19 November 2024, Tuesday
KSFE Galaxy Chits Banner 2

മാറുന്ന ഉത്തരേന്ത്യ

ഉമ അഭിലാഷ്
December 15, 2023 8:10 pm

ഇന്ത്യ മനുഷ്യഗോത്രത്തിന്റെ കളിത്തൊട്ടിലാണ്.
മനുഷ്യ ഭാഷണത്തിന്റെ ജന്മസ്ഥലമാണ്…
ചരിത്രത്തിന്റെ മാതാവാണ്..
ഇതിഹാസത്തിന്റെ മുത്തശ്ശിയാണ്…
ആചാരങ്ങളുടെ മുതുമുത്തശ്ശിയാണ്…
-മാർക്ക് ട്വൈൻ

ചില കാര്യങ്ങൾ നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല എന്ന് കേട്ടിട്ടില്ലേ? അങ്ങനെ തന്നെയാണ് എന്റെ ഉത്തരേന്ത്യൻ യാത്രകളും. ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്… ഓരോ യാത്ര അവസാനിക്കുമ്പോഴും എന്നിൽ ഒരു നിശ്ശബ്ദ പ്രാർത്ഥന ഉടലെടുക്കും. വേഗം തന്നെ ഒരുതവണ കൂടി ഇവിടം കാണാനുള്ള അവസരം ഉണ്ടാകണമേയെന്ന്. മൂന്നും അത്രയും പ്രിയപ്പെട്ട ഇടങ്ങൾ.

 

 

യാത്രകളിലാണല്ലോ ഒരു നാടിന്റെ മാറ്റം നമുക്ക് എളുപ്പത്തിൽ മനസ്സിലാകുന്നത്. ഈ സംസ്ഥാനങ്ങളിൽ മുമ്പ് യാത്ര ചെയ്തിരുന്നതും ഇന്ന് യാത്ര ചെയ്യുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. വർധിച്ചുവരുന്ന ഹിന്ദു ദേശീയവാദം നമുക്ക് പ്രത്യക്ഷത്തിൽ അറിയാൻ കഴിയും. ഭീമമായ വിലക്കയറ്റത്തിനും ഏറിവരുന്ന ദാരിദ്ര്യത്തിനും അടച്ചുപൂട്ടുന്ന തൊഴിൽമേഖലകൾക്കുമെല്ലാം എതിരെ ഉയരുന്ന പ്രക്ഷോഭങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ഗൂഢതന്ത്രമായി ഹിന്ദുത്വവാദത്തെ ഉപയോഗിക്കുകയാണ് ബിജെപി സർക്കാർ. അതോടൊപ്പം ഇതെല്ലാം മനസ്സിലാക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ ലഭിക്കുന്നതിൽ നിന്നും ജനങ്ങളെ തടയുകയും ചെയ്യുന്നു.

 

ആദ്യകാലങ്ങളിൽ ഇവിടങ്ങൾ സന്ദർശിക്കുമ്പോൾ നമ്മളെ കാണുന്ന മനുഷ്യർ “നമസ്തേ” എന്നാണ് അഭിവാദ്യം ചെയ്തിരുന്നതെങ്കിൽ ഇന്നവർ “ജയ് ശ്രീറാം” എന്നാണ് പറയുന്നത്. അവിടെയാണ് സംഘപരിവാർ നടപ്പിലാക്കിയ അജണ്ട വിജയിക്കുന്നത്. “ഹിന്ദു” എന്ന് ഭൂരിപക്ഷം വാഹനങ്ങളുടെയും പിന്നിൽ എഴുതിവെച്ചിരിക്കുന്നത് കാണാം. ഒരു പ്രത്യേകതരം ദേശീയത ആഘോഷമാക്കിയവരും ആയുധമാക്കിയവരും… അതുതന്നെയാണ് സംഘപരിവാറിന്റെ ആഗ്രഹവും. മനുഷ്യരെ മതങ്ങളുടെ പേരിൽ വേർതിരിക്കുക. ചാപ്പ കുത്തുന്നതുപോലെ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ പേരിൽ മനുഷ്യർ തിരിച്ചറിയപ്പെടുക. അങ്ങനെ ചാപ്പകുത്ത് പൂർണ്ണമാവുന്ന ഒരു കാലം വരുമ്പോൾ ആക്രമിക്കാനും കീഴടക്കാനും എളുപ്പമാകുമല്ലോ. ആ കാലം ആസന്നമാണ് താനും.

