീറും നാല് ബിജെപി നേതാക്കളും ഉള്‍പ്പെടെ ആറ് പേരെ ഗവര്‍ണര്‍മാരായി നിയമിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി, ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആര്‍ കെ മാത്തൂര്‍ എന്നിവരുടെ രാജി സ്വീകരിച്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഏഴ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി. ആര്‍എസ്എസ് നേതാവായ മുന്‍ കോയമ്പത്തൂര്‍ എംപി സി പി രാധാകൃഷ്ണന്‍ ഝാര്‍ഖണ്ഡിലും ബിജെപി നേതാക്കളായ രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ അസമിലും മുന്‍ കേന്ദ്ര മന്ത്രി ശിവ പ്രതാവ് ശുക്ല ഹിമാചല്‍പ്രദേശിലും നേരത്തെ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന രമേശ് ബയാസ് മഹാരാഷ്‌ട്രയിലും ഗവര്‍ണര്‍മാരാകും. റിട്ട. ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിനെ ആന്ധ്രയുടെയും ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ സിക്കിമിന്റെയും ഗവര്‍ണറാക്കി.
ജനുവരി നാലിന് വിരമിച്ച അബ്ദുള്‍ നസീറിന് 40-ാം ദിവസമാണ് ഗവര്‍ണര്‍ നിയമനം ലഭിക്കുന്നത്. ലെഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്കാണ് അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍. അരുണാചല്‍ പ്രദേശ് ഗവര്‍ണറായ ബ്രിഗേഡിയര്‍ ബി ഡി മിശ്രയെ ലഡാക്ക് ലെഫ്. ഗവര്‍ണറാക്കി. ഹിമാചല്‍ ഗവര്‍ണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാറിലും ഛത്തീസ്ഗഢ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യ മണിപ്പുരിലും ഗവര്‍ണര്‍മാരാകും. മണിപ്പുര്‍ ഗവര്‍ണര്‍ ലാ ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്ക് മാറ്റി. മോഡിക്ക് വേണ്ടി പണിയെടുത്തവരെല്ലാം ഗവര്‍ണര്‍മാരായെന്ന് പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പ്രതികരിച്ചു.
അയോധ്യയിലെ ബാബറി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്കി വിധി പുറപ്പെടുവിച്ച അഞ്ചംഗ സുപ്രീം കോടതി ബെഞ്ചില്‍ വിരമിച്ചശേഷം ഉന്നത പദവി ലഭിക്കുന്ന മൂന്നാമനാണ് റിട്ട. ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍. ബെഞ്ചിന്റെ അധ്യക്ഷനും ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജന്‍ ഗോഗോയ് 2019 നവംബറില്‍ വിരമിച്ച് മൂന്നുമാസങ്ങള്‍ക്കകം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബെഞ്ചിലെ മറ്റൊരു അംഗമായിരുന്ന അശോക് ഭൂഷണ്‍ 2021 ജൂലൈയിലാണ് വിരമിച്ചത്. അതേവര്‍ഷം നവംബറില്‍ അദ്ദേഹത്തെ നാഷണല്‍ കമ്പനി ലാ അപ്പലറ്റ് ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ചു. മറ്റൊരംഗമായിരുന്ന എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായ ഘട്ടത്തില്‍ ബിജെപി അനുകൂല പരിപാടികളിലും നേതാക്കളുടെ സ്വകാര്യ വിരുന്നുകളിലും പങ്കെടുത്തതിന് വിവാദത്തിലായിരുന്നുവെങ്കിലും വിരമിച്ച ശേഷം പ്രത്യേക പദവികള്‍ ലഭിച്ചിട്ടില്ല.
2017ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ സുപ്രിം കോടതിയിലെത്തുന്നത്. മുത്തലാഖ്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി മറ്റ് സുപ്രധാന വിധികളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2021ല്‍ സംഘ്പരിവാര്‍ സംഘടനയായ അഖില്‍ ഭാരതീയ അധിവക്ത പരിഷത് യോഗത്തില്‍ പങ്കെടുത്ത് നടത്തിയ ജസ്റ്റിസ് നസീറിന്റെ പ്രസംഗം വിവാദമായിരുന്നു. ഇന്ത്യയിലെ നിയമ വ്യവസ്ഥ കോളനിവാഴ്ചക്കാലത്തുണ്ടാക്കിയതാണെന്നും അത് മനുസ്മൃതി, കൗടില്യ ശാസ്ത്രം തുടങ്ങിയവയെ ഉള്‍ക്കൊണ്ട് പരിഷ്കരിക്കണമെന്നും ഇന്ത്യയിലെ ഭൂരിപക്ഷത്തിന് യോജിച്ചതല്ല നിയമവ്യവസ്ഥയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
English Summary: appointment of judges post retirement is threat to judiciary congress-leader-
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.