
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂരിന്റെ ലേഖനത്തെ വിമര്‍ശിച്ച് കെ മുരളീധരന്‍. തരൂരിന്റെ കുടുംബാധിപത്യത്തിനെതിരായ ലേഖനമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്.നെഹ്റു കുടുംബത്തെ അടക്കം പരാമര്‍ശിച്ചു കൊണ്ട് പ്രൊജക്ട് സിന്‍ഡിക്കേറ്റിലാണ് ശശി തരൂര്‍ കുടുംബവാഴ്ചയ്‌ക്കെതിരെ ലേഖനമെഴുതിയത്. നെഹ്റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ളവരെ ലേഖനത്തില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്.
പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല എന്നും തരൂര്‍ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ലേഖനം പറയുന്നു.
പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി, ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാര്‍ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവര്‍ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം കൂടി വേണമെന്നും തരൂര്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു. ലേഖനം വന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിഷേധം അറിയിച്ചു.കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല. തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടത് .
ശശി തരൂരിനെതിരെ കോണ്‍ഗ്രസിന്റെ വിവിധ തട്ടിലുള്ള നേതാക്കള്‍ പ്രതിഷേധമായി രംഗത്തു വന്നിരുന്നു. ഭാരതത്തിൽ 18 തികഞ്ഞ ഏതൊരു പൗരനും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ആരുടെയും ബാക് ഡോർ എൻട്രി അല്ല. നെഹ്റു കുടുംബത്തിലുള്ളവരും തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് രംഗത്ത് വന്നത്. ആരും ഓട് പൊളിച്ചല്ല ലോക്സഭയിൽ എത്തിയത്. ജനങ്ങൾ വോട്ട് ചെയ്തിട്ടാണെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടത് .യോഗ്യനാണെന്ന് വോട്ടർമാർക്ക് തോന്നിയത് കൊണ്ടാണ് ഞാൻ ജയിച്ചത്. നെഹ്റു കുടുംബത്തിലെ പലരും തെരഞ്ഞെടുപ്പ് വിജയിച്ച് രംഗത്ത് വന്നവർ തന്നെയാണ്. കോർപറേഷൻ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ളതിനാൽ തരൂരിന്റെ ലേഖനം വായിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.