
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആഴ്‌സനൽ. എവർട്ടണിന്റെ പുതിയ സ്റ്റേഡിയമായ ഹിൽ ഡിക്കിൻസണിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സ് വിജയിച്ചത്. വിക്ടർ ഗോയ്ക്കറസ് നേടിയ പെനാൽറ്റി ഗോളാണ് മത്സരത്തിൽ നിർണ്ണായകമായത്. മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു ആഴ്‌സനലിന്റെ വിജയഗോൾ പിറന്നത്. എവർട്ടൺ താരം ജെയ്ക്ക് ഒബ്രിയാന്റെ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി സ്വീഡിഷ് സ്ട്രൈക്കർ ഗോയ്ക്കറസ് മനോഹരമായി വലയിലെത്തിച്ചു. ഇതോടെ ക്രിസ്മസ് ദിനത്തിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായി തുടരാനും ആഴ്‌സനലിന് സാധിക്കും. രണ്ടാം പകുതിയിൽ ലിയാൻഡ്രോ ട്രൊസാർഡ്, മാർട്ടിൻ സുബിമെൻഡി എന്നിവരുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സനലിന്റെ ഗോൾ നേട്ടം ഒന്നിലൊതുക്കി.
മണിക്കൂറുകൾക്ക് മുൻപ് വെസ്റ്റ് ഹാമിനെ തോല്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും ഈ വിജയത്തോടെ ആഴ്‌സനൽ അത് തിരിച്ചുപിടിച്ചു. നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 12 വിജയങ്ങളുമായി 39 പോയിന്റാണ് ആഴ്‌സനലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 17 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണുള്ളത്. എവർട്ടൺ 24 പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ടോട്ടനം ഹോട്‌സ്പറിനെ വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.