
കിഴക്ക് മലകളായിരുന്നു
കറുത്ത പാറക്കല്ലുകളും
അതിലും കറുത്ത കരുത്തുമായി
ആകാശത്തോട് മിണ്ടി പറഞ്ഞ്
അടങ്ങി നിന്നിരുന്ന മലനിരകൾ…
അതിൻ്റെ സഹനം കണ്ട്
ചരിത്രകാരന്മാർ
സഹ്യപർവ്വതമെന്ന് വിളിച്ചു.
അതിന് ഉദാരതയുടെ
അനേകായിരം കൈകാലുകളായിരുന്നു.
ആ കൈകാലുകൾ കൊണ്ട് സകലരേയും മാറിലടക്കിപ്പിടിച്ചു
അതു സംരക്ഷിച്ചു,
ഊട്ടി വളർത്തി,
കരയിലും ആകാശത്തുമുള്ള
അനേക ലക്ഷം
ജീവിവർഗ്ഗങ്ങൾക്ക് അഭയമായി.
അവയുടെ മുതുകത്തിരുന്ന്
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
ചിരിച്ചു കളിച്ചു.
അതിൻ്റെ മാറിടത്തിൽ നിന്നും നീരുറവകളെടുത്ത് നദികൾ ഒഴുകി
മൃദുവായ ഉദരങ്ങളിലും
തോളുകളിലും വേരുകളാഴ്ത്തി
മരങ്ങൾ വളർന്നു.
മനുഷ്യർ പെറ്റുപെരുകുന്നുണ്ടായിരുന്നു ; പ്രകൃതിയോടു മല്ലിട്ടു കൊണ്ട്
ആദിമകാലങ്ങളിൽ അവർ ജീവിച്ചു.
സൗന്ദര്യ മാസ്വദിച്ചു ,
ഭാവനകൊണ്ട് പുതിയവ സൃഷ്ടിച്ചു
പുതിയ വഴികൾ തുറന്നു
അവർ നഗരങ്ങൾ നിർമ്മിച്ചു.
ലോകം പുതുക്കിപ്പണിതു
സംസ്ക്കാരങ്ങൾ കെട്ടിപ്പടുത്തു
പുരോഗതിയുടെ ചരിത്രം സൃഷ്ടിച്ചു.
അവിടേക്ക്
കൊള്ളക്കാർ വന്നു,
ആർത്തിയും ദുരയും മൂത്ത മുതലാളിമാർ,
പ്രകൃതി വിഭവങ്ങളുടെ വിലയറിഞ്ഞ കങ്കാണിമാർ .
വലിയ ലോറികളിൽ
മഴുവും ഈർച്ചവാളുകളുമായി
വന്ന കൊള്ളക്കാർ
വനങ്ങൾ നാമാവശേഷമാക്കി.
കല്ലുകളുടെ വിലയറിഞ്ഞ കൊള്ളക്കാർ അവിടെ തമ്പടിച്ചു
ക്വാറികൾ തുടങ്ങി.
വെടിമരുന്നും പാറപൊട്ടിക്കുന്ന യന്ത്രങ്ങളുമായി
അവർ രാപ്പകൽ
മലകളുടെ നെഞ്ചിൻ കൂട്
തുരന്നു.
സമ്പന്നരായ അവർക്ക്
അധികാരികളുടെ സേവ
യഥേഷ്ടം ലഭിച്ചു.
അങ്ങനെ ആയിരക്കണക്കിന് ക്വാറികൾ രാപ്പകൽ
മലയെ ആക്രമിച്ചു
പാറക്കല്ലുകൾ പൊട്ടിച്ചു കടത്തി
പർവ്വതത്തിൻ്റെ ശിരസ്സു
പൊട്ടിയൊലിച്ചു
ഉരസ്സു തകർന്നു
മുതുക് തകർന്നു
കൈകാലുകൾ ഛേദിക്കപ്പെട്ടു.
അരുതേ അരുതേയെന്ന
അലമുറകളുയർന്നിരുന്നു.
പക്ഷെ ആരും കേട്ടില്ല.
അപ്പോഴേക്കും കോർപ്പറേറ്റുകൾ എത്തിച്ചേർന്നു.
കൊള്ളക്കാരുടെ വലിയേട്ടന്മാരായ കോർപ്പറേറ്റുകൾ
“വികസനം ‚വികസനം .…”
അവർ ഒച്ച വെച്ചു.
ഗതി പിടിക്കാത്ത നാടിന്
അവർ സ്വപ്നങ്ങൾ നൽകി
മുൻ വാതിലിലൂടെ
നിറമുള്ള സ്വപ്നങ്ങൾ
പിൻവാതിലിലൂടെ
അവരുടെ രക്തം
ഊറ്റിയെടുക്കാനുള്ള പദ്ധതികൾ,
അവരുടെ അധികാരികൾക്ക്
പാരിതോഷികങ്ങൾ.…
രാവെളുക്കുന്നതിനു മുമ്പ്
രാഷ്ട്രീയം മാറി
ബ്യൂറോക്രസി മാറി
മാധ്യമ ശൈലി മാറി
സകലരും വികസനവാദികളായി.
