23 December 2024, Monday
KSFE Galaxy Chits Banner 2

കണ്ണീര്‍പ്പുഴയിലെ കാപട്യമഹോത്സവം

ദേവിക
വാതിൽപ്പഴുതിലൂടെ
July 29, 2024 4:30 am

ത്യത്തോടടുക്കുമ്പോഴല്ലേ നാമെത്ര ദുര്‍ബലരാകുന്നതെന്ന് മനസിലാകുന്നത്. പതിമൂന്നു ദിവസം മുമ്പ് കര്‍ണാടകയില്‍ ഷിരൂരിലെ ഗംഗാവലിപ്പുഴയില്‍ മണ്ണിടിഞ്ഞുവീണു മലയാളിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ അടക്കം ഏതാനും പേരെ ഇതുവരെ കണ്ടെത്താനായില്ല. വിലപ്പെട്ട ഈ മനുഷ്യജീവനുകളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചത് മൂന്നാം ദിനം. കരസേനയും നാവികസേനയും ദുരന്തനിവാരണ സേനയുമടക്കം സകലമാന സേനകളും രംഗത്തിറങ്ങി. ഇക്കാര്യങ്ങളില്‍ വിദഗ്ധനെന്നു പറയപ്പെടുന്ന ഏതോ ഒരു കൂടിയ മേജര്‍ ജനറലിനെ തിരച്ചില്‍ ചുമതല ഏല്പിക്കുന്നു. അദ്ദേഹം ആജ്ഞാപിക്കുന്നു, ‘അഡ്വാന്‍സ്ഡ് ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് അണ്ടര്‍ഗ്രൗണ്ട് ഒബ്ജക്ട് ഡിറ്റക്ടര്‍’ കൊണ്ടുവരട്ടെ. ഉപകരണം ഡല്‍ഹിയില്‍ നിന്നും ഗോവവഴി പുഴയോരത്തു കൊണ്ടുവരുന്നു. അപ്പോഴാണറിയുന്നത് ബാറ്ററിയില്ലെന്ന്. ‍‍ഡല്‍ഹി നോയിഡയില്‍ നിന്ന് ബാറ്ററി കൊണ്ടുവരാന്‍ ശ്രമമായി. വിമാനത്തില്‍ ബാറ്ററി കയറ്റാനാവില്ലെന്ന്. ഒന്നര ദിവസം കഴിഞ്ഞ് തീവണ്ടിയില്‍ ബാറ്ററിയെത്തുന്നു. ബാറ്ററി ഘടിപ്പിച്ച യന്ത്രം നദിക്ക് മുകളില്‍ പറത്തിക്കളിക്കുന്ന മേജര്‍ ജനറല്‍ പറയുന്നു; ഇതുകൊണ്ട് കാര്യമില്ല. നദിയുടെ ഇരുകരകളിലും ബന്ധിപ്പിക്കുന്ന പോണ്‍ടൂണ്‍ പാലം കൊണ്ടു വാ. പാലം കൊണ്ടുവന്നപ്പോള്‍ ദേശീയപാതയിലെ റെയില്‍വേ ലെവല്‍ ക്രോസിലൂടെ കൃത്രിമ പാലം കടത്താനാവില്ലെന്ന്. യുദ്ധാവസ്ഥയില്‍ സേനകളുടെയും ആയുധങ്ങളുടെയും അതിശീഘ്രമുള്ള നീക്കത്തിനു നിര്‍മ്മിച്ച ദേശീയപാതയിലൂടെ ഒരു സൈക്കിള്‍ പോലും ലോറിയില്‍ കടത്തിക്കൊണ്ടുവരാനുള്ള നിര്‍മ്മാണ വൈകല്യം. 

