28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 6, 2026
February 5, 2026
January 22, 2026
January 21, 2026
December 29, 2025
December 28, 2025
December 19, 2025
December 17, 2025

നിയമസഭാ തെരഞ്ഞെടുപ്പ്; ബംഗാളിൽ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചു

Janayugom Webdesk
കൊൽക്കത്ത
February 28, 2026 9:37 pm

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുൻപേ കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചു. സാധാരണഗതിയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് സേനാ വിന്യാസം നടക്കാറുള്ളത്. എന്നാൽ ബംഗാളിലെ സവിശേഷ സാഹചര്യം പരിഗണിച്ചെന്ന പേരിലാണ് കമ്മിഷന്റെ ഈ അപൂർവ നീക്കം. ഇന്നു മുതൽ സംസ്ഥാനത്തെ 35 പൊലീസ് ജില്ലകളിലും കമ്മിഷണറേറ്റുകളിലുമായി 240 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കും. മാർച്ച് പത്തോടു കൂടി 240 കമ്പനികൾ കൂടി എത്തുന്നതോടെ ആകെ സേനാംഗങ്ങളുടെ എണ്ണം 480 കമ്പനിയാകും. സിആർപിഎഫ് (110 കമ്പനി), ബിഎസ്എഫ് (55 കമ്പനി), സിഐഎസ്എഫ് (21 കമ്പനി), ഐടിബിപി, എസ്എസ്ബി (27 കമ്പനി) എന്നിങ്ങനെയാണ് ആദ്യ ഘട്ട വിന്യാസം. ഓരോ കമ്പനിയിലും കുറഞ്ഞത് 72 സേനാംഗങ്ങൾ വീതം ഉണ്ടായിരിക്കും. ഇവർ വിവിധയിടങ്ങളിൽ ഏരിയ‑ഡൊമിനേഷൻ പട്രോളിങ് നടത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മനോജ് അഗർവാൾ വ്യക്തമാക്കി.

ന്യൂനപക്ഷ ആധിപത്യമുള്ളതും ബംഗ്ലാദേശ് അതിർത്തി പങ്കിടുന്നതുമായ മേഖലകളിലാണ് കൂടുതൽ സേനയെ നിയോഗിച്ചിരിക്കുന്നത്. നോർത്ത് 24 പർഗാനാസിന് ഏറ്റവും കൂടുതൽ കമ്പനികളെ (30) അനുവദിച്ചു. മുർഷിദാബാദ് (16), ഹൗറ (15), സൗത്ത് 24 പർഗാനാസ് (15) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിന്യാസം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ജില്ലയായ കിഴക്കൻ മിഡ്‌നാപൂരിലും (14 കമ്പനി) വലിയ സേനാ വിന്യാസമുണ്ടാകും.
കേന്ദ്ര സേനയുടെ വാഹനങ്ങളിൽ ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കും. സേനയുടെ പ്രവർത്തനം പ്രാദേശികമായി സ്വാധീനിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. വാഹനങ്ങളിൽ കാമറകൾ സ്ഥാപിക്കുന്നതും സെൻട്രൽ കമാൻഡ് സെന്റർ വഴിയുള്ള നിരീക്ഷണവും പരിഗണനയിലുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ എൻ. കെ. മിശ്രയെ വോട്ടെടുപ്പ് തയ്യാറെടുപ്പുകൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷകനായി നിയമിച്ചു. പൊലീസിന്റെയും കേന്ദ്ര സേനയുടെയും ഏകോപനം ഇദ്ദേഹം വിലയിരുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ക്രമസമാധാന ചുമതല ഔദ്യോഗികമായി സംസ്ഥാന സർക്കാരിനാണെന്നിരിക്കെ, കേന്ദ്ര സേനയുടെ ഈ ഇടപെടൽ പുതിയ രാഷ്ട്രീയ പോരിലേക്ക് നയിച്ചേക്കാം. സേനകൾ സ്വന്തം കമാൻഡ് ഘടനയ്ക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക എന്ന് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സേനയുടെ വിന്യാസം സംബന്ധിച്ച് ചില പൊലീസ് ജില്ലകളിൽ പരാതിയുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.