22 December 2024, Sunday
KSFE Galaxy Chits Banner 2

വര്‍ണവിസ്മയങ്ങളുടെ കൂട്ടുകാരി

ജെനീഷ് അഞ്ചുമന
January 29, 2023 4:27 pm

കുപ്പിയും ചിരട്ടയും കല്ലുമൊക്കെ കാൻവാസാക്കി വർണങ്ങൾ വിസ്മയങ്ങളാക്കി മാറ്റുന്ന ഒരു കൊച്ചു കലാകാരിയുണ്ട് കൊല്ലത്ത്. കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ കൃഷ്ണ എൽ പ്രകാശിന്റെ കിളികൊല്ലൂർ കല്ലുംതാഴത്തെ നിവേദ്യം വീട്ടിലെത്തുന്നവർ ഗേറ്റ് തുറന്ന് കഴിഞ്ഞുള്ള അമ്പരപ്പ് മാറാൻ അൽപ സമയം വേണ്ടിവരും. മുന്നിൽ ആദ്യം കാണുന്നത് പാറയിൽ വരച്ച കടുവയുടെ ചിത്രമായിരിക്കും. പിന്നീടങ്ങോട്ട് ഓരോ ചുവടിലും വ്യത്യസ്‍തങ്ങളായ ചിത്രങ്ങളുടെ കാഴ്ചയാണ്. വീടാണോ അതോ ചിത്രകലാ പ്രദർശനമാണോ എന്ന് തോന്നും വിധമുള്ള കലാശേഖരമാണ് മുറ്റത്തും വീടിനുള്ളിലുമെല്ലാം.

സ്വീകരണമുറിയിലെ ചില്ലലമാരയിൽ നിറഞ്ഞിരിക്കുന്ന ചെറുതും വലുതുമായ പുരസ്കാരങ്ങൾ ഈ പ്ലസ്ടു വിദ്യാർത്ഥിനിയുടെ കലാവൈഭവം വിളിച്ചോതുന്നുണ്ട്. സ്വീകരണമുറിയും ഡൈനിങ് റൂമും കടന്ന്, കൃഷ്ണയുടെ കിടപ്പുമുറിയിലെത്തിയാൽ അവിടം മറ്റൊരു വേറിട്ട ലോകമാണ്. വരയും വർണ്ണങ്ങളും ചേർന്ന് അത്ഭുതലോകം. മനോഹര ചിത്രങ്ങൾക്കൊപ്പം ചുവരിൽ നിറയെ ബഷീറിൻ്റെയും പൗലോ കൊയിലോയുടെയും എപിജെ അബ്ദുൽ കലാമിൻ്റയുമൊക്കെ മഹത് വചനങ്ങൾ. കിടക്കയിലും തലയിണയിലും വെജിറ്റബിൾ പ്രിന്റിങ് എന്ന ചിത്ര രചനാ ശൈലിയും പരീക്ഷിച്ചിരിക്കുന്നു. മ്യൂറൽ പെയിൻറിംഗും വാട്ടർ കളറും പരീക്ഷിച്ച് വിജയിച്ച കൃഷ്ണ ആഫ്രിക്കൻ ആർട്ടും സ്വായത്തമാക്കിയിട്ടുണ്ട്. കല്ല്, തടി, വേര്, പഴയ പാത്രം, പാദരക്ഷകൾ തുടങ്ങി കൃഷ്ണയുടെ കലാസൃഷ്ടിക്ക് കാൻവാസാകാത്ത വസ്തുക്കൾ വിരളം.

എരിഞ്ഞു തീരാത്ത വിറകുകൊള്ളിയില്‍ മൂങ്ങ. മടല്‍കഷണത്തില്‍ ആന, ചിരട്ടയില്‍ പൂച്ച, കമുകിന്‍ പാളയിലും മുഴുവന്‍ തേങ്ങയിലുമൊക്കെ ചിത്രങ്ങള്‍ വരച്ച് തന്റെ കലാവിരുത് കോറിയിട്ടിരിക്കുകയാണ്. 2020 ൽ പരിസ്ഥിദിനത്തിന്റെ ഭാഗമായി നടത്തിയ ദേശീയ മത്സരത്തിന് പിന്നാലെ കൃഷ്ണയുടെ വരച്ച ചിത്രമുള്ള പ്രത്യേക കവർ തപാൽ വകുപ്പ് പുറത്തിറക്കിയിരുന്നു. ഊർജ്ജ സംരക്ഷണ വകുപ്പിന്റെ ദേശീയ മത്സരത്തിലും കൃഷ്ണ പങ്കെടുത്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ അക്ഷരവൃക്ഷം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിലും കൃഷ്ണയുടെ ചിത്രമുണ്ടായിരുന്നു.

ഒന്നാം ക്ലാസുമുതലാണ് ചിത്രകലാപഠനം തുടങ്ങിയതെങ്കിലും മൂന്നാം ക്ലാസ് മുതലാണ് മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നത്. ചിത്രകാരൻ കെ വി ജ്യോതിലാലാണ് ഗുരു. ഇതിനിടെ ചെറുതും വലുതുമായി ആയിരത്തോളം ചിത്രങ്ങൾ വരയ്ക്കുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. സ്‌കൂൾ കലോത്സവത്തിലും നിര സാന്നിധ്യമായ കൃഷ്ണ ജില്ലാ കലോത്സവത്തിൽ കഴിഞ്ഞ എട്ടു വർഷം തുടർച്ചയായി ജലച്ചായത്തിന് ഒന്നാം സ്ഥാനം നേടി. ഇത്തവണ കൊളാഷിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും സ്വന്തമാക്കി ഈ കൊച്ചുമിടുക്കി. തനിക്ക് എല്ലാവിധ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കാൻ പിതാവ് പ്രകാശും മാതാവ് ലക്ഷ്മി ചന്ദ്രനും സഹോദരന്‍ അദ്വൈതും മുത്തശ്ശി വത്സലകുമാരിയുമുള്ളതാണ് തന്റെ വിജയമെന്ന് കൃഷ്ണ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.