28 February 2026, Saturday

ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ്; ലോവ്‌ലിനയും നിഖാതും ഇന്ത്യയെ നയിക്കും

20 അംഗ ടീമിനെ പ്രഖ്യാപിച്ചു
Janayugom Webdesk
ന്യൂഡൽഹി
February 28, 2026 10:39 pm

മംഗോളിയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് ലോവ്‌ലിന ബോർഗോഹെയ്ൻ, രണ്ട് തവണ ലോക ചാമ്പ്യനായ നിഖത് സരീൻ എന്നിവർ നയിക്കുന്ന 20 അംഗ ടീമിനെയാണ് ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐI) തെരഞ്ഞെടുത്തത്. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. ഈ വർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മെഡലുകൾക്കപ്പുറം വലിയ പ്രാധാന്യമാണുള്ളത്. നിശ്ചിത ഭാരവിഭാഗങ്ങളിൽ ഫൈനലിൽ എത്തുന്ന താരങ്ങൾക്ക് വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. അതിനാൽ ഇന്ത്യൻ താരങ്ങൾക്ക് ഇത് തങ്ങളുടെ മികവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ്. സ്പെയിനിൽ നടന്ന ബോക്സാം എലൈറ്റ് ചാമ്പ്യൻഷിപ്പിൽ ഉജ്വല പ്രകടനം നടത്തിയ താരങ്ങളാണ് വനിതാ ടീമിന്റെ കരുത്ത്. 75 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന ലോവ്‌ലിന ബോർഗോഹെയ്ൻ അടുത്തിടെ നടന്ന ടൂർണമെന്റുകളിൽ സ്വർണം നേടി മികച്ച ഫോമിലാണ്. 

ലോക ബോക്സിങ് കപ്പ് ഫൈനലിലെ സ്വർണനേട്ടത്തിന്റെ കരുത്തിലാണ് നിഖാത് സരീന്‍ വരുന്നത്. ഇവർക്കൊപ്പം സ്പെയിനിൽ സ്വർണം നേടിയ പ്രീതി (54 കിലോ), അരുന്ധതി ചൗധരി (70 കിലോ), പ്രിയ (60 കിലോ) എന്നിവരും ജാസ്മിൻ, മീനാക്ഷി തുടങ്ങിയ പ്രമുഖരും ടീമിലുണ്ട്. ലോക ബോക്സിങ് കപ്പ് ഫൈനലിലും ബോക്സാം ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ സച്ചിൻ (60 കിലോ) ആണ് പുരുഷ നിരയെ നയിക്കുന്നത്. സ്പെയിനിൽ സ്വർണം നേടിയ ആകാശ് (75 കിലോ), വെള്ളി മെഡൽ ജേതാക്കളായ ദീപക് (70 കിലോ), അങ്കുഷ് (80 കിലോ) എന്നിവർ ടീമിൽ ഇടംപിടിച്ചു. ലോക ബോക്സിങ് ഫൈനലിൽ വെള്ളി നേടിയ ജാദുമണി സിങ് മാൻഡെങ്ബാമും (55 കിലോ) ടീമിന് കരുത്ത് പകരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar