
ഛത്തീസ്ഗഢില്‍ മത പരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്ന ആവശ്യവുമായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) രംഗത്തെത്തി. കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ ആരോപിച്ചു. നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നും സിബിസിഐ അറിയിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്റംഗ്ദള്‍ ആകാമെന്നും രാജ്യ വിരുദ്ധരായ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് ആവശ്യപ്പെട്ടു. സഭാ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉടനടി വിഷയത്തില്‍ ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചുവെന്നും കന്യാസ്ത്രീകള്‍ക്ക് യാത്രാരേഖകളില്ലായിരുന്നുവെന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശാ പോള്‍ പ്രതികരിച്ചു. സംഭവത്തെ ഛത്തിസ്ഗഢിലെ കത്തോലിക്കാ സഭാ നേതൃത്വം അപലപിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രാസിയസ് പറഞ്ഞു.
തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ മനുഷ്യക്കടത്ത് നടത്തുകയാണെന്ന് ആരോപിച്ച് ബജ്റംഗ്ദളുകാര്‍ ഇവരെ തടഞ്ഞു വയ്ക്കുകയായിരുന്നു. ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹായത്തിനായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ജോലിക്കായാണ് പോകുന്നതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. കൂടാതെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയല്‍ രേഖകളും കാണിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബജ്റംഗ്ദള്‍ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്തു. കന്യാസ്ത്രീകൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കസ്റ്റഡിയിൽ എടുത്ത ശേഷം കന്യാസ്ത്രീകളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.Arrest of nuns: Protest strong
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.