3 December 2024, Tuesday
KSFE Galaxy Chits Banner 2

കരയുന്നോ സഭ ചിരിക്കുന്നോ

വാതിൽപ്പഴുതിലൂടെ
ദേവിക
August 18, 2021 5:45 am

ന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നവര്‍ ആരാെക്കെയാണെന്ന ഗൗരവചര്‍ച്ചകള്‍ ആണല്ലോ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാളിനെ സജീവമാക്കിയത്. വാഗ്വാദങ്ങള്‍, തലതിരിച്ചു കൊടി ഉയര്‍ത്തലുകള്‍, ത്രിവര്‍ണ പതാക ഉയര്‍ത്തിയപ്പോള്‍ പൊക്കം ഒരിഞ്ചു കുറഞ്ഞുപോയെന്ന വിവാദം, മൊബെെലില്‍ നോക്കി ജനഗണമന പാടുന്ന കേന്ദ്രമന്ത്രി മുരളീധരന്‍… അങ്ങനെ എന്തെല്ലാം സ്വാതന്ത്ര്യദിന കലാപരിപാടികള്‍. ഇന്ത്യക്ക് ആരാണ് സ്വാതന്ത്ര്യം വാങ്ങിത്തന്നതെന്ന് ജനപ്രതിനിധി സഭാ രേഖകള്‍ നോക്കി തിട്ടപ്പെടുത്താവുന്നതല്ലേയുള്ളു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലം. നായനാരാണെങ്കില്‍ ഒരുകെട്ട് ഇംഗ്ലീഷ് പത്രങ്ങളുമായി ഒരു ഒന്നൊന്നര വരവാണ്. തന്റെ വാദഗതികള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഓരോ പത്രത്താളുകളും മറിച്ച് പിന്നെ ഒരു ഉദ്ധരണി പുഴയൊഴുക്കലാണ്; ‘വാഷിങ്ടണ്‍ പോസ്റ്റില്‍ ഇതു കണ്ടോടോ, ന്യൂയോര്‍ക്ക് ടെെംസില്‍ അതു കണ്ടോടോ, ടെെംസ് ഓഫ് ഇന്ത്യ വായിക്കണം. അതിനൊക്കെ ഇംഗ്ലീഷില്‍ വിവരം വേണമെടോ.’ നായനാര്‍ ഇത്രയും പറഞ്ഞുതീരും മുമ്പ് ലീഗിലെ പി സീതി ഹാജി ചാടിയെണീറ്റു. നോട്ടം നായനാരിലേക്കല്ല.