 

 

കഴിഞ്ഞ യാത്രയിൽ ഉത്തർപ്രദേശിലെ കാശി സന്ദർശിച്ചു. 5000 വർഷം പ്രായം കണക്കാക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരമാണിത്. കാശിയെന്ന വാരണാസി പുരാതനമെങ്കിലും അനശ്വരമായി നിലകൊള്ളുന്നു. സമ്പന്നമായ ഭൂതകാലമാണ് ഇതിന്റെ പെരുമയും ഗരിമയും. വാരണാസി മുഖം മിനുക്കുന്ന തിരക്കിലാണ്. ബഹുനിലക്കെട്ടിടങ്ങൾ, മാളുകൾ, ബ്രാൻഡഡ് കമ്പനികളുടെ ഔട്ട്ലെറ്റുകൾ… ഇൻഫ്രാ സ്ട്രെക്ചറിൽ എത്രയൊക്കെ മുന്നേറുമ്പോഴും തെരുവിൽ ജീവിതങ്ങൾ കിതയ്ക്കുക തന്നെയാണ്.

 

 

ഹരിശ്ചന്ദ്ര ഘട്ടിൽ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് കൊളുത്തിവെച്ച തീയെരിയുന്നു. കലങ്ങിയൊഴുകുന്ന ഗംഗയിൽ മുക്കിയെടുത്ത വെള്ളപുതച്ച മൃതദേഹങ്ങളിൽ അതുപടരുന്നു. വൈതരണി കടത്തേണ്ട വഞ്ചിക്കാരനു മുമ്പേ വിറകുകളുമായി വഞ്ചികൾ ഘട്ടിന്റെ കടവിൽ ഊഴമിട്ടു നിൽക്കുന്നു. മരണം ഇവിടെ നിർവികാരമായി നടക്കുന്ന ഒരു വ്യയം മാത്രമാവുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള പുരാതന കെട്ടിടങ്ങളിലെല്ലാം സന്യാസിമാരും മറ്റും ശൈവാരാധന നടത്തുന്ന ഇടങ്ങളാണ്. ഗംഗയിൽ നിന്നും ക്ഷേത്രത്തിലേക്ക് പുതുതായി നിർമ്മിച്ച കാശി വിശ്വനാഥ് കോറിഡോറിനു വേണ്ടി ഇത്തരം എത്ര കുഞ്ഞുക്ഷേത്രങ്ങൾ നിശ്ശബ്ദമായി പൊളിക്കപ്പെട്ടു കാണുമെന്ന് ഞാൻ ചിന്തിച്ചു. ഏതെങ്കിലും പളളിയിൽ ശിവലിംഗ സമാനമായ എന്തെങ്കിലും വസ്തു കണ്ടെത്തിയാൽ കോലാഹലമുണ്ടാക്കുന്ന അതേ നാട്ടിൽ തന്നെയാണ് ഇത് നടക്കുന്നതെന്നതാണ് വിരോധാഭാസം.

 

 

 

ആയിരങ്ങൾ കാണികളാവുന്ന വർണ്ണാഭമായ ഗംഗാ ആരതിയുടെ ആരവങ്ങൾ എത്തിച്ചേരാതെ ഘട്ടുകൾ നിശ്ശബ്ദമായി കിടക്കുന്നു. കാശിയുടെ ഗലികൾ ഇടുങ്ങിയിടുങ്ങി കൈവഴികളായി പിരിഞ്ഞുപോവുന്നു. പഴമ മണക്കുന്ന ഇടുക്കുവഴികളിൽ കച്ചവടശാലകൾ നിറയെ കാണാം. തുണിത്തരങ്ങൾ, ആഭരണങ്ങൾ, മധുരപലഹാരങ്ങൾ, പലവ്യഞ്ജനങ്ങൾ… ചിതപ്പുക മണക്കുന്ന ഈ ചുവരുകൾക്കപ്പുറം ജീവിതങ്ങളുമുണ്ട്. അടുത്ത ഇലക്ഷന് ബി.ജെ.പി വിജയിക്കേണ്ടതിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ഒരു പദ്ധതി തയാറാക്കിയിട്ടുള്ള ഇടം കാശിയാണ്. കാരണം, അവിടെയും അമ്പലത്തിനോട് ചേർന്ന് ഒരു മുസ്ലിം പള്ളി ഉണ്ട്. ആദ്യകാലത്ത് അവിടെ ചെല്ലുമ്പോൾ ആ പള്ളിയും അമ്പലവും തമ്മിൽ വേർതിരിച്ചിരുന്നത് ഒരു സാധാരണ വേലി കൊണ്ടായിരുന്നു. അമ്പലത്തിൽ നിന്നാൽ ആ പള്ളി നല്ലതുപോലെ കാണാമായിരുന്നു. എന്നാൽ, ഇപ്പോൾ ഇവ തമ്മിൽ വേർതിരിച്ചിരിക്കുന്നത് ഒരു വലിയ മതിലുകൊണ്ടാണ്. മോശപ്പെട്ടതൊന്നും സംഭവിക്കാതിരിക്കട്ടെ.

