ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് അർജുന്റെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകുമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ കെ ലക്ഷ്മിപ്രിയ. അതേസമയം ഡിഎൻഎ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല. അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.
ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണം.
കാർവാർ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. വാഹനത്തെ കർണാടക പൊലീസും അനുഗമിക്കും.
ബുധനാഴ്ച ഗംഗാവലി പുഴയിൽ നിന്ന് കണ്ടെടുത്ത ലോറി വ്യാഴായ്ച രാവിലെ കരയ്ക്കെത്തിച്ചു. കാബിൻ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിൽ കൂടുതൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ക്യാബിനിലെ ചെളിനീക്കിയപ്പോഴാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. ഇതും ഫോറൻസിക് പരിശോധനയ്ക്ക് ശേഷം അർജുന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാർവാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അർജുന്റെ വസ്ത്രങ്ങള്‍, രണ്ട് മൊബൈൽ ഫോണുകള്‍, വാച്ച്, ചെരുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം മകന് നൽകാനായി വാങ്ങിയ കളിപ്പാട്ടവുമുണ്ടായിരുന്നു. ഇവയെല്ലാം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് നൽകും. അർജുന്റെ വസ്തുക്കളെല്ലാം തന്നെ വീട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലം എത്തിക്കഴിഞ്ഞാലുടൻ മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ സ്വീകരിച്ചതായി കാർവാർ എസ്‌പി എം നാരായണ അറിയിച്ചു.
മംഗലാപുരം-ഗോവ ദേശീയപാത 66ൽ ജൂലൈ 16നാണ് കനത്ത മണ്ണിടിച്ചിലുണ്ടായത്. 71 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് മണ്ണിടിച്ചിലുണ്ടായ ദേശീയ പാതയോട് ചേർന്നൊഴുകുന്ന ഗംഗാവലി പുഴയിൽ നിന്ന് അർജുൻ ഓടിച്ചിരുന്ന ലോറി കണ്ടെടുത്തത്. കരയിൽ നിന്ന് 60 മീറ്റർ മാറി 12 മീറ്റര്‍ ആഴത്തിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ലോറിയുണ്ടായിരുന്നത്.
ഷിരൂരിലെ തിരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര‑സംസ്ഥാന സേനകളോടും രക്ഷാപ്രവര്‍ത്തകരോടും കേരളം കടപ്പെട്ടിരിക്കുന്നതായും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.