പ്രതിപക്ഷ നേതാവ് കെ കരുണാകരനിലേക്ക്. ‘ലീഡറേ, ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത് നിങ്ങളുടെ ഗാന്ധിജിയും നെഹ്രുവും മൗലാനാ ആസാദും രാജേന്ദ്രപ്രസാദും ഒക്കെ ചേര്‍ന്നല്ല. ഞാനും നായനാരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയത്. ഞങ്ങള്‍ രണ്ടുപേരും ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയതോടെ ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലെന്നു പറഞ്ഞ് ബ്രിട്ടീഷുകാര്‍ നാട്ടിലേക്ക് പാഞ്ഞുവെന്നല്ലേ ചരിത്രം. അല്ലേ നായനാരേ!’ സീതി ഹാജി പറഞ്ഞുനിര്‍ത്തിയതോടെ സഭ കൂട്ടച്ചിരിയില്‍ ആറാടി. ഡസ്ക്കിലടിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചാര്‍ത്തത് നായനാര്‍. ഇപ്പോഴത്തെ സഭയില്‍ ഇത്തരമൊരു തമാശ പോരേ കൂട്ടയടിക്ക്. സീതിഹാജിക്കാണെങ്കില്‍ കമ്മ്യൂണിസത്തോടും അരിവാളിനോടും കട്ടക്കലിപ്പാണ്. ‘എന്റെ പടച്ചോനെ, ഈ അരിവാള്‍ എന്ന ഇബിലീസ് ഇവിടെ മാത്രമേ ഉള്ളൂവെന്നാണ് ഞാന്‍ കരുതിയത്. ഈയിടെ ഞാന്‍ ദുബായില്‍ വിമാനമിറങ്ങിയപ്പോള്‍ അവിടെ ഇംഗ്ലീഷില്‍ അരിവാള്‍ (Arrival) എന്നെഴുതിവച്ചിരിക്കുന്നു. പിന്നൊരിക്കല്‍ താനും സി എച്ച് മുഹമ്മദുകോയയും കൂടി ലണ്ടനില്‍ പോയ കഥയും സീതിഹാജി സഭയില്‍ വിവരിച്ചു. ‘തിരിച്ചെത്തി ഞാനും സി എച്ച് സാഹിബും മാനാഞ്ചിറ മെെതാനം വഴി നോക്കുമ്പോള്‍ ചുറ്റും പോസ്റ്റര്‍ പ്രളയം. ‘മണ്ടന്മാര്‍ ലണ്ടനില്‍’ എന്നെഴുതിയ പോസ്റ്റര്‍. ഞങ്ങളൊന്ന് ലണ്ടനില്‍ പോയതിന് ഇത്തരം പോസ്റ്റര്‍ വേണമായിരുന്നോ സര്‍. ‘ഇതുകേട്ട് തലയറഞ്ഞു ചിരിച്ചത് സി എച്ച്. ‘മണ്ടന്മാര്‍ ലണ്ടനില്‍’‍ എന്ന സിനിമ ഇറങ്ങിയ കാലമായിരുന്നു അത്. ഒന്നാം കേരള നിയമസഭയുടെ കാലത്ത് തോപ്പില്‍ ഭാസി പ്രസംഗിക്കുന്നു. വിഷയം വയലേലകളിലെ ചാഴി ശല്യം. പുലിയന്നൂരില്‍ നിന്നുള്ള ജോസഫ് ചാഴിക്കാടന്‍ പ്രതിപക്ഷ മെമ്പര്‍. ഭാസിയുടെ പ്രസംഗം കൊണ്ടുകയറി. ‘പുലിയന്നൂരിലാണ് ഏറ്റവുമധികം ചാഴിശല്യം സര്‍.’ ചാഴിക്കാടന്‍ എണീറ്റു പറഞ്ഞു, ‘ഈ ചാഴി ആ തോപ്പില്‍ കയറില്ല.’ എന്തേ നമ്മുടെ നിയമസഭ ഫലിതം മറന്നുപോയത്. ഫലിതം പറഞ്ഞവരെയെല്ലാം ജനം നിയമസഭയിലേക്കു തുടര്‍ച്ചയായി ജയിപ്പിച്ചിട്ടുണ്ടെന്ന് ചരിത്രം. പക്ഷേ ഫെസ്ബുക്കിലും വാട്സ്ആപ്പിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കിടിലന്‍ തമാശകള്‍ പറയുന്ന യുവ എംഎല്‍എമാര്‍ക്കുപോലും സഭയിലെത്തിയാല്‍ ഫലിതം പറയാന്‍ ഒരു ജാള്യത. അടൂര്‍ഭാസിയോ ജഗതിയോ ഇന്നസെന്റോ എന്നു മുദ്രകുത്തി ജനം തോല്പിച്ചുകളയുമോ എന്ന പേടി. അങ്ങനെ കേരള നിയമസഭയുടെ മറ്റൊരു സമ്മേളനംകൂടി കഴിഞ്ഞു. അപ്പോള്‍ ഒരു ചിന്ത. എന്തേ നിയമസഭയൊന്നു ചിരിക്കാത്തേ. എന്തേ സഭയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിച്ചിതറാത്തേ.

