
ആസൂത്രിത സൈനിക അധിനിവേശത്തിന് മുന്നോടിയായി, പ്രസിഡന്റ് ഇബ്രാഹിം ട്രോറെയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ബുർക്കിന ഫാസോ സുരക്ഷാ സേന പരാജയപ്പെടുത്തി. സുരക്ഷാ മന്ത്രി മഹമദൗ സനയാണ് ഇക്കാര്യം അറിയിച്ചത്. ഇബ്രാഹിം ട്രോറെയെ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചുകയറിയുള്ള ഓപ്പറേഷനിലൂടെയോ വധിക്കാനായിരുന്നു നീക്കം. സെെന്യത്തിന്റെ ഡ്രോൺ ബേസ് പ്രവർത്തനരഹിതമാക്കാനുള്ള പദ്ധതിയും അട്ടിമറിശ്രമത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ടോറയ്ക്കെതിരെ അട്ടിമറി സാധ്യതയുണ്ടെന്ന വാർത്ത പുറത്തുവന്നതോടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ അണിനിരക്കണമെന്ന ആഹ്വാനവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തി. തലസ്ഥാനമായ ഔഗാഡൗഗോയിലെ ചത്വരങ്ങളില്‍ നൂറുകണക്കിന് ആളുകൾ ട്രോറെയെ പിന്തുണച്ച് മനുഷ്യചങ്ങല തീര്‍ത്തു. സാമ്രാജ്യത്വത്തിന്റെ ചങ്ങലകളിൽ നിന്ന് ബുർക്കിന ഫാസോയുടെ മോചനത്തിലേക്കുള്ള മാറ്റാനാവാത്ത മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയമാണ് ഇബ്രാഹിം ട്രോറെയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ആഹ്വാനത്തിലൂടെ വ്യക്തമായതെന്ന് മഹമദൗ സന ചൂണ്ടിക്കാട്ടി.
അതേസമയം, ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫ്രഞ്ച് ഭരണകൂടത്തിന്റെ പിന്തുണയുള്ള തെക്കന്‍ അയല്‍രാജ്യങ്ങളിലേക്കാണ് സംശയമുന നീളുന്നത്. ബുര്‍ക്കിനോ ഫാസോയില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ ഐവറി കോസ്റ്റ് 1,25,000 യുഎസ് ഡോളർ ധനസഹായം നല്‍കിയതായി സന ആരോപിച്ചു. തെക്ക് കിഴക്കന്‍ അയല്‍രാജ്യമായ ബെനിന്റെ പ്രദേശം ഉപയോഗിച്ച് അട്ടിമറി ലക്ഷ്യമിട്ട് ഫ്രാൻസ് തീവ്രവാദികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ബുര്‍ക്കിനോ ഫാസോ സര്‍ക്കാര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.