
ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് വിസ്മയിപ്പിച്ച നമ്പൂതിരി ജീവിതത്തിന്റെ അതിർത്തിവര കടന്നുപോയിരിക്കുന്നു. സാഹിത്യ സൃഷ്ടികളുടെ വായനയെയും ചലചിത്രങ്ങളുടെ ആസ്വാദനത്തെയും വരകൾകൊണ്ടും കലകൾകൊണ്ടും വേറിട്ട അനുഭവമാക്കിയതിൽ നമ്പൂതിരിക്കു മുമ്പും ശേഷവുമെന്ന കാലഗണന സൃഷ്ടിച്ചാണ് 97-ാമത്തെ വയസിൽ ആ ജീവിതം അവസാനിച്ചത്. മലയാളക്കരയിൽ നിന്ന് വരയുടെ സംജ്ഞയായി അദ്ദേഹം ലോകത്തിന്റെ നെറുകയിൽ എത്തിനിന്നു. നമ്പൂതിരി എന്നത് വരയുടെ പര്യായവുമായി. 1925 സെപ്റ്റംബർ 13ന് മലപ്പുറം പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനിച്ച വാസുദേവൻ, മനയുടെ മുറ്റത്തെ പാഠശാലയിൽ നിന്ന് ആർജിച്ച വിദ്യാഭ്യാസവും പുസ്തക ശേഖരത്തിൽ നിന്നുള്ള വായനാനുഭവവും ഒപ്പം മണലിൽ ഈർക്കിലുകൾ കൊണ്ടു തീർത്ത വരസിദ്ധിയുമായി ചെന്നൈ ഗവ. കോളജ് ഓഫ് ഫൈൻ ആർട്സിൽ ചെന്ന് ചിത്രകല അഭ്യസിച്ചു. സ്ഥാപക പ്രിൻസിപ്പലും പ്രസിദ്ധ ചിത്രകാരനുമായ ദേവി പ്രസാദ് റോയ് ചൗധരി, എസ് ധനപാൽ, കെ സി എസ് പണിക്കർ തുടങ്ങിയ വിഖ്യാതരുടെ കീഴിലായിരുന്നു ചിത്രകലാപഠനം. ചിത്രകലയിലുള്ള അഭിനിവേശം അദ്ദേഹത്തിന്റെ പഠനത്തിലും പ്രകടമായി. ഗവ. കോളജ് ഓഫ് ഫൈൻ ആർട്സിലെ പഠനത്തിനിടെ ഫൈൻ ആർട്സിലും അപ്ലൈഡ് ആർട്സിലും രണ്ട് ഡിപ്ലോമകൾ നേടിയത് അതിന്റെ ഉദാഹരണമാണ്.
കെ സി എസ് പണിക്കരുടെ കൂടെ ചോളമണ്ഡൽ ആർട്ടിസ്റ്റ് വില്ലേജിൽ പാർക്കുന്നതിനിടെ യഥാർത്ഥ കോഴ്സിന്റെ പഠനം കാലാവധിയിൽ നിന്ന് എത്രയോ നേരത്തെയായിരുന്നു അദ്ദേഹം പൂർത്തിയാക്കിയത്. വാസുദേവൻ നമ്പൂതിരിയെന്ന ചെറുപ്പക്കാരനെ നമ്പൂതിരിയെന്ന ചിത്രകാരനും ശില്പിയും കലാസംവിധായകനുമൊക്കെയായി പരുവപ്പെടുത്തുന്നതിൽ ചെന്നൈയിലെ പഠനകാലവും പിന്നീടുള്ള ജീവിതവും വലിയ പങ്കു വഹിച്ചു. നമ്പൂതിരി തൊഴിൽപരമായ ആദ്യ ഉത്തരവാദിത്തം നിർവഹിച്ചതും ചെന്നൈയിലായിരുന്നു. ഇന്ത്യൻ റെയിൽവേക്ക് വേണ്ടി കെ സി എസ് പണിക്കർ ഏറ്റെടുത്ത ഭീമൻ പെയിന്റിങ് പൂർത്തിയാക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചതായിരുന്നു അത്. അക്കാലത്ത് പണിക്കർ തന്നെ, നമ്പൂതിരിയുടെ ഭാവി ചിത്രകലയിലാണെന്ന് പ്രവചിച്ചിരുന്നു. ആനുകാലികങ്ങളിൽ വരച്ചു തുടങ്ങിയ നമ്പൂതിരി 1960ൽ കോഴിക്കോട്ടെത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ വരജീവിതം പുതിയ തലങ്ങളിലേക്ക് മാറുന്നത്. 