27 മാസം പ്രായമുള്ള പെണ്‍കുട്ടി അരിഹയെ തിരിച്ചുനൽകണമെന്ന ഇന്ത്യൻ ദമ്പതിമാരുടെ ആവശ്യം ജര്‍മന്‍ കോടതി തള്ളി. കുട്ടിയുടെ സംരക്ഷണ ചുമതല ശിശുസംരക്ഷണ വകുപ്പിൽനിന്ന് യുവജന സേവന വിഭാഗത്തിന് കൈമാറി പാങ്കോവ് കോടതി ഉത്തരവിട്ടു. 2021 സെപ്റ്റംബറിലാണ് അരിഹയെ ജര്‍മന്‍ ശിശു സംരക്ഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തും ജനനേന്ദ്രീയ ഭാഗത്തുമുണ്ടായ മുറിവുകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ വിശദീകരണത്തില്‍ തൃപ്തിവരാത്തതിനെ തുടര്‍ന്നായിരുന്നു ജര്‍മന്‍ സര്‍ക്കാരിന്റെ നടപടി.
വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അരിഹയുടെ മാതാപിതാക്കൾ അറിയിച്ചു. ഇന്ത്യൻ സർക്കാര്‍ വിഷയത്തില്‍ ഇടപെടുമെന്ന് വിശ്വാസമുണ്ടെന്നും ഗുജറാത്ത് സ്വദേശികളായ ധാരായും ഭാവേഷ് ഷായും പറഞ്ഞു. കുട്ടിയുടെ കസ്റ്റഡി വിട്ടുകിട്ടണമെന്നാണ് മാതാപിതാക്കൾ ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഈ അപേക്ഷ പിൻവലിച്ചു. കുഞ്ഞിനെ തിരികെ നൽകുകയോ, ഇന്ത്യൻ വെൽഫെയർ സർവീസസിന് കൈമാറുകയോ, അഹമ്മദാബാദിലെ അശോക് ജെയിൻ നടത്തുന്ന ഫോസ്റ്റർ ഹോമിലേക്ക് മാറ്റുകയോ ചെയ്യണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.
ഇന്ത്യൻ പൗരനെന്ന നിലയിൽ രാജ്യത്ത് തിരികെ എത്തുകയെന്നത് അരിഹയുടെ അവകാശമാണെന്നും അതിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന് 59 ഇന്ത്യന്‍ എംപിമാര്‍ കത്തയച്ചിരുന്നു.2021 ഏപ്രിലിൽ കുട്ടി കുളിക്കുന്നതിനിടെ തലയിലും നടുവിലുമുണ്ടായ പരിക്ക്, അതേ വര്‍ഷം സെപ്റ്റംബറില്‍ ജനനേന്ദ്രിയത്തിനുണ്ടായ പരിക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽ നിന്ന് മാറ്റിതാമസിപ്പിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പിന്നീട് തെളിഞ്ഞെങ്കിലും തിരിച്ചുകൊടുക്കാൻ ജര്‍മൻ സർക്കാർ തയ്യാറായില്ല. സംശയം ഉന്നയിച്ച ഡോക്ടര്‍മാരും നിലപാട് തിരുത്തി. ഡിഎന്‍എ ടെസ്റ്റ് ഉൾപ്പെടെ നടത്തി പിതൃത്വം തെളിയിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ദേഹത്തുണ്ടായ മുറിവുകളെക്കുറിച്ചുള്ള അവ്യക്തതകളാണ് വിട്ടുകൊടുക്കാനുള്ള തടസമായി കോടതി ചൂണ്ടിക്കാണിക്കുന്നത്.
English Summary: Ariha was not released; The German Youth Service is responsible for protection
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.