
ആറാട്ടുപുഴ പൂര പാടത്തെ വെള്ളക്കെട്ട് ഒഴിഞ്ഞു. വിശാലമായ പൂരപ്പാടം ആയിരത്തി നാനൂറ്റിനാല്പത്തി ഒന്നാമത് ആറാട്ടുപുഴ പൂരത്തിന് സജ്ജമാക്കി തുടങ്ങി. മധ്യകേരളത്തിലെ അതിപ്രശസ്തമായ പൂരത്തിന് ഇനി എട്ട് ദിവസമാണ് ബാക്കിയുളളത്. തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഒരു മാസം മുമ്പ് പാടം ഉഴുത് മറിച്ച് പൂരത്തിന് ഒരുക്കാറുണ്ട്. വെള്ളക്കെട്ട് കാരണമാണ് പണികൾ വൈകിയത്.
ആറാട്ടുപുഴ പൂരപ്പാടത്തുള്ള വെള്ളം വറ്റിക്കുന്നതിനും കനാൽ പോർച്ചയടക്കുന്നതിനുമുള്ള നടപടികൾ നടത്തിയത് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയാണ്. സർക്കാർ തലത്തിലുള്ള അപേക്ഷകൾ വിഫലമായപ്പോഴാണ് ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയർ തന്നെ പൂരം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഏകദേശം അഞ്ഞൂറ് മീറ്റർ നീളത്തിൽ കനാലിന്റെ ചോർച്ചയുള്ള ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തു. കൂടാതെ പാടത്തുണ്ടായിരുന്ന വെള്ളം വറ്റിക്കുന്നതിന് പാടത്തിനരികിൽ കൂടി വലിയ കാനയുണ്ടാക്കി. എഞ്ചിൻ വെച്ചാണ് വെള്ളം പമ്പുചെയ്ത് പാടം വറ്റിച്ചത്.
ഇപ്പോൾ പാടം ഉഴുതുമറിക്കുന്നതോടുകൂടി തറഞ്ഞു നിൽക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള സുഷിരങ്ങൾ തുറക്കുകയും ഈ സുഷിരങ്ങൾ വഴി വെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. കാലം തെറ്റി വരുന്ന വേനൽ മഴയിലും പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ഭൂമി ഉഴുതുമറിക്കുന്നത്. പൂരത്തിന്റെ പ്രധാന ആകർഷണവും ഭക്തിനിർഭരവുമായ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കുന്നത് ഈ പാടത്ത് വെച്ചാണ്. തൃപ്രയാർ തേവർ, ഊരകത്തമ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പുകൾ നടക്കുന്നതും അടുത്ത വർഷത്തെ പൂരം തിയ്യതി വിളംബരം ചെയ്യുന്നതും ഈ പാടത്തുവച്ചു തന്നെയാണ്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്.
പൂരം വെടിക്കെട്ടിന് അനുമതി
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് അനുമതിയായി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ജില്ലാ ഭരണകൂടത്തിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അപേക്ഷ നിരസിച്ചതിനെ തുടർന്ന് സമിതി ഹൈക്കോടതിയെ സമീപിച്ചു. സമിതിയുടെ വാദം കേട്ട ഹൈക്കോടതി തൃശൂർ ജില്ലാ ഭരണകൂടത്തിനോട് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി മാർച്ച് 28, ഏപ്രിൽ രണ്ട്, ഏപ്രിൽ മൂന്ന് തിയ്യതികളിൽ കരിമരുന്ന് പ്രയോഗത്തിന് അനുമതി നൽകാൻ ഉത്തരവിടുകയായിരുന്നു.
English Sammury: Thrissur Arattupuzha Pooram Preparations are underway
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.