“വഴികൾ വേറെയുമുണ്ട്… ”
ചിലർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു.
പക്ഷെ കാതുകൾ അടഞ്ഞിരുന്നു.
അധികാരികൾക്ക്
കോർപ്പറേറ്റുകൾ
അതി വിദഗ്ദ്ധരായ
ഉപദേശികളെ നൽകി,
ഉപദേശികൾക്ക് അധികാരി
ആസ്ഥാന പട്ടങ്ങൾ നൽകി.
ഉപദേശികൾ തന്നെ
പദ്ധതികൾ തയ്യാറാക്കി
അധികാരം വർദ്ധിപ്പിക്കുന്ന പദ്ധതികൾ
പേരും പ്രശസ്തിയും കൂട്ടുന്ന പദ്ധതികൾ
ആളുകളെ അമ്പരപ്പിക്കുന്ന പദ്ധതികൾ
കൂടുതൽ ഫണ്ടു കിട്ടുന്ന പദ്ധതികൾ…
പാർട്ടികളറിയാതെ മുന്നണികളുടെ മാനിഫെസ്റ്റോയിൽ കയറിക്കൂടുന്ന വമ്പൻ പദ്ധതികൾ…
ഉപദേശികൾ കാതിൽ പറഞ്ഞു :
അധികാരിക്ക് മാത്രം നടപ്പാക്കാനാവുന്ന അതിശയ പദ്ധതികൾ !
അധികാരിക്ക് ബോധ്യപ്പെട്ടു :
തൻ്റെ അധികാരം
ഒരു പ്രതിഭാസമാണ് !
പ്രകൃതി ശക്തിയാണത്.
അധികാരമുറപ്പിക്കാൻ
ലോകത്തേറ്റവും വലിയ സ്മാരകം
പണിയണമെന്ന ഉപദേശം
തലസ്ഥാനത്തെത്തി.
പല പദ്ധതികളും ചർച്ചക്കു വന്നു
പ്രതിമകൾ, പാർക്കുകൾ, ആസ്പത്രികൾ, മ്യൂസിയങ്ങൾ, അണക്കെട്ടുകൾ
അതൊന്നും പോരെന്നുള്ള ഉപദേശമുണ്ടായി
അധികാരി അതുകൾക്കെല്ലാം മേലെയാണെന്ന ഉപദേശമുണ്ടായി.
അവസാനം ലോകാത്ഭുതമായ
ചൈനീസ് മതിൽ പോലെ
ഒരു വൻമതിൽ
നിർദ്ദേശിക്കപ്പെട്ടു.
തെക്കൻ അതിർത്തി മുതൽ
വടക്കൻ അതിർത്തി വരെ
നീളത്തിൽ
ഒരു വൻ മതിൽ.
ഇരുപത്തിനാലടി ഉയരത്തിൽ
വൻമതിൽ.
മതിലിനു മുകളിലൂടെ റോഡുണ്ടാക്കാം.
എക്സ്പ്രസ് ഹൈവേ,
മതിലിനു മുകളിലൂടെ
ഹൈസ് സ്പീഡ് തീവണ്ടിയോടിക്കാം
ഇരുവശങ്ങളിലും താഴെയും
വ്യാപാര കേന്ദ്രമുണ്ടാക്കാം
പക്ഷെ , വൻമതിൽ വേണം.
-“പരിസ്ഥിതി പ്രശ്നമുണ്ടാകും”
വിമർശകർ പറഞ്ഞു.
“മൗലികവാദം ! വികസന വിരോധം!”
അനുയായികൾ അമറി.
-“നെൽവയലുകളും തണ്ണീർതടങ്ങളും
നശിക്കും”
നാട്ടുകാർ സങ്കടപ്പെട്ടു.
“വികസനത്തിനു വേണ്ടി
നശിപ്പിക്കാമല്ലോ!”
ഉപദേശികൾ ന്യായം പറഞ്ഞു.
-“ലക്ഷക്കണക്കിന് കുടുംബങ്ങളെ
കുടിയിറക്കേണ്ടി വരും ”
ജനങ്ങൾ വിഷമിച്ചു.
“പുനരധിവസിപ്പിക്കാമല്ലോ !”
ഉപദേശികൾ ഉപായം പറഞ്ഞു.
” വലിയ തുക വേണ്ടി വരും,
ഖജനാവ് കാലിയാണ്”
റിപ്പോർട്ടുകൾ പറഞ്ഞു.
“കടം വാങ്ങാമല്ലോ !”
ഉപദേശികൾ നാട്ടുനടപ്പ് പറഞ്ഞു.
“ഏതായാലും വൻമതിൽ പണിയും”
“ആരെതിർത്താലും പണിയും.”
പ്രഖ്യാപനം വൈകാതെ വന്നു.