1982വരെ അവിടെ തുടർന്ന നമ്പൂതിരി പിന്നീട് കലാകൗമുദിയിലും സമകാലിക മലയാളത്തിലും ചിത്രങ്ങൾ വരച്ചു. വർണങ്ങളില്ലാത്ത വരകളിലൂടെ മാത്രമല്ല അല്ലാതെയും ലോഹങ്ങളിൽ പണിത ചിത്ര പരമ്പരകളിലൂടെയും നമ്പൂതിരി നമ്മെ അത്ഭുതപ്പെടുത്തി. ചെമ്പിൽ തീർത്ത 12 ദുരിതാശ്വാസ കൃതികൾ അടങ്ങുന്ന പ്രദർശനം അതിലൊന്നായിരുന്നു. മഹാഭാരതത്തിലെ വിവിധ സംഭവങ്ങളെ ആസ്പദമാക്കി ലോഹഭാരതം എന്ന പേരിൽ സൃഷ്ടിച്ച പരമ്പരയും അദ്ദേഹം തീര്‍ത്ത ലോഹവിസ്മയമായിരുന്നു. സ്വാതന്ത്ര്യ സമര സംഭവങ്ങൾ ഉൾക്കൊള്ളുന്ന 500 അടി നീളമുള്ള വിശാല ചിത്രവും വരച്ചിരുന്നു. പറയിപെറ്റ പന്തിരുകുലത്തെ ആസ്പദമാക്കിയും സൃഷ്ടി നടത്തി. കലാസംവിധായകനെന്ന നിലയിൽ സിനിമയിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജി അരവിന്ദനെന്ന ചലച്ചിത്ര പ്രതിഭയുമായുള്ള സൗഹൃദത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. അരവിന്ദന്റെ ഉത്തരായനത്തിന്റെ കലാസംവിധാനം നടത്തി സിനിമാരംഗത്തെത്തിയ നമ്പൂതിരിക്ക് കലാസംവിധാനത്തിനുള്ള ബഹുമതികളും ലഭിച്ചു.
രാജാ രവിവർമ്മ പുരസ്കാരം, മികച്ച ചിത്രീകരണത്തിനുള്ള ബാലസാഹിത്യ അവാർഡ് എന്നിവ ലഭിച്ച അദ്ദേഹം കേരള ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. ആനുകാലികങ്ങളിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവന്നിരുന്ന നോവലുകളിലെയും സാഹിത്യ സൃഷ്ടികളിലെയും കഥാപാത്രങ്ങൾക്ക് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ആ മാന്ത്രിക വരകളിലൂടെ പിറവിയെടുത്തു. എം ടി വാസുദേവൻ നായർ, തകഴി ശിവശങ്കരപിള്ള, എസ് കെ പൊറ്റെക്കാട്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങി പ്രമുഖ എഴുത്തുകാരുടെ രചനകളിലെ നിരവധി കഥാപാത്രങ്ങൾ ആ വരകളിലൂടെ ജീവൻ വച്ച് വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്ക് കയറിവന്നു. ചരിത്ര കഥാപാത്രങ്ങൾ ജീവൻ തുടിച്ചും ദൈവികമെന്ന് സങ്കല്പിച്ചിരുന്ന പുരാണ കഥാപാത്രങ്ങൾ മനുഷ്യരൂപത്തിലും വായനക്കാരുടെ ഹൃദയത്തിലെത്തി. മഹാഭാരതത്തെ ഭീമനിലൂടെ വായിക്കുന്ന എംടിയുടെ രണ്ടാമൂഴത്തിന് വേണ്ടിയുള്ള നമ്പൂതിരിയുടെ വരകളിലൂടെ ഭീമനും മറ്റ് പൗരാണിക കഥാപാത്രങ്ങളും പച്ചമനുഷ്യരായി രൂപപ്പെട്ടു. തകഴിയുടെ രചനകളിലെ കഥാപാത്രങ്ങൾ ചിത്രങ്ങളായി വായനക്കാരുടെ അരികില്‍ കസേരയിട്ട് ഇരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്തിയ കലാകാരനായിരുന്നു നമ്പൂതിരി. ദുർഗ്രാഹ്യമായ കഥാസന്ദർഭങ്ങളെ വരകൾകൊണ്ട് ആസ്വാദ്യമാക്കിയ അദ്ദേഹത്തിന്റെ ജീവിതത്തെ പക്ഷേ ഒറ്റവരയിൽ പൂർത്തീകരിക്കാനാവില്ല. മഹാനായ ആ കലാകാരന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.