26 December 2024, Thursday
KSFE Galaxy Chits Banner 2

ഹിസ്ബുള്ള സാമ്പത്തിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

കൂട്ടപ്പലായനം ചെയ്ത് ബെയ്റൂട്ട് നിവാസികള്‍ 
Janayugom Webdesk
ബെയ‍്റൂട്ട്
October 21, 2024 10:04 pm

ഹിസ്ബുള്ളയുടെ ധനകാര്യസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍. സംഘടനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ആക്രമണം. ഹിസ്ബുള്ളയുടെ നിയന്ത്രണത്തിലുള്ള ബാങ്കിങ് സ്ഥാപനമായ അൽ ഖർദ് അൽ ഹസന്റെ കെട്ടിടങ്ങളില്‍ സ്ഫോടനമുണ്ടായി. ലെബനനിലെ 15 എണ്ണം ഉള്‍പ്പെടെ ബെയ്‌റൂട്ടിലും പരിസരപ്രദേശങ്ങളിലുമായി മുപ്പതിലധികം ശാഖകള്‍ അൽ ഖർദ് അല്‍ ഹസനുണ്ട്.

ബോംബാക്രമണത്തിന് മുമ്പ് സമൂഹമാധ്യമമായ എക്സിലൂടെ ഇസ്രയേല്‍ പ്രതിരോധ സേന മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അൽ ഖർദ് അൽ ഹസന്റെ കെട്ടിടങ്ങളില്‍ നിന്ന് 500 മീറ്റര്‍ ദൂരത്തേക്ക് മാറാനായിരുന്നു നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് നൂറുകണക്കിനു ബെയ്‌റൂട്ട് നിവാസികള്‍ വീടുകളില്‍നിന്ന് പലായനം ചെയ്തു. പരിഭ്രാന്തരായ ജനക്കൂട്ടം തെരുവുകളില്‍ ഒത്തുകൂടിയത് ബെയ്‌റൂട്ടിന്റെ ചില ഭാഗങ്ങളില്‍ വലിയതോതില്‍ ഗതാഗതക്കുരുക്കും സൃഷ്ടിച്ചു.
ഹിസ്ബുള്ളയ്ക്ക് ആയുധങ്ങൾ വാങ്ങുന്നതും സൂക്ഷിക്കുന്നതും ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അൽ ഖർദ് അൽ ഹസന്‍ ധനസഹായം നൽകുന്നുവെന്ന് ഇസ്രയേൽ സൈന്യം ആരോപിക്കുന്നു. അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലേക്ക് ഹിസ്ബുള്ളയ്ക്ക് പ്രവേശനം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017 ൽ ട്രംപ് ഭരണകാലത്ത് ഈ സ്ഥാപനത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 

ഹിസ്ബുള്ളയുടെ ശക്തമായ സാമൂഹിക സേവന ശൃംഖലയുടെ ഭാഗമായ ഒരു ചാരിറ്റബിൾ സ്ഥാപനമായി 1980കളുടെ തുടക്കത്തിലാണ് അൽ ഖർദ് അൽ ഹസന്‍ സ്ഥാപിതമായത്. ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനത്തും ബെയ്‌റൂട്ടിലെ ഭൂഗര്‍ഭ ആയുധ കേന്ദ്രത്തിലും ആക്രമണമുണ്ടായതായി ഞായറാഴ്ച ഇസ്രയേല്‍ അറിയിച്ചിരുന്നു. മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ യുദ്ധവിമാനങ്ങള്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല. തെക്കൻ പ്രാന്തപ്രദേശങ്ങളിൽ 10ഓളം വ്യോമാക്രമണങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ലെബനനിലെ ഏക വാണിജ്യ വിമാനത്താവളത്തിനു സമീപവും സ്ഫോടനമുണ്ടായി. അതേസമയം, തെക്കൻ ലെബനനിലെ അൽ മലാക്കിയയിലും മർകബയിലും ഇസ്രയേല്‍ സെെനികര്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.