ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ ഏഴ് സ്ഥാനങ്ങള്‍ കയറി 13-ാം സ്ഥാനത്തേക്ക് എത്തി. അഹമ്മദാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റില്‍ സെഞ്ചുറി നേട്ടമാണ് കോലിക്ക് സ്ഥാനക്കയറ്റത്തിന് സഹായിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കോലി സെഞ്ചുറിയടിച്ചത്. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യന്‍ താരം റിഷഭ് പന്ത് ഒമ്പതാം സ്ഥാനത്തുണ്ട്. ഉസ്മാന്‍ ഖവാജയാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ഖവാജ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ നാല് സ്ഥാനം ഉയര്‍ന്ന് എട്ടാം സ്ഥാനത്താണ്.
ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്സണെ പിറകിലാക്കി അശ്വിന്‍ ഒന്നാം സ്ഥാനത്തെത്തി. ആന്‍ഡേഴ്സണെക്കാള്‍ 10 റേറ്റിങ് മുകളിലാണ് അശ്വിന്‍. അശ്വിന് 869 റേറ്റിങ്ങും ആന്‍ഡേഴ്സണ് 859 റേറ്റിങ്ങുമാണുള്ളത്. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറയ്ക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലായി. രവീന്ദ്ര ജഡേജയ്ക്കും ഒരു സ്ഥാനം നഷ്ടപ്പെട്ടു. താരം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ നഥാന്‍ ലിയോണ്‍ എട്ടാം റാങ്കിലെത്തി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് സ്ഥാനം ഉയര്‍ന്ന് അക്ഷര്‍ പട്ടേല്‍ നാലാം സ്ഥാനത്തെത്തി. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് മൂന്നാം സ്ഥാനത്ത്.
English Summary;Ashwin is the number one bowler in the world
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.