17 February 2026, Tuesday

Related news

February 8, 2026
February 7, 2026
February 5, 2026
February 1, 2026
January 28, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 14, 2026

സിയാൽ പുനരധിവാസ പദ്ധതിയ്ക്ക് അംഗീകാരം

Janayugom Webdesk
നെടുമ്പാശ്ശേരി
March 17, 2025 11:05 am

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനായി സ്ഥലമേറ്റെടുത്തപ്പോൾ വീടും പുരയിടവും നഷ്ടപ്പെട്ടവർക്കായി രൂപവത്ക്കരിച്ച രണ്ടാംഘട്ട പുനരധിവാസ പദ്ധതിയ്ക്ക് ഡയറക്ടർബോർഡ് അംഗീകാരം നൽകി. നേരത്തെയുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവർക്കാണ് രണ്ടാംഘട്ട പാക്കേജ് നടപ്പിലാക്കുന്നത്. സിയാൽ സബ് കമ്മറ്റി ചെയർമാൻ കൂടിയായ മന്ത്രി പി രാജീവ് മുൻകൈയെടുത്താണ് രണ്ടാംഘട്ട പാക്കേജിന് രൂപം നൽകിയത്. കൊച്ചി വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ തന്നെ പുരനധിവാസപാക്കേജ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പുനരധിവാസപാക്കേജ് നടപ്പിലാക്കിയിരുന്നത്. ഇത്തരം വിന്യാസം നടപ്പിലാക്കിയപ്പോൾ, നിരവധിപേർക്ക് കുറഞ്ഞവേതനമുള്ള കരാർ ജോലികളാണ് ലഭിച്ചിരുന്നത്. ഇവർക്കായി പാക്കേജിൽ മാറ്റംവരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ സിയാൽ പരിഗണിച്ചത്. ഇതിന്റെ ആദ്യഭാഗമായി, എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിൽ താരതമ്യേന കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർകാർഗോ കയറ്റിറക്ക് തൊഴിലാളി കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും. 

ഈ രംഗത്തെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും ആധുനിക ഭരണസംവിധാനത്തിന്റെ സഹായവും ഉറപ്പുവരുത്താനായി സിയാലിന്റെ മേൽനോട്ടത്തിൽ രണ്ട് വർഷം മുമ്പ് രൂപവത്ക്കരിച്ച സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്നവരും ശാരീരിക അവശതകളാൽ പ്രസ്തുത തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും സിയാലിന്റെ പ്രീ പെയ്ഡ് ടാക്സി സൊസൈറ്റിയിൽ പെർമിറ്റ് നൽകാനും തീരുമാനമായി. 25 പേർക്കാണ് ഈ അവസരം ലഭിക്കും. നിലവിൽ 650 പേർക്ക് ടാക്സി പെർമിറ്റുണ്ട്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കും. രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർക്കുകയും മന്ത്രി പി രാജീവ്, ഡയറക്ടർബോർഡിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയും ചെയ്തു. ടാക്സി സൊസൈറ്റിയും ഹെഡ്ലോഡ് വർക്കേഴ്സ് സഹകരണ സൊസൈറ്റിയും അഭിനന്ദനീയമായ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
ഇവയിലെ അംഗങ്ങൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. പുതിയ അംഗങ്ങൾക്കും ഈ അവസരമാണ് ലഭ്യമാകുക. ഇതിന് പുറമെ സിയാലിൽ തൊഴിലവസരങ്ങൾക്ക് പ്രാപ്തമാക്കാൻ സൗജന്യമായി നൈപുണ്യവികസന പരിശീലനം നടപ്പിലാക്കാനും ഡയറക്ടർബോർഡ് തീരുമാനിച്ചിട്ടുണ്ട്. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജൻ വി എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.