25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026

നിയമസഭാ തെരഞ്ഞെടുപ്പ്: പുതിയ ബാന്ധവത്തിന് ബിജെപി

ബേബി ആലുവ
കൊച്ചി
January 4, 2026 10:18 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങൾ കയ്യൊഴിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ ബാന്ധവത്തിന് വട്ടം കൂട്ടി ബിജെപി. ബിഡിജെഎസുമായുള്ള ബന്ധം കൂടി വഷളായതോടെ ഈ വഴിക്കുള്ള നീക്കം തകൃതിയായിരിക്കുകയാണ്. പട്ടികജാതി- ദളിത് വിഭാഗങ്ങളെയും വിവിധ സമുദായങ്ങളിലെ ചെറു ഗ്രൂപ്പുകളെയും വലയിലാക്കാനുള്ള ശ്രമമാണിപ്പോൾ പ്രധാനമായി നടക്കുന്നത്.
നേരത്തേ, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനടക്കം ചില മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രത്യേകം സമിതികൾ ഈ ലക്ഷ്യത്തിനായി രൂപവത്കരിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൈസ്തവ വിഭാഗങ്ങൾക്കെതിരെ സംഘ്പരിവാറിൽ നിന്നുള്ള ആക്രമണം രൂക്ഷമായതിന്റെ തിരിച്ചടി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്നും തദ്ദേശത്തിനു ശേഷം ബിജെപി വിലയിരുത്തിയതോടെ ഈ വഴിക്കുള്ള ആലോചനകൾ വീണ്ടും ചൂടുപിടിക്കുകയായിരുന്നു.
ബജ്റംഗ്ദളും വിഎച്ച്പിയും പള്ളിക്കുള്ളിൽ കയറാൻ ഇനി അധികം താമസമില്ലെന്ന ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തുറന്നടിക്കൽ കൂടിയായതോടെ, ഇന്നലെ തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും പുതിയ ബന്ധങ്ങൾ സജീവ ചർച്ചയായി. പട്ടികജാതി- ഒബിസി വിഭാഗങ്ങൾ പാർട്ടിയെ വിശ്വസത്തിലെടുത്തു കഴിഞ്ഞാൽപ്പിന്നെ പാളയം വിട്ടുപോവുകയില്ലെന്നും കൃസ്ത്യൻ വോട്ടുകളിലെന്നപോലെ ചാഞ്ചാട്ടമുണ്ടാവുകയില്ലെന്നും ഒക്കെയാണ് ബിജെപിയിലെ കണക്കുകൂട്ടൽ.
തദ്ദേശ തെരഞ്ഞെടുപ്പോടുകൂടി എൻഡിഎയിലെ രണ്ടാം കക്ഷിയായ ബിഡിജെഎസുമായുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണ സാഹചര്യത്തിൽ, പാർട്ടിയെ വിശ്വാസത്തിലെടുക്കാത്ത ആ കക്ഷിയുടെ പിന്നാലെ ഇനി പോകേണ്ടെതില്ലെന്നാണ് വലിയ വിഭാഗം നേതാക്കളുടെ അഭിപ്രായം. എൻഡിഎ വിടണമെന്ന അഭിപ്രായം ബിഡിജെഎസിലും ശക്തമാണ്. ഈ പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് പട്ടികജാതി- ഒബിസി വിഭാഗങ്ങളെയും വിവിധ സമുദായങ്ങളിലെ ചെറു ഗ്രൂപ്പുകളെയും വലയിലാക്കാനുള്ള നീക്കം. ഈ മാസം തിരുവനന്തപുരത്തെത്തുന്ന പ്രധാനന്ത്രിയിൽ നിന്ന്, പുതിയ കൂട്ടുകെട്ടിന് ഗുണകരമായേക്കാവുന്ന ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വം പുലർത്തുന്നത്. ‘മിഷൻ 2026’ എന്ന് പേരിട്ടിരിക്കുന്ന തന്ത്രത്തിന്റെ പ്രയോഗത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റിലെ വിജയമാണ് ബിജെപി ഉന്നം വയ്ക്കുന്നത്.
ക്രിസ്ത്യൻ ഔട്ട്റീച്ച് പാളി എന്ന വിലയിരുത്തലിനൊപ്പം, ആ പേരിൽ ചില നേതാക്കൾ കോടികൾ കൊണ്ടുപോയി എന്ന ആക്ഷേപവും ശക്തമാണ്. കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഹൈന്ദവ താല്പര്യങ്ങൾ മറക്കുന്നു എന്ന പരാതിയുള്ള നല്ലൊരു വിഭാഗവും സംസ്ഥാന ബിജെപിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങൾ കയ്യൊഴിഞ്ഞതിന് പിന്നാലെ, ആ വിഭാഗങ്ങളുടെ പ്രീതി നേടാൻ ചില വർഷങ്ങളായി ക്രിസ്മസുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന ഭവന സന്ദർശനം ഇത്തവണ ബിജെപി ഒഴിവാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.