കോട്ടയം കടുത്തുരുത്തിയില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ കോട്ടയം കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കെതിരെ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് വീട്ടിനുള്ളിൽ ആതിരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണും ആതിരയും നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് അരുണുമായുള്ള സൗഹൃദം ആതിര ഉപേക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ ആതിരയെ അധിക്ഷേപിക്കാൻ തുടങ്ങിയത്. ശനിയാഴ്ച ഇയാൾക്കെതിരെ ആതിര പൊലീസിൽ പരാതി നൽകിയിരുന്നു. അതിനു ശേഷമാണ് ആതിര ആത്മഹത്യ ചെയ്തത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ അരുൺ ഒളിവിൽ പോവുകയായിരുന്നു.
മറ്റൊരു പേരിലാണ് അരുണ്‍ കാഞ്ഞങ്ങാട് ലോഡ്ജില്‍ മുറിയെടുത്തത്. ലോറി ഡ്രൈവര്‍ എന്ന് പരിചയപ്പെടുത്തി മുറിയെടുത്ത അരുണ്‍, അധികം പുറത്തിറങ്ങിയിരുന്നില്ലെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞു. ലോറിയില്‍ പൈനാപ്പിള്‍ കൊണ്ടുവന്നതാണെന്നും രാജേഷ് എന്നാണ് പേരെന്നും ഇയാള്‍ ലോഡ്ജില്‍ പറഞ്ഞിരുന്നു. വൈകുന്നേരം സമയത്ത് പുറത്തുപോയി മദ്യം വാങ്ങി തിരിച്ചുവന്നതായി ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുമില്ല. പത്രങ്ങളിലും ചാനലുകളിലും ഫോട്ടോ പ്രചരിച്ചതിനാല്‍ മറ്റുള്ളവര്‍ തിരിച്ചറിഞ്ഞേക്കുമെന്നതിനാലായിരിക്കാം ഇതെന്ന് പൊലീസ് സംശയിക്കുന്നു. മുറിയില്‍ നിന്ന് ഓഫ് ചെയ്ത നിലയില്‍ അരുണിന്റെ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.
മെയ് രണ്ടിനാണ് രാജേഷ് എന്ന കള്ള പേരിൽ ഇയാൾ മുറിയെടുത്തത്. ആദ്യം ഒരു ദിവസത്തേക്കാണ് മുറിയെടുത്തത്. പിന്നീട് ഒരു ദിവസം കൂടി ആവശ്യപ്പെട്ടു. വ്യാഴം രാവിലെ മുറി തുറക്കാതിരുന്നതോടെ ലോഡ്‌ജ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പരിശോധിച്ചപ്പോഴാണ് കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്ന് കണ്ടെത്തിയത്. മുറിയിൽ നിന്ന് വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ് പകർപ്പ് എന്നിവ കിട്ടിയതോടെയാണ് തൂങ്ങി മരിച്ചത് പൊലീസ് അന്വേഷിക്കുന്ന കടുത്തുരുത്തിയിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.
അരുണിന്റെ ബന്ധുക്കളും കടുത്തുരുത്തി പൊലീസും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് കാഞ്ഞങ്ങാട് പൊലീസ് അറിയിച്ചു.
കോട്ടയത്തെ സോഫ്‌റ്റ്‌വേർ കമ്പനിയിലെ ജീവനക്കാരിയായിരുന്നു മരിച്ച ആതിര. അരുണുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ആതിരയ്‌ക്ക് കഴിഞ്ഞ ഞായറാഴ്ച പാല സ്വദേശിയുടെ വിവാഹ ആലോചന വന്നിരുന്നു. ഇരുവീട്ടുകാർക്കും വിവാഹം നടത്തുന്നതിന് സമ്മതമായതോടെ തുടർ നടപടികളിലേക്ക് കടന്നു. ഇതറിഞ്ഞാണ് ആതിരയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അരുൺ ആക്രമണം നടത്തിയത്. ഫെയ്‌സ്‌ബുക്ക് വഴി ഇരുവരും തമ്മില്‍ നടത്തിയ വ്യക്തിപരമായ ചാറ്റ്, ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പുറത്ത് വിടുകയുമായിരുന്നു. ഇതുസംബന്ധിച്ച് ആതിരയും വീട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനുശേഷം രാത്രിയോടെ അരുൺ വീണ്ടും സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം തുടർന്നു. ഇതിൽ മാനസിക വിഷമത്തിലായിരുന്ന ആതിര തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
English summary: Athira’s suicide: Accused dead in lodge
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.