പണ്ടൊക്കെ നിയമസഭാസമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സഭാംഗങ്ങള്‍ ബലം പിടിച്ചിരിക്കാറില്ല. തര്യതു കുഞ്ഞിത്തൊമ്മനും ജോസഫ് ചാഴിക്കാടനും തോപ്പില്‍ ഭാസിയും കൊളാടി ഗോവിന്ദന്‍കുട്ടിയും മുതല്‍ ഇങ്ങ് ഇ കെ നായനാരും പി സീതി ഹാജിയും വരെ നീണ്ടുകിടന്ന ഫലിതപ്രിയന്മാരുടെ വംശം കുറ്റിയറ്റുപോയ അവസ്ഥ. ഡസ്കിലടി, നടുത്തളത്തിലിറങ്ങല്‍, പ്രതിഷേധ ബാനറുകള്‍, അപസ്വരങ്ങള്‍, മുദ്രാവാക്യനിര്‍ഘോഷം തുടങ്ങിയ കലാപരിപാടികളിലൂടെ ഞരമ്പു ത്രസിപ്പിക്കുന്ന രംഗങ്ങള്‍. കഴിഞ്ഞ മൂന്നുനാലു സഭകളുടെ അവസ്ഥയാണിത്. സംഘര്‍ഷം അയയുന്നതിന് കാല്‍ കഴഞ്ച് തമാശപോലുമില്ല. ഇതിനിടെയാണ് തെല്ലൊരു വെള്ളിരേഖപോലെ സിനിമയിലെ ഹാസ്യനടന്‍ കൂടിയായ കൊല്ലം എംഎല്‍എ മുകേഷിന്റെ അവതാരം. സഭയില്‍ ഒരു തമാശയും പൊട്ടിക്കാതിരുന്ന മുകേഷ് കഴിഞ്ഞ സമ്മേളനത്തില്‍ തമാശകള്‍ എഴുതി വായിച്ചു പ്രസംഗിച്ചപ്പോഴാകട്ടെ, ആകെ കശാകൊളം. സിനിമയില്‍ ശ്രീനിവാസന്‍ തമാശ പറഞ്ഞപോലെ ‘ഞാന്‍ ബാര്‍ബര്‍ ഷാപ്പില്‍ കയറി. ചായക്കടയെന്നു തെറ്റിദ്ധരിച്ച് എന്തുണ്ട് കഴിക്കാന്‍, കടക്കാരന്‍ പറഞ്ഞു. കട്ടിങും ഷേവിങുമുണ്ട്. എങ്കില്‍ രണ്ടെണ്ണവും ഓരോ പ്ലേറ്റ് പോരട്ടെ എന്നു ഞാന്‍’‍! ഈ തമാശകേട്ട് ശ്രീനിവാസനും ചിരിച്ചില്ല. കാണികളും ചിരിച്ചില്ല. ഈ പ്രാന്തന്‍ എവിടെ നിന്നെന്നു ചോദിച്ചില്ലെന്നേയുള്ളു. മുകേഷ് തമാശകള്‍ പറഞ്ഞപ്പോള്‍ അദ്ദേഹംപോലും ചിരിക്കാതെ ഗൗരവക്കാരനായി. സഭയിലിരുന്നവര്‍ക്കുതോന്നി, കരയുന്നോ, സഭ ചിരിക്കുന്നോ! ‘അണ്ണാന്‍ പറന്നാല്‍ വൃഷണവും കൂടെ പറക്കും’ എന്നാണല്ലോ ചൊല്ല്. ആടു പോകുന്നിടത്തെല്ലാം അജഗളസ്തനവും കൂടെപ്പോകുമെന്ന പ്രമാണം വേറെയുണ്ട്. എന്നാല്‍ നിയമസഭയിലെത്തുമ്പോള്‍ ഈ പ്രമാണങ്ങള്‍ തെറ്റുന്നു. അംഗങ്ങള്‍ സഭ വിട്ടുപോയാല്‍ സഭയും കൂടെ വരുമെന്ന് കരുതുന്നത് ഭാംഗ് കഴിച്ചവന്റെ മതിഭ്രമം പോലെയാണ്. ദേവികയുടെ മുത്തശ്ശന്‍ തനിക്കുണ്ടായ ഒരനുഭവം വിവരിച്ചിട്ടുണ്ട്.

