2 January 2026, Friday

Related news

December 30, 2025
December 5, 2025
November 29, 2025
November 16, 2025
November 3, 2025
October 31, 2025
October 19, 2025
October 12, 2025
October 11, 2025
September 21, 2025

അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടി ഇന്ന് ഖത്തറിൽ

Janayugom Webdesk
മനാമ
September 15, 2025 11:35 am

ഖത്തറിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഏകീകൃത നിലപാട് രൂപപ്പെടുത്താനായി നിർണായക അറബ്, ഇസ്‌ലാമിക രാഷ്ട്ര തലവൻമാരുടെ ഉച്ചകോടി ഇന്ന് ദോഹയിൽ ചേരും. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇസ്രായേൽ ആക്രമണം ഗുരുതരമായ ഭീഷണിയാണെന്ന് വിലയിരുത്തിയ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഉച്ചകോടിക്കുള്ള അന്തിമ അജണ്ടക്ക് രൂപം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ സേന ദോഹയിൽ വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥനുൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

ഉച്ചകോടിക്ക് മുന്നോടിയായി ഞായറാഴ്ച ചേർന്ന മന്ത്രിതല യോഗത്തിൽ ഇസ്രായേലിന്റെ നടപടികളെ അപലപിക്കുന്നതും ഖത്തറിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതുമായ പ്രമേയത്തിൻ്റെ കരട് തയ്യാറാക്കി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 57 അംഗ ഇസ്ലാമിക് സഹകരണ സംഘടനയിലെയും 22 അംഗ അറബ് ലീഗിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.

ഇസ്രായേലിനെതിരെ ശക്തമായ ഒരു കൂട്ടായ്മ രൂപീകരിക്കാനും ഗൾഫ് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ ഇന്നത്തെ ഉച്ചകോടിയിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയിലെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചും അതിന്റെ പ്രാദേശിക സുരക്ഷാ ഗ്യാരണ്ടികളെക്കുറിച്ചും പുനർവിചിന്തനം ചെയ്യാൻ മേഖല തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായി പുതിയ പ്രതിരോധ പങ്കാളിത്തം തേടുന്നതും ഉച്ചകോടിയുടെ അജണ്ടയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.