
രണ്ടാം ദിനവും ഖത്തറിനുനേരെയുള്ള ആക്രമണങ്ങൾ ഇറാന് തുടരുകയാണ്. ഞായറാഴ്ച രാവിലെ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടർന്നു. സ്ഥലത്ത് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീ നിയന്ത്രണവിധേയമാക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, രാജ്യത്തെ ലക്ഷ്യം വെച്ചുള്ള 18 ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ബാഹ്യ ഭീഷണികളെ നേരിടുന്നതിനും ഖത്തർ സായുധ സേനക്ക് പൂർണ്ണ ശേഷിയുണ്ടെന്നും സുരക്ഷാ സാഹചര്യം പൂർണ്ണ നിയന്ത്രണത്തിലുമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാൽ, മിസൈൽ അവശിഷ്ടങ്ങൾ വീണ് രാവിലെ എട്ടു പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇതോടെ ആക്രമണം തുടങ്ങിയത് മുതൽ പരിക്കേറ്റവരുടെ ആകെ എണ്ണം 16 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിൽ പരിമിതമായ തോതിൽ ഭൗതിക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. പൊതുസുരക്ഷയും തടസ്സമില്ലാതെ സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസ് ടീമുകളും മറ്റ് ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിച്ചു.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുകുന്നുണ്ടെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവർത്തിച്ചു. സുരക്ഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് വീടിനുള്ളിൽ തന്നെ തുടരണമെന്നും അത്യവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്, തിരിച്ചറിയാത്ത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ അതിനടുത്തേക്ക് പോകരുത്. ഉടൻ തന്നെ 999 എന്ന നമ്പറിൽ വിവരം അറിയിക്കുക. ആംബുലൻസ്, സിവിൽ ഡിഫൻസ്, പെട്രോൾ യൂണിറ്റുകൾ എന്നിവയ്ക്ക് തടസ്സമില്ലാതെ കടന്നുപോകാൻ മുൻഗണന നൽകുക. സുരക്ഷ ഉറപ്പാക്കുന്നതിനായി സ്പെഷ്യലൈസ്ഡ് ടീമുകൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 24 മണിക്കൂറും രംഗത്തുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.