23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 30, 2024
May 2, 2024
April 5, 2024
January 19, 2024
December 6, 2023
November 16, 2023
October 27, 2023
September 22, 2023
September 21, 2023
September 20, 2023

ചന്ദ്രനില്‍ ‘ഭൂമി’ വാങ്ങാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നൂറോളം ഇന്ത്യക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 3:01 pm

ചന്ദ്രനില്‍ സ്ഥലം വാങ്ങാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നൂറോളം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തോടെയാണ് ചന്ദ്രനിൽ ഒരു സെന്റ് ‘സ്ഥലംവാങ്ങാൻ’ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരക്ക് കൂട്ടുന്നത്. ചന്ദ്രനിൽ സ്ഥലം വിൽക്കുന്നെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റുകളിലാണ് ഈ തിരക്ക് കാണാനാകുക. കഴിഞ്ഞ ഒരുമാസത്തിനിടെ നൂറോളം ഇന്ത്യക്കാര്‍ ഇത്തരം വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽനിന്നുള്ള തിരക്ക് വർധിച്ചതിനാൽ പല വെബ്സൈറ്റുകളിലും ഡോളറിനൊപ്പം രൂപയിലും നിരക്ക് പ്രദർശിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞമാസം ചന്ദ്രയാൻ ദൗത്യം വിജയകരമായതോടെ ഇന്ത്യയിൽനിന്നുള്ള ധാരാളം ആളുകൾ ഗൂഗിളിൽ ചന്ദ്രനിൽ പ്ലോട്ട് തിരഞ്ഞുതുടങ്ങി. ഇക്കൂട്ടരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടാണ് ഇതിൽപ്പെടുന്നത്. വീട്ടിലെ ഒരു അലങ്കാരവസ്തു എന്നനിലയ്ക്ക് രേഖകൾ സ്വന്തമാക്കുന്നവരുമുണ്ട്. ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന മലയാളി ദമ്പതിമാർ കഴിഞ്ഞദിവസം ചന്ദ്രനിൽ അഞ്ചേക്കറാണ് ‘വാങ്ങി’യത്. ആലപ്പുഴ വള്ളികുന്നം സ്വദേശി പണിക്കശ്ശേരിൽ വിഷ്ണു കാർണവർ, ഭാര്യ കോട്ടയം മാന്തുരുത്തി സൂര്യഭവനിൽ സൂര്യലതയ്ക്ക് ഇത് സമ്മാനിക്കുകയായിരുന്നു. ഏക്കറിന് 43.76 യുഎസ് ഡോളറാണ്‌ (3638 രൂപ) വില. ഡോക്യുമെന്റ് പ്രോസസിങ് ഫീ ഉൾപ്പെടെ 20,937 രൂപ ചെലവായി.

ചന്ദ്രനിലെ സ്ഥലംവാങ്ങലിന് നിയമപരമായ സാധുതകളില്ലെന്നതാണ് വസ്തുത. ഇന്ത്യ ഉൾപ്പെടെ 109 രാജ്യങ്ങൾ ഒപ്പിട്ട, 1967ലെ അന്താരാഷ്ട്ര ബഹിരാകാശ ഉടമ്പടിപ്രകാരം ഒരു രാജ്യത്തിനും ചന്ദ്രനിൽ ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ല. എന്നാൽ, വ്യക്തികൾ വാങ്ങുന്നകാര്യം ഉടമ്പടി വ്യക്തമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചില അതിബുദ്ധിമാന്മാർ സ്വന്തമായി ചന്ദ്രനിൽ അവകാശം രജിസ്റ്റർ ചെയ്തുതുടങ്ങി. അവർ തങ്ങളുടെ സ്ഥലം മറിച്ചുവിൽക്കുന്നെന്ന് അവകാശപ്പെട്ടാണ് വിൽപ്പന ആരംഭിച്ചത്. ലൂണാർ രജിസ്ട്രി, കോസ്മിക് രജിസ്റ്റർ, മൂൺ എസ്റ്റേറ്റ്സ് എന്നിങ്ങനെ നിരവധി വെബ്സൈറ്റുകൾ ചന്ദ്രനിൽ പ്ലോട്ട് വിൽപ്പനയുമായി രംഗത്തുണ്ട്.

ബേ ഓഫ് റെയിൻബോസ്, സീ ഓഫ് റെയിൻസ്, ലേക്ക് ഓഫ് ഡ്രീംസ് തുടങ്ങിയ പേരിട്ടിരിക്കുന്ന ചന്ദ്രനിലെ ഭാഗങ്ങളിലാണ് സ്ഥലം തിരഞ്ഞെടുക്കാവുന്നത്. ഓൺലൈനായി കാശ് അടയ്ക്കാം. ചന്ദ്രനിലെ സ്ഥലം നമ്മുടെ പേരിലാക്കിയെന്ന് എഴുതിവെച്ചിരിക്കുന്ന രേഖകൾ അയച്ചുതരും. ചന്ദ്രനിലെ നമ്മുടെ സ്ഥലത്തിന്റെ സാറ്റലൈറ്റ് ഫോട്ടോ, ഭൗമസ്ഥാന വിവരങ്ങൾ, ലൂണാർ റിപ്പബ്ലിക്കിന്റെ പൗരത്വം, ഫ്ലൈ ട്രാൻസ് ലൂണാർ വിമാനടിക്കറ്റ് തുടങ്ങിയ സാങ്കല്പികരേഖകളും ഒപ്പം തരും. സാങ്കല്പികമായാണ് സ്ഥലം ലഭിക്കുക. പണം മുടക്കിയാൽ വെറും കടലാസുമാത്രമാണ് കിട്ടുന്നതെന്നതാണ് വസ്തുത.

Eng­lish Sum­ma­ry: Around 100 Indi­ans have so far reg­is­tered to buy ‘land’ on the moon

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.