തൃശൂർ വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിനോദും ഭാര്യ നിഷയും പതിവായി വഴക്കിടാറുണ്ടെന്ന് അയൽക്കാരും ബന്ധുക്കളും പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയാണ് നിഷ. നിഷയുടെ ഫോൺ വിളിയെച്ചൊല്ലി ഭർത്താവ് വിനോദുമായി എന്നും പ്രശ്നമുണ്ടായിരുന്നു. വിനോദ് കൊല്ലപ്പെട്ട ദിവസവും നിഷയുടെ ഫോൺവിളിയെച്ചൊല്ലി തർക്കമുണ്ടായി. കൂലിപ്പണിക്കാരനായ വിനോദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നിഷ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇത് വിനോദ് ചോദ്യം ചെയ്തതോടെ ഫോണിനായി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബലപ്രയോഗത്തിലൂടെ നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ മൽപിടുത്തം നടന്നു. പിടിവലിക്കിടയിൽ നിഷയുടെ കൈപിടിച്ച് തിരിച്ചതിനാൽ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.
നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. നിഷ മുറിവ് അമർത്തിപ്പിടിച്ചതിനാൽ വിനോദിന് ആന്തരീക രക്തസ്രാവമുണ്ടായത് അപകടം ഗുരുതരമാക്കി. ഈ സമയം വീട്ടിലെത്തിയ വിനോദിന്റെ മാതാവിനോട് ഇക്കാര്യം മറച്ചുവെച്ച നിഷ ഒടുവിൽ രക്ത സ്രാവം നിലക്കാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ വിനോദ് മരിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിച്ചു.
തെളിവ് നശിപ്പിക്കാനും നിഷ ശ്രമിച്ചു. വിനോദ് ആശുപത്രി ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും രക്തം പുരണ്ട വിനോദിന്റെ വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം നിഷയെ കണ്ട് പ്രത്യേകാന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തപ്പോൾ ആദ്യമൊക്കെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടിൽ ഉറച്ചുനിന്ന ഇവർ ഒടുവിൽ നടന്ന സംഭവങ്ങൾ ഏറ്റുപറഞ്ഞതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
English Summary: Argument over phone call took husband’s life: Wife confessed to the crime during interrogation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.