22 January 2026, Thursday

Related news

January 15, 2026
January 12, 2026
January 9, 2026
January 3, 2026
December 30, 2025
December 23, 2025
December 12, 2025
December 10, 2025
December 5, 2025
December 4, 2025

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വനിതാ എംഎല്‍എമാരുടെ എണ്ണം താഴേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2023 10:15 pm

വനിതാ സംവരണ ബില്‍ പാസാക്കി രണ്ട് മാസത്തിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും വനിതാ പ്രാതിനിധ്യം താഴേക്ക്. നേരത്തെ പാര്‍ലമെന്റില്‍ വനിതാ സംവരണബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെങ്കിലും നടപ്പിലാക്കുക 2029ലാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് കരുതിയെങ്കിലും എംഎല്‍എമാരായി സഭയിലെത്തുക ചുരുക്കംപേരാണ്.
ബിജെപി അധികാരം പിടിച്ച മൂന്നു സംസ്ഥാനങ്ങളിലും വനിതകള്‍ക്ക് മതിയായ സ്ഥാനം സഭയില്‍ ലഭിച്ചിട്ടില്ല. ഛത്തീസ്ഗഢിലാണ് വനിതാ സാമാജികരുടെ എണ്ണം 21 ശതമാനം എങ്കിലും എത്തിയത്. ആകെയുള്ള 90 എംഎല്‍എമാരില്‍ ഇത്തവണ 19 വനിതകള്‍. ഇതില്‍ ഏറിയ പങ്കും കോണ്‍ഗ്രസില്‍ നിന്നാണെന്ന പ്രത്യേകതയുമുണ്ട്, ബിജെപിയിൽ നിന്ന് എട്ട് വനിതകളും കോൺഗ്രസിൽ നിന്ന് 11 വനിതകളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

2018ൽ കോൺ​ഗ്രസിൽ നിന്ന് 10 വനിതകളും ബിജെപിയിൽ നിന്ന് ഒരാളും ബഹുജൻ സമാജ് പാർട്ടി, ജനതാ കോൺ​ഗ്രസ് ഛത്തീസ്​ഗഢ് എന്നിവയിൽ നിന്ന് ഓരോരുത്തരും വിജയിച്ചിരുന്നു. തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൽ നിന്ന് മൂന്ന് സ്ത്രീകൾ കൂടി തെരഞ്ഞെടുക്കപ്പെട്ടതോടെ ആകെ 16 ആയി സംഖ്യ ഉയര്‍ന്നിരുന്നു. ഈ തെരഞ്ഞടുപ്പിൽ ബിജെപിയും കോൺ​ഗ്രസും യഥാക്രമം 15, 18 സ്ഥാനാർത്ഥികളെ നിർത്തി. ജനതാ കോൺ​ഗ്രസ് ഛത്തീസ്​ഗഢ് 11 സ്ത്രീകളേയും ബിഎസ‌്പി ഏഴ് വനിതകളെയും നിർത്തി. ആം ആദ്മി അഞ്ച് വനിതാ സ്ഥാനാർത്ഥികളെയും രംഗത്തിറക്കിയിരുന്നു. 

കേന്ദ്രമന്ത്രി രേണുക സിങ്, മുൻ മന്ത്രി ലതാ ഉസൈന്ദി എന്നിവരുൾപ്പെടെ എട്ട് വനിതാ സ്ഥാനാർത്ഥികളെ ബിജെപി വിജയിപ്പിച്ചിട്ടുണ്ട്. മറുവശത്ത് കോൺ​ഗ്രസ് അനില ഭേന്ദിയ, ഉത്തരി ​ഗണപത് ജം​ഗ്ഡെ തുടങ്ങിയവരുടെ ജയം ഉറപ്പാക്കി. ആകെ 155 സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാരായ അംബിക സിങ് ദേവ്, രശ്മി ആശിഷ് സിങ്, രേണു ജോഗി (ജെസിസി-ജെ), ഇന്ദു ബഞ്ചാരെ (ബിഎസ്‌പി) എന്നിവര്‍ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 

കോണ്‍ഗ്രസ് ഭരണം തിരിച്ച് പിടിച്ച തെലങ്കാനയില്‍ 119 സീറ്റുകളില്‍ ആകെ വിജയിച്ചത് 10 വനിതകള്‍ മാത്രം. ഇത് ആകെയുള്ള അംഗസംഖ്യയുടെ എട്ട് ശതമാനമാണ്. 2018 ലെ ആറ് പേരില്‍നിന്നും നാമമാത്രമായ ഉയര്‍ച്ച. മധ്യപ്രദേശില്‍ 230 സീറ്റുകളില്‍ 27 പേര്‍ മാത്രമാണ് വനിതകള്‍. അംഗസംഖ്യയുടെ 11.7 ശതമാനം. 2013ല്‍ 30 പേര്‍ അംഗങ്ങളായിരുന്നതാണ് സഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. രാജസ്ഥാനിലും വനിതാ പ്രാതിനിധ്യം പത്ത് ശതമാനമായി കുറഞ്ഞതായി പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മിസോറാമില്‍ കഴിഞ്ഞതവണ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ മൂന്ന് വനിതകള്‍ സഭയിലെത്തി. സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ രണ്ട് പേരും എംഎന്‍എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയുമാണ് വിജയം നേടിയത്. 

Eng­lish Summary:Assembly Elec­tion Results Num­ber of Women MLAs Down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.