കൂട്ടുകാരുമൊത്ത് അദ്ദേഹം തുമ്പ പോലുള്ള ഭാംഗ് എന്ന ചെടി അരച്ചുകലക്കി പാലില്‍ സേവിച്ചു. കുറേക്കഴിഞ്ഞ് മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ കൂട്ടുകാരും മുറിയിലെ കസേരകളും മേശയും കട്ടിലുമെല്ലാം കൂടെപ്പോരുന്നു. ശ്ശെ എന്തൊരു തൊന്തരവ്. ഭാംഗിന്റെ വീര്യം ദര്‍ശനതലത്തില്‍ വരുത്തിയ മാറ്റംമറിച്ചില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും അനുചരവൃന്ദവും സര്‍ക്കാരിനോട് കലഹിച്ച് സഭ വിട്ടിറങ്ങി പ്രധാന കവാടത്തിലെത്തി പകരം സഭ കൂടി. കസേര പോയ കെറുവിന്റെ ലഹരി, സീതി ഹാജിയുടെ മകന്‍ പി കെ ബഷീര്‍ സ്പീക്കറുടെ വേഷമിട്ടു. പക്ഷേ സീതി ഹാജിയുടെ ഫലിത പാരമ്പര്യം തൊട്ടുതെറിക്കാതെ ഗൗരവത്തിലുള്ള പ്രകടനം. ഒരു തമാശ പറഞ്ഞതാകട്ടെ മുകേഷിനു പഠിച്ചപോലെയായി. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലോ. റോള്‍ തന്നെ ഒരു ബഹുതമാശയാകുമായിരുന്നു. എന്തുചെയ്യാന്‍, എറിയുന്നവന്റെ കയ്യില്‍ ‘കോണി‘കൊടുക്കില്ലല്ലോ. സ്വാതന്ത്ര്യദിനത്തില്‍ ചാനലിലൂടെ ഒരു ദാരുണദൃശ്യം കണ്ടു. യാത്രക്കാരില്ലാതെ നഷ്ടത്തിന്റെ ട്രാക്കിലൂടെ ചീറിപ്പായുന്ന കൊച്ചി മെട്രോയുടെ എടുപ്പുകള്‍ കൂരയാക്കി കഴിയുന്ന ഭവനരഹിതരും ഭൂരഹിതരുമായ നൂറുകണക്കിനു കുടുംബങ്ങള്‍. വികസനത്തിന്റെ അടിത്തട്ടിലെ ശപിക്കപ്പെട്ട ജന്മങ്ങള്‍. പ്രതിദിനം മൂന്നുകോടി രൂപ നഷ്ടം കൊയ്യുന്ന കൊച്ചി മെട്രോ.

ഈ ആകാശപ്പൊങ്ങച്ചത്തിനു ചെലവാക്കിയ 4000 കോടിയിലധികം തുകകൊണ്ട് സംസ്ഥാനത്തെ ഭൂരഹിത‑ഭവനരഹിതപ്രശ്നം പരിഹരിക്കാമായിരുന്നില്ലേ. കൊച്ചി മെട്രോയില്ലായിരുന്നുവെങ്കിലും ജനജീവിതം പഴയപടി സാധാരണതന്നെ ഒഴുകുമായിരുന്നു. കടംകയറി മുടിയുകയും വേണ്ടായിരുന്നു. നമ്മുടെ വികസന പരിപ്രേക്ഷ്യത്തിന്റെ അലകുംപിടിയും മാറേണ്ടതിന്റെ അനിവാര്യ ആവശ്യകതയുടെ ദയനീയമായ അടയാളങ്ങളാവുന്നു മെട്രോ കൂരയ്ക്കു കീഴിലെ ശതക്കണക്കിനു കുടുംബങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.