
സംരക്ഷിത വനമേഖലയായ ആരവല്ലി പർവതനിരകളുടെ നിർവചനം മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പരിസ്ഥിതിലോല പ്രദേശമായ ആരവല്ലിയിൽ വൻതോതിൽ ഖനനം അനുവദിക്കാൻ ഈ നീക്കം കാരണമാകുമെന്ന പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കോടതി ഇടപെടൽ. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. കെ. മഹേശ്വരി, എ. ജി. മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.
ആരവല്ലി കുന്നുകളുടെ അതിർത്തികളും സ്വഭാവവും സംബന്ധിച്ച പുതിയ നിർവചനം കേന്ദ്രം അംഗീകരിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. പുതിയ മാനദണ്ഡങ്ങൾ പ്രകാരം പർവതനിരകളുടെ വലിയൊരു ഭാഗം വനഭൂമിയുടെ പരിധിയിൽ നിന്ന് പുറത്താകും. ഇത് ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആരവല്ലി നിരകളിൽ വൻതോതിലുള്ള ഖനനത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നു.
സുസ്ഥിരമായ ഖനന നയം രൂപീകരിക്കുന്നത് വരെ ആരവല്ലി മേഖലയിൽ പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു. മതിയായ ശാസ്ത്രീയ പഠനങ്ങളോ പൊതുജനങ്ങളുമായി ചർച്ചയോ നടത്താതെയാണ് കേന്ദ്ര സർക്കാർ നിർവചനത്തിൽ മാറ്റം വരുത്തിയതെന്നാണ് ആരോപണം. കോടതി ഉത്തരവിനെത്തുടർന്ന് പുതിയ ഖനന അനുമതികൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്.
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലെ വായു മലിനീകരണം തടയുന്നതിലും മരുഭൂമി വ്യാപനം പ്രതിരോധിക്കുന്നതിലും ആരവല്ലി പർവതനിരകൾ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഖനനം വ്യാപകമായാൽ ഈ സ്വാഭാവിക മതിൽ തകരുകയും മേഖലയിലെ ഭൂഗർഭ ജലനിരപ്പ് കുത്തനെ താഴുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഖനന മാഫിയകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നിയമങ്ങളിൽ ഇളവ് വരുത്തിയതെന്ന ആരോപണവും ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.