അവിടെയും പ്രതിസന്ധിയായപ്പോള്‍ ഫൈബര്‍ഗ്ലാസ് ചങ്ങാടം വരട്ടെയെന്നു കല്പന. അതും പാലം കടക്കില്ലെന്ന്. വിലപ്പെട്ട മനുഷ്യജീവനുകള്‍ നദിയുടെ ആഴക്കയങ്ങളില്‍ പ്രാണനുവേണ്ടി കേഴുമ്പോഴാണ് ദിവസങ്ങള്‍ നീളുന്ന ഈ പരീക്ഷണ പൊറാട്ടുനാടകങ്ങളെന്നോര്‍ക്കുക. ആവനാഴിയിലെ ആയുധങ്ങളെല്ലാം തീര്‍ന്നപ്പോള്‍ അടുത്ത പരീക്ഷണം. നാടന്‍ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍മാല്‍പെയെ വിളിക്കൂ, അര്‍ജുന്റെ ജീവന്‍ രക്ഷിക്കൂ, ഇതിനിടെ അര്‍ജുനൊപ്പം ലോറി പുഴയിലമര്‍ന്നു, നാലു ഭാഗങ്ങള്‍ കണ്ടുപിടിച്ചെന്ന് അന്വേഷണ സംഘത്തലവന്‍. പാവം ഈശ്വര്‍ പല തവണ ഗംഗാവലിയുടെ അടിത്തട്ടില്‍ ജീവന്‍ പണയം വച്ചു മുങ്ങിത്തപ്പി. അവിടെയെല്ലാം കണ്ടത് കുറേ കമ്പികള്‍. കട്ടായമായി ലോറി അവിടെത്തന്നെയുണ്ടെന്നു പറയുന്ന അന്വേഷണസംഘം. ഈശ്വര്‍ പിന്നെയും മുങ്ങി അന്വേഷണ വിദഗ്ധര്‍ ലോഹഭാഗമുണ്ടെന്ന സ്ഥിരീകരിച്ചയിടങ്ങളില്‍ കണ്ടെത്തിയത് തടിക്കഷണങ്ങള്‍ മാത്രം.
ഇതാണ് നമ്മുടെ സേനകളുടെ വൈദഗ്ധ്യ അപാരത. അര്‍ജുന്റെ അമ്മ വിയോഗവ്യഥയില്‍ പറഞ്ഞുപോയി, ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അഭിമാനമായിരുന്നു എനിക്ക്. പക്ഷേ ഇവിടെയെന്തുപറ്റി. ഇതു കേട്ട സംഘ്പരിവാര്‍ സൈബര്‍ കടന്നലുകള്‍ പുത്രദുഃഖത്തിലാണ്ട ആ അമ്മയെ കടന്നാക്രമിക്കുന്നു. അമ്മയെ രാജ്യദ്രോഹി എന്ന ചാപ്പകുത്തി അധിക്ഷേപിക്കുന്നു. പതിമൂന്നാം ദിവസം ഇന്നലെയും തിരച്ചില്‍ വിഫലമായതോടെ അവസാനിപ്പിച്ചു. ഇതിനെയും തിരച്ചിലിനു വിജയസമാപ്തി എന്നു പറയണമോ. ഇതിനെല്ലാമിടയില്‍ ചില മലയാളം ചാനലുകള്‍ നടത്തിയ റിപ്പോര്‍ട്ടിങ് നമ്മെ നാണിപ്പിക്കുന്നു. സ്റ്റുഡിയോക്കുള്ളിലിരുന്ന് തത്സമയ റിപ്പോര്‍ട്ടിങ്. പശ്ചാത്തലം ഗംഗാവലിപ്പുഴയോരമാക്കി ചാനല്‍ മേധാവിയുടെ ചിത്രം മോര്‍ഫ് ചെയ്തു ചേര്‍ത്തുള്ള അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് കലാപരിപാടി. കേരളത്തിനു പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് പണ്ട് തമിഴ്‌നാട് പട്ടന്മാര്‍ ഇംഗ്ലീഷ് പറയുന്നതുപോലെ ‘അന്ത ഹോളിലേ സ്നേക്ക് ഇരുക്ക്, അവന്‍ ജംപ് ചെയ്ത് ബൈറ്റ് പണ്ണിയാല്‍ ഡത്ത് ഷുവറാകും’ എന്ന മട്ടിലുള്ള ഇംഗ്ലീഷ് റിപ്പോര്‍ട്ടിങ് നടത്തുന്ന മലയാളി ചാനല്‍ പുംഗവന്മാര്‍!

