27 December 2025, Saturday

Related news

December 26, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025

പാകിസ്ഥാന് മുന്നറിയിപ്പുമായി കര, വ്യോമസേനാ മേധാവിമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 3, 2025 9:50 pm

അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കിയാല്‍ പാകിസ്ഥാന്‍ ലോക ഭുപടത്തില്‍ നിന്നും ഇല്ലാതാകുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആറ് വിമാനങ്ങള്‍ വെടിവച്ചിട്ടതായി വ്യോമ സേനാ മേധാവി.
സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ പടയൊരുക്കങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ നിലപാടുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സേനാ മേധാവിമാരുടെ മുന്നറിയിപ്പ്. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ അനൂപ്ഗഡില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി ഇനിയൊരു പ്രകോപനമുണ്ടായാല്‍ പാകിസ്ഥാന്‍ ലോക ഭൂപടത്തില്‍ നിന്നും ഇല്ലാതാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. സൈന്യം തയ്യാറെന്നും ഇതിനുള്ള കരുതല്‍ എപ്പോഴും വേണമെന്നും അദ്ദേഹം സൈനികരോട് ആഹ്വാനം ചെയ്തു.
93-ാം വ്യോമസേനാ ദിനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ ആറ് യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ് വ്യക്തമാക്കിയത്. പാക് വ്യോമ താവളങ്ങളില്‍ ഹാങ്ങറുകളില്‍ ഉണ്ടായിരുന്ന നാല് വിമാനങ്ങള്‍ക്കും ഓപ്പറേഷന്‍ സിന്ദൂറില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കാശ്മീരിലും പാകിസ്ഥാനിലുമുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് എതിരെ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നു. പാകിസ്ഥാന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലും ലക്ഷ്യം പൂര്‍ത്തീകരിച്ചതുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇടയാക്കിയത്. ഇന്ത്യ തകര്‍ത്ത വിമാനങ്ങളില്‍ അമേരിക്കയുടെ എഫ് 16, ചൈനീസ് നിര്‍മ്മിത ജെ 17 യുദ്ധവിമാനവും ഉള്‍പ്പെടുന്നു. അഞ്ച് യുദ്ധവിമാനങ്ങളും കര നാവിക വ്യോമ ആക്രമണ മുന്നറിയിപ്പ് നല്‍കുന്ന നിരീക്ഷണ വിമാനമായ അവാക്‌സും ഇതില്‍ ഉള്‍പ്പെടുന്നെന്നും സിങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.