
അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്നത് ചിത്രീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. രചയിതാവ് പുകവലി പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബെഞ്ച്, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവർക്ക് മാത്രമായി പുസ്തകം കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ പ്രചാരം നിരോധിക്കണമെന്ന ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു. കവർ ചിത്രത്തിൽ അവർ സിഗരറ്റ് വലിക്കുന്നതായി കാണിച്ചിരുന്നു. എന്നാല്‍ അവര്‍ പുകവലി പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 28 നാണ് പുസ്തകം പുറത്തിറങ്ങിയത്. തുടർന്ന്, പുസ്തകത്തിന്റെ പുറംചട്ട 2003ലെ സിഗരറ്റുകളുടെയും മറ്റ് പുകയില ഉല്പന്നങ്ങളുടെയും പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉല്പാദനം, വിതരണം എന്നിവയുടെ നിയമവും 2008ലെ നിയമങ്ങളും ലംഘിച്ചുവെന്ന് ആരോപിച്ച് അഭിഭാഷകനായ ഹർജിക്കാരൻ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യുകയായിരുന്നു. പുകവലിയുടെ എല്ലാ ചിത്രീകരണങ്ങളിലും “പുകവലി ആരോഗ്യത്തിന് ഹാനികരമാണ്” അല്ലെങ്കിൽ “പുകയില കാൻസറിന് കാരണമാകുന്നു” തുടങ്ങിയ ആരോഗ്യ മുന്നറിയിപ്പുകൾ ചേർക്കണമെന്ന് നിയമം അനുശാസിക്കുന്നു. പുസ്തകത്തിന്റെ പുറംചട്ടയിൽ നിർബന്ധിത മുന്നറിയിപ്പ് ഇല്ലായിരുന്നുവെന്നും ഇത് പുകയില ഉല്പന്നങ്ങളുടെ പരോക്ഷ പരസ്യമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഒക്ടോബര്‍ 13 ന് കോടതി ഹര്‍ജി തള്ളുകയും സ്വയം പ്രചാരണം നേടുന്നതിനും അരുന്ധതി റോയിയെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നതിനും വേണ്ടിയാണ് ഹർജിക്കാരൻ ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ പിൻ കവറിൽ കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിക്കാരൻ ഹർജിയിൽ അത് പരാമർശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നഗരങ്ങളിലുടനീളമുള്ള വലിയ ഹോർഡിംഗുകളിൽ പുസ്തകത്തിന്റെ പുറംചട്ട പരസ്യപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു വായനക്കാരൻ പുസ്തകം വാങ്ങുന്നത് അതിന്റെ ഉള്ളടക്കവും രചയിതാവിന്റെ വിശ്വാസ്യതയും കാരണമാണെന്നും കവർ ചിത്രം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ പിന്നിലുള്ള നിരാകരണക്കുറിപ്പ് ചെറിയ വാക്കുകളിലാണ് എഴുതിയിട്ടുള്ളതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു.
സിഗരറ്റിന്റെ പ്രചാരണത്തിനായി പുസ്തകം എഴുതിയിട്ടില്ലെന്നും സിഗരറ്റിന്റെയും മറ്റ് പുകയില ഉല്പന്നങ്ങളുടെയും പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉല്പാദനം, വിതരണം എന്നീ നിയമപ്രകാരം ഒരു നിരാകരണം ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.