ദേവാലയങ്ങൾ മോടി പിടിപ്പിക്കാൻ ചെലവാക്കുന്നതിന്റെ ചെറിയൊരംശം തുക പോലും വേണ്ട, ഭക്ഷണത്തിനു വേണ്ടി ഇരന്നുകൊണ്ട് റോഡിൽ നടക്കുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാൻ… ഭക്തർ എറിഞ്ഞുകളഞ്ഞ നാണയത്തുട്ടുകൾക്ക് വേണ്ടി ഗംഗയിൽ മുങ്ങിത്തപ്പുന്ന കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ… പന്നികളെ പോലെ വഴിയരികിൽ ജീവിച്ചുതീരുന്ന മനുഷ്യർക്ക് അൽപ്പം കൂടി മികച്ച ജീവിതം നൽകാൻ…

 

 

പക്ഷേ, അതിലൊന്നും ശ്രദ്ധിക്കാതെ, മതത്തിനു വേണ്ടി മാത്രം കോടികൾ ചെലവാക്കുകയാണ് ഭരണകൂടം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരിക്കലും ഇല്ലാത്തവിധം മതത്തിന് പ്രാധാന്യം കൊടുക്കുന്ന ജനങ്ങളും ഭരണകൂടവും. ജീവിക്കാൻ പേടിയാകുന്ന കാലഘട്ടം. ബീഹാറിൽ താമസിക്കാൻ സൗകര്യം ലഭിച്ചത് ഒരു മുസ്ലിം കുടുംബത്തിലായിരുന്നു. ഈ ഭാഗത്തൊന്നും ഒരു ഹിന്ദു കുടുംബം പോലും ഇല്ല. ഇവിടെ ഇങ്ങനെയാണ്. മുസ്ലിങ്ങൾ താമസിക്കുന്ന ഏരിയയിൽ മുസ്ലിങ്ങൾ മാത്രം. അവരുമായുള്ള സംസാരത്തിനിടെ, അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ വന്നു. സ്വാഭാവികമായും ഞാൻ ചോദിച്ചു. “നിങ്ങളെ ഇത് വേദനിപ്പിക്കുന്നുണ്ടോ?”

“എന്ത് വേദന? ഞങ്ങൾ ഞങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനാണ് ആലോചിക്കുന്നത്. മികച്ച വിദ്യാഭ്യാസം ലഭിച്ചുകഴിഞ്ഞാൽ അവർ നല്ല ജോലിയിൽ എത്തും. അതോടെ അവർ തെരുവിൽ കൊല്ലപ്പെടുകയില്ല. അവർക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകും. ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നത് മാത്രമാണ്.”

എത്രമാത്രം പക്വതയുള്ള മറുപടിയാണത്. എന്തൊരു പക്വതയുള്ള ആലോചനയും തീരുമാനവുമാണവരുടേത്. മതം വിറ്റുതിന്നാനോ മതം ആലോചിച്ച് വഴക്കിടാനോ സമയമില്ലാത്ത മനുഷ്യർ. പക്ഷേ, തിരികെ അവരോട് കാണിക്കുന്ന നീതികേട് എത്ര വലുതാണ്. ക്ഷേമരാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഈ രാജ്യത്തെ അവസാനത്തെയാൾക്കും മാന്യമായ ഇടം കിട്ടുന്ന അനുഭവ’മെന്നായിരുന്നു മഹാത്മാവിന്‍റെ മറുപടി. അങ്ങനെയൊരു കാലം ഇനി ഉണ്ടാകുമോ എന്ന് അറിയില്ലെങ്കിലും ജനാധിപത്യ ഇന്ത്യയിൽ അങ്ങനെയൊരു വരുംകാലമുണ്ടാകും എന്നുതന്നെ ഞാൻ ആഗ്രഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.