ഉക്രെയ‍്ന്‍ ഊര്‍ജ ശൃംഖലയ്ക്ക് നേരെ ആക്രമണം ശക്തമാക്കി റഷ്യ. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ക്രൂയിസ് മിസെെല്‍ ആക്രമണം. 93 മിസൈലുകളും 200ലധികം ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. 81 മിസെെലുകള്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ ഹൈപ്പർസോണിക് കിൻസാൽ മിസൈലുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉക്രെയ‍്ന്‍ വ്യോമസേന അറിയിച്ചു.
സമീപമാസങ്ങളില്‍ ഉക്രെയ്ന്‍ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നുണ്ട്. സമ്പൂര്‍ണ യുദ്ധം ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലാ ഗവര്‍ണര്‍ സ്വിറ്റ്ലാന ഒനിഷ്ചുക്ക് പറഞ്ഞു, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണമാണ് പ്രദേശത്തുണ്ടായത്. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യമെന്നും ഒനിഷ്ചുക്ക് പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ ഉക്രെയ‍്ന്റെ ഊര്‍ജ ഉല്പാദന ശേഷിയുടെ പകുതിയോളം നശിച്ചു. ആക്രമണങ്ങളില്‍ തകര്‍ന്ന പവര്‍പ്ലാന്റുകളില്‍ പലതും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
അതിനിടെ, ഉക്രെയ്‌നെ ഭൂപടത്തിൽ നിന്ന് തുടച്ചുമാറ്റാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നുവെന്നും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ മുന്നറിയിപ്പ് നൽകി. ഉക്രെയ്ന് പിന്തുണ നല്‍കുന്നതിനാല്‍ യൂറോപ്പിൽ റഷ്യ ഡ്രോണ്‍ ആക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ‍്നായി 500 മില്യൺ ഡോളർ മൂല്യമുള്ള ആയുധ സഹായ പാക്കേജ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.