വലിയ ശതമാനം കമ്മീഷൻ
പ്രതീക്ഷയിൽ
നടത്തിപ്പുകാർ ഉഷാറായി.
പാരിതോഷികങ്ങളുടെ
പ്രഭയിൽ
മാധ്യമങ്ങളുടെ കണ്ണഞ്ചി.
മുന്നണി മര്യാദയുടെ
വടിവാൾ വീശലിൽ
സഖ്യകക്ഷികൾ നിശ്ശബ്ദരായി.
തങ്ങളുടെ വിഹിതം എത്തിച്ചേർന്നതോടെ
പ്രതിപക്ഷം അടങ്ങി.
അങ്ങനെ വൻമതിൽ
നിർമ്മാണം തുടങ്ങി.
സഹ്യപർവ്വതത്തിനു സമാന്തരമായി
മലനാട്ടിനും തീരപ്രദേശത്തിനുമിടയിൽ
ഇടനാടിനെ പകുത്ത്
തെക്കുവടക്കായി
നിളാ നീളത്തിൽ
വൻമതിൽ പണി തകൃതിയായി.
മലനിരകളിൽ പാറക്കല്ലുകൾ
ഇടിച്ചു പൊളിച്ച്
ആയിരക്കണക്കിന്
ടിപ്പർ ലോറികളിൽ
കടത്തിയെത്തിച്ചു.
നാല്പത്തിനാലു നദികളിലെ
പൂഴിമണൽ
കോരി
ലക്ഷക്കണക്കിന് ടിപ്പർ
ലോറികളിലെത്തിച്ചു.
കടംവാങ്ങിയ പണം കൊണ്ട്
കമ്പിയും സിമൻറും എത്തിച്ചു .
മതിൽ പോകുന്നിടത്തെ
വയലുകൾ മണ്ണിട്ടു നികത്തി,
അതിനായി ഇടനാടൻ കുന്നുകൾ
ആകെ ഇടിച്ചു തകർത്ത്
ജെസിബി കൊണ്ട്
കോരിയെടുത്തു നിറച്ചു.
നദികൾക്കു കുറുകെ മേൽപാലങ്ങൾ
സ്ഥാപിക്കാൻ കോൺക്രീറ്റ് പില്ലറുകൾ
വാർത്തു വെച്ചു.
അത്രയുമായപ്പോൾ
കരാർ കമ്പനി
പണിതാൽക്കാലികമായി
നിർത്തിവെച്ചു.
എസ്റ്റിമേറ്റ് വർദ്ധിപ്പിക്കണം
നിലവിലെ റേറ്റിൽ
പണി പൂർത്തിയാവില്ല.
നിർമ്മാണ സാമഗ്രികൾക്ക്
വില കൂടിയിരിക്കുന്നു.
പണിക്കൂലി കൂടിയിരിക്കുന്നു.
മറ്റ് അനാമത്തു ചെലവുകൾ കൂടിയിരിക്കുന്നു
നേരത്തേ പ്രതീക്ഷിച്ചിരുന്നില്ലാത്ത
പ്രതിസന്ധികൾ വന്നു പെട്ടിരിക്കുന്നു.
എസ്റ്റിമേറ്റ് കൂട്ടണം…
പണം കൂട്ടി നിശ്ചയിക്കാതെ
നിർമ്മാണം തുടരാൻ പറ്റില്ല.
നിർമ്മാണക്കമ്പനി കട്ടായം പറഞ്ഞു.
സർക്കാരിൻ്റെ പക്കൽ കടം വാങ്ങിയ
പണം തീർന്നു പോയിരുന്നു.
പുതിയ കടങ്ങൾക്ക് വഴിയില്ലായിരുന്നു.
സർക്കാർ പണം കൂട്ടാത്തപ്പോൾ
നിർമ്മാണ കമ്പനി
കോടതിയിൽ പോയി :
“പണം കൂട്ടിത്തരാൻ സർക്കാരോട്
നിർദ്ദേശിക്കണം .”
കോടതി
സർക്കാരിന് നോട്ടീസയച്ച്
കേസ് നീട്ടിവെച്ചു.
മലനിരകളുടെ ഉത്തുംഗമായ
ശിരസ്സുകൾ ഛേദിക്കപ്പെട്ട്
ഉരസ്സുകൾ തകർക്കപ്പെട്ട്
അസ്ഥികൂടങ്ങളുടെ കൂന പോലെ,
വലിയ ചുടുകാടുപോലെ,
എറിച്ചു നിന്നു.
നദികൾ
ജലസ്രോതസ്സുകൾ വറ്റി
ഉദരം കീറിയ
പെരുമ്പാമ്പുകൾ പോലെ, ഉണങ്ങിച്ചുളിഞ്ഞ്
നീണ്ടു കിടന്നു.
അതിർത്തിക്കപ്പുറത്തെ
പൊടിയും ചൂടും ദുർഗന്ധവും ചുമന്ന്
കിഴക്കൻ കാറ്റു വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.