ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. ബിജെപിയുടെ സിറ്റിങ് സീറ്റുകളടക്കം പിടിച്ചെടുത്താണ് മിന്നുന്ന വിജയം നേടിയത്. പത്തിടത്ത് ഇന്ത്യ സഖ്യം വിജയിച്ചപ്പോള്‍ ബിജെപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരിടത്തും വിജയിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപി സഖ്യം കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു. പശ്ചിമ ബംഗാളില്‍ ബിജെപിയുടെ മൂന്ന് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഹിമാചല്‍ പ്രദേശിലെ മൂന്നില്‍ രണ്ടിലും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസിനാണ് ജയം.
പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍ എഎപി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സീതല്‍ അന്‍ഗുരല്‍ 37,325 വോട്ടിന് എഎപിയുടെ മൊഹീന്ദര്‍ ഭഗതിനോട് പരാജയപ്പെട്ടു. എഎപി എംഎല്‍എയായിരുന്ന സീതല്‍ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.
ഹിമാചല്‍ പ്രദേശിലെ ദെഹ്റ, ഹമിര്‍പൂര്‍, നലഗഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 22ന് മൂന്ന് മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് സീറ്റ് ഒഴിവുവന്നത്. ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ വോട്ടെടുപ്പില്‍ മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയുമായിരുന്നു. മൂന്ന് പേരും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായെങ്കിലും ഹമിര്‍പൂരില്‍ ആശിഷ് ശര്‍മ്മക്ക് മാത്രമാണ് വിജയിക്കാനായത്. മറ്റ് രണ്ടിടങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചതോടെ സർക്കാറിനുള്ള ഭീഷണി മറികടക്കാനായി.
ബിഎസ്‌പിയുടെ സിറ്റിങ് എംഎല്‍എ സര്‍വത് കരീം അന്‍സാരി ഒക്ടോബറില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉത്തരാഖണ്ഡിലെ മംഗ്ലൗര്‍ സീറ്റ് ഒഴിഞ്ഞത്. കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ബണ്ഡാരി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെ ബദ്‌രീനാഥിലും തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. മുസ്ലിം, ദളിത് ഭൂരിപക്ഷ മേഖലയാണിത്. ബദ്‌രിനാഥില്‍ കോണ്‍ഗ്രസിന്റെ ലഖപത് സിങ് ബുട്ടോലയും മംഗ്ലൗറില്‍ കോണ്‍ഗ്രസിന്റെ ക്വാസി മുഹമ്മദ് നിസാമുദീനും വിജയിച്ചു. ടിഎംസി എംഎല്‍എ സാധന്‍ പാണ്ഡെ 2022ല്‍ മരിച്ചതിനെ തുടര്‍ന്നാണ് ബംഗാളിലെ മണിക്‌ടലയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. റായ്ഗഞ്ച്, ബാഗ്‌ദ, റാണാഗട്ട്, മണിക്ടല മണ്ഡലങ്ങള്‍ ടിഎംസി തൂത്തുവാരി. ബിഹാറിലെ റുപൗലിയില്‍ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശങ്കര്‍ സിങ്ങും വിജയം നേടി.
English Summary: Assembly by-elections; The India alliance shined
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.