അനശ്വരപ്രതിഭയായ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഐഎഎസ് കഥകള്‍ നാം വായിച്ചിട്ടുണ്ട്. തന്റെ ഐഎഎസ് ജീവിതത്തിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ ഭൂമികകളിലേക്കായിരുന്നു അദ്ദേഹം നമ്മെ കൈപിടിച്ചു നടത്തിയത്. എന്നാല്‍ ഐഎഎസ് ജീവിതത്തിലെ കറുപ്പിന്റെ മാത്രം കാണാപ്പുറങ്ങള്‍ കാണിച്ചുതന്ന ചില സംഭവങ്ങളാണ് ഈയിടെയായി അനാവൃതമായിക്കൊണ്ടിരിക്കുന്നത്. ഒരു ഐഎഎസുകാരന്റെ ഭാര്യ ഈയിടെ ഒരു ഗുണ്ടാനേതാവുമായി ഒളിച്ചോടി. ഗുണ്ടയുമായുള്ള മധുവിധുകാലം കഴിഞ്ഞ് മടങ്ങിയെത്തിയത് കണവന്‍ ഐഎഎസിന്റെ ചാരത്ത്. ഈ ഏരിയയില്‍ കണ്ടുപോകരുതെന്ന് ഭര്‍ത്താവ്. തര്‍ക്ക സ്ഥലത്തുതന്നെ ആത്മഹത്യ ചെയ്ത് ഭാര്യ പകരം വീട്ടി. രാജസ്ഥാനിലെ ഒരു ഓഫിസിലെ തൂപ്പുകാരിയായിരുന്ന സുന്ദരിക്കുട്ടി അശ്രാന്തപരിശ്രമത്തിലൂടെ രാജസ്ഥാന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥയായി. കളക്ടറായി ചാര്‍ജെടുത്ത മൂന്നാം മാസം കൈക്കൂലിക്കേസില്‍ അകത്തായി. തൂപ്പുജോലിക്കാരിയായി ഒരു യുവതിക്ക് ജോലി നല്കിയതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്! കാലചക്രം ഇങ്ങനെയും ഉരുളുമെന്ന് ഒരു ജ്യോത്സ്യനെങ്കിലും പ്രവചിച്ചിട്ടുണ്ടോ. പൂനെക്കാരിയായ ഒരു ഐഎഎസ് ട്രെയിനിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും താരം. പേര് പൂജാ ഖേദ്കര്‍, പ്രായം 32. ഐഎഎസ് ലഭിച്ചുവെന്ന വാര്‍ത്ത വന്നതോടെ സമൂഹമാധ്യമത്തിലാകെ പൂജയുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞു. അര്‍ധനഗ്ന ചിത്രങ്ങളും സൗന്ദര്യമത്സരത്തിലെ വേഷങ്ങളണിഞ്ഞ പടങ്ങളും കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു. ഈ വേഷംകെട്ടല്‍ ശരിയല്ലെന്നു പറഞ്ഞയാളെ പൂജയുടെ തള്ളപ്പടി തോക്കുചൂണ്ടി വധഭീഷണി മുഴക്കി. ഇതേക്കുറിച്ചുള്ള അന്വേഷണം മകള്‍ പൂജയിലേക്കും നീണ്ടതോടെയല്ലേ കാര്യങ്ങള്‍ പുറത്തറിയുന്നത്. ശാരീരികമായി ഭിന്നശേഷിക്കാരിയാണെന്നും പിന്നാക്ക സമുദായക്കാരിയാണെന്നും കള്ള സര്‍ട്ടിഫിക്കറ്റുകൂടി നല്കിയാണ് ഈ ആനുകൂല്യങ്ങളുടെ മറവില്‍ ഐഎഎസ് അഡ്‌മിഷന്‍ തട്ടിയെടുത്തത്. തുടര്‍ന്ന് പൊലീസ് അന്വേഷണമായി, കേസായി, പുക്കാറായി. ഇത്രയുമായപ്പോള്‍ മസൂരിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയില്‍ നിന്നും അവധിയെടുത്ത് പൂജ മുങ്ങിനടപ്പാണിപ്പോള്‍, അവധി അപേക്ഷയിലും കള്ളം. പൂനെ ജില്ലാ കളക്ടര്‍ തന്നെ പീഡിപ്പിച്ചകേസില്‍ മൊഴി നല്കാന്‍ കോടതിയില്‍ പോകാനെന്ന അവധിക്കത്തു നല്കിയായിരുന്നു ഒളിവില്‍ പോയത്. ഇത്തരം കള്ളികളും കള്ളന്മാരും ഐഎഎസായാല്‍ രാജ്യം രക്ഷപ്പെടില്ലേ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.