
ലഡാക്കിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും പരിസ്ഥിതി — സന്നദ്ധപ്രവര്‍ത്തകനുമായ സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെ സിപിഐ ശക്തമായി അപലപിച്ചു.
ലഡാക്കിന്റെ സംസ്ഥാന പദവിക്കും ഭരണഘടനാ സംരക്ഷണത്തിനുമായി ജനാധിപത്യ ആവശ്യങ്ങള്‍ സമാധാനമായി ഉയര്‍ത്തുന്ന ഒരു പൗരനെതിരെ ഇത്തരത്തിലൊരു ശക്തമായ നിയമം പ്രയോഗിക്കുന്നത് അധികാര ദുര്‍വിനിയോഗമാണ്. സോനം വാങ്ചുകിനെയും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ട എല്ലാവരെയും ഉടനടി വിട്ടയയ്ക്കണമെന്നും അവര്‍ക്കെതിരെ കെട്ടിച്ചമച്ച എല്ലാ വ്യാജ കേസുകളും കുറ്റങ്ങളും നിരുപാധികം പിന്‍വലിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും പരിക്കേല്‍ക്കുന്നതിനും കാരണമായ പൊലീസ് വെടിവയ്പ് സംബന്ധിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണം. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഇവിടങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും കേന്ദ്രമാണ് ഉത്തരവാദി. അവരത് ഏറ്റെടുക്കണം.
ലഡാക്കില്‍ പ്രക്ഷോഭം നടത്തുന്ന എല്ലാ സംഘടനകളുമായും ചര്‍ച്ച ആരംഭിക്കാനും ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും ആത്മവിശ്വാസവും തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും സിപിഐ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.