
അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയ്ക്ക് ചരമോപചാരം അര്‍പ്പിച്ച് നിയമസഭ. സ്പീക്കർ എ എൻ ഷംസീർ ചരമോപചാരം അവതരിപ്പിച്ചു. സ്ത്രീ സ്വത്വത്തിന്റെ ഉന്നമനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ എത്തിക്കാനും ജീവിതം മാറ്റിവച്ച നേതാവായിരുന്നു കാനത്തില്‍ ജമീലയെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുസ്മരിച്ചു. ഭരണാധികാരി എന്ന നിലയില്‍ സ്ത്രീകളുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി ഒട്ടേറെ മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവര്‍ നേതൃത്വം വഹിച്ചു. സാധാരണക്കാരോട് ചേര്‍ന്ന് നിന്ന് കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ജമീല എപ്പോഴും ശ്രമിച്ചിരുന്നു. കാനത്തില്‍ ജമീലയുടെ വിയോഗത്തിലൂടെ ജനപക്ഷത്ത് നിന്ന് മാതൃകപരമായി പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്താണ് എല്ലാകാലത്തും കാനത്തില്‍ ജമീല ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ജനജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങളെ എല്ലാ ഗൗരവത്തോടെയും സഭയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ് ജമീലയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
എംഎല്‍എ ആയിരിക്കെ ജനകീയ പ്രശ്നങ്ങങ്ങളില്‍ സജീവ ഇടപെടല്‍ നടത്തുവാന്‍ ജമീലയ്ക്ക് സാധിച്ചുവെന്നും നിയമസഭ അംഗമെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ കാഴ്ചവച്ചതെന്നും സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലായ്പ്പോഴും ജനാധിപത്യബോധവും മതേതര നിലപാടും ഉയര്‍ത്തിപ്പിടിച്ച അംഗമായിരുന്നു കാനത്തില്‍ ജമീലയെന്ന് പ്രതിപക്ഷത്ത് നിന്നും കെ ബാബു അനുസ്മരിച്ചു. സഭയിലെ ഭരണപ്രതിപക്ഷ വാക്പോരുകള്‍ക്കിടയിലും പരസ്പര ബഹുമാനം ഉയര്‍ത്തിപ്പിടിച്ച സാമാജികയായിരുന്നു കാനത്തില്‍ ജമീലയെന്ന് മറ്റ് കക്ഷിനേതാക്കളും ചൂണ്ടിക്കാണിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.