
വേനൽ കൂടുതൽ കടുത്തതോടെ ലഘുപാനീയ വിപണിയും വെള്ളത്തിന്റെ വില്പനയും സജീവം. ബേക്കറികളിലും സ്റ്റാളുകളും പെട്ടിക്കടകളിലും ഹോട്ടലുകളിലും ഉൾപ്പെടെ ദാഹമകറ്റാൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ ഏറി. വഴിയോരങ്ങളിലും ലഘുപാനീയങ്ങളുടെ വില്പന കേന്ദ്രങ്ങൾ തകൃതിയായി ആരംഭിച്ചിട്ടുണ്ട്. കുപ്പിവെള്ളത്തിനും ഡിമാന്റ് കൂടി. തണ്ണിമത്തൻ, മുന്തിരി, പൊട്ടുവെള്ളരി, മുസാംബി തുടങ്ങിയ ജ്യൂസുകളും സംഭാരം, സർബത്ത് കച്ചവടവുമാണ് വർധിച്ചിട്ടുള്ളത്. പലയിടത്തും വിലയിലും ചെറിയ വർധനവ് വരുത്തിയിട്ടുണ്ട്. കുലുക്കി സർബത്തിനും കരിമ്പിൻ ജ്യൂസിനും പ്രിയമേറി. കടകളിലും ഹോട്ടലുകളിലും ബസ് സ്റ്റാൻഡ്, ട്രെയിൻ എന്നിവിടങ്ങളിൽ കുപ്പിവെള്ളത്തിനും വില്പന കൂടി. വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വയ്ക്കുന്ന 20 ലിറ്ററിന്റെ കുടിവെള്ള കുപ്പികൾക്കും കഴിഞ്ഞ മാസങ്ങളിൽ നിന്നും വില്പന ഇരട്ടിയായി.
വഴിയോരങ്ങളിൽ കരിക്ക്, പനം നൊങ്ക് വില്പനയും സജീവം. ഷവർമയും കുഴിമന്തിയും വില്ലന്മാരായപ്പോൾ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ കഴിഞ്ഞ മാസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും പരിശോധനകൾ നടത്തുകയും ശക്തമായ നടപടികൾ എടുക്കുകയും ചെയ്തിരുന്നു. അതുപോലെ ലഘുപാനീയ വില്പന കേന്ദ്രങ്ങളിൽ പരിശോധന ആവശ്യമാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലും ആവശ്യമായ ശുചിത്വമില്ലാതെയും വഴിയോരങ്ങളിൽ ഉൾപ്പെടെ കടകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഉപയോഗിക്കുന്ന വെള്ളവും ഐസും ഗുണമേന്മാ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും കുപ്പിവെള്ളത്തിന് കാര്യമായ ക്ഷാമമില്ലാതെ വിപണനം നടക്കുന്നുണ്ട്. ടാങ്കർ ലോറികളിൽ വിതരണം ചെയ്ത കുടിവെള്ളം ഉപയോഗിച്ചവർക്ക് ശാരീരിക ബുന്ധിമുട്ടുകളും വയറിളക്കവും ഛർദിയും ഒക്കെ സംഭവിച്ചതും അടുത്തിടെയാണ്. സീസൺ കണക്കിലെടുത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ടോയെന്നും കുടിവെള്ള സ്രോതസുകളിലും പാക്കിങ് യൂണിറ്റുകളിലും ചുമതലപ്പെട്ട ഏജൻസികൾ പരിശോധനകൾ ഊർജിതമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
English Summary: As the summer heats up, the soft drink market is active
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.