
കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജരെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് പണം തട്ടാൻ ശ്രമം. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെയാണ് പണം തട്ടാൻ ശ്രമിച്ചത്. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിന്റെ ജാഗ്രതയും കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സമയോചിതമായ ഇടപെടലുമാണ് വൻ സൈബർ തട്ടിപ്പ് ശ്രമം പൊളിച്ചത്. എൻഐഎ പിടികൂടിയ പിഎഫ്ഐ പ്രവർത്തകനിൽ നിന്നും പ്രമോദിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടും സിം കാർഡും ലഭിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി.
ജനുവരി 11നാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നാണ് വ്യാജ ഉദ്യോഗസ്ഥൻ പറഞ്ഞത്. നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ഇതിന്റെ തെളിവായി എഫ്ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജനുവരി 12ന് രാവിലെ 11:30ന് വീഡിയോ കോളില്‍ വരാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പ്രമോദും ഭാര്യയും വിവരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. മലയാളിയായ ഉദ്യോഗസ്ഥനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഉദ്യോഗസ്ഥന്റെ ഐഡി കാണിക്കാൻ പ്രമോദ് ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഐഡി കാർഡ് കാണിക്കുന്നത് വീഡിയോയിൽ കാണാം. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. ഇതിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുത്ത് തട്ടിപ്പ് സംഘത്തിന്റെ നീക്കം പൊളിച്ചു. ഇതോടെ ഡിജിറ്റൽ അറസ്റ്റ് നാടകം പൊളിഞ്ഞു. സംഭവത്തിൽ കണ്ണൂർ സിറ്റി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.