
ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തില്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഒരു എംപിയുണ്ട്, അവരില്ല. രാജ്യസഭയില്‍നിന്നുള്ള എംപിമാരില്ല. ഇന്നലെ ലോക്‌സഭയില്‍ ബഹളംവെച്ചപ്പോള്‍, ഛത്തീസ്ഗഢില്‍നിന്നുള്ള ഒരു എംപി പ്രതികരിച്ചില്ല, ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റുചെയ്തത്. ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദനാ ഫ്രാന്‍സിസ് എന്നിവരാണ് ആറുദിവസമായി ജയിലില്‍ക്കഴിയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.