
ബിജെപിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യം എന്നെങ്കിലും ഉണ്ടായാൽ രാജ്യത്തിന്റെ മഹത്തായ ഭരണഘടന അന്ന് ഇല്ലാതാകുമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു. സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിനുതന്നെ മാതൃകയായ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ എല്ലാം സ്വേച്ഛാധിപത്യത്തിലൂടെ അട്ടിമറിച്ച്, പാർലമെന്ററി ജനാധിപത്യവും മൗലികാവകാശങ്ങളും ഇല്ലാതാക്കി മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി ഭരണത്തിനു കീഴിൽ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യനീതിയും സാമ്പത്തിക നീതിയും ഇപ്പോൾതന്നെ നമുക്ക് അപ്രാപ്യമായ ദൂരത്തിലാണ്. ജനസംഖ്യയിൽ ഒരു ശതമാനത്തിന്റെ മാത്രം കൈകളിലാണ് രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും. രാജ്യത്തെ ആകെ വരുമാനത്തിന്റെ 22 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കയ്യിലാണെന്നതും സാമ്പത്തിക നീതി എത്ര അകലെയാണെന്നത് വ്യക്തമാക്കുന്നു.
മാധ്യമ പ്രവർത്തകരും ബിജെപിയുടെ രാഷ്ട്രീയ എതിരാളികളുമായി 11,000ത്തിലധികം ആളുകളാണ് ചെയ്ത കുറ്റം എന്തെന്ന് പോലുമറിയാതെ വിചാരണ കാത്ത് രാജ്യത്തെ ജയിലുകളിൽ കഴിയുന്നത്. മുമ്പെങ്ങുമില്ലാത്ത സ്വേഛാധിപത്യ ഭരണത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇതിനെയെല്ലാം ചെറുക്കാൻ ജനങ്ങളെ അണിനിരത്തിയുള്ള വലിയ പോരാട്ടങ്ങൾ ആവശ്യമാണെന്ന് പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
ചെമ്മനത്തുകര എസ്. എൻ. ഡി. പി ഓഡിറ്റോറിയത്തിലെ അഡ്വ. പി. കെ ചിത്രഭാനു നഗറിൽ നടന്ന സമ്മേളനത്തിൽ മുതിർന്ന പാർട്ടി അംഗം കെ ചന്ദ്രമോഹനൻ പതാക ഉയർത്തി. ഡി. രഞ്ജിത് കുമാർ, മായാ ഷാജി, എ. എസ് ഹരിമോൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സ്വാഗതസംഘം പ്രസിഡന്റ് എം. എസ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി പ്രദീപ് രക്തസാക്ഷി പ്രമേയവും സെക്രട്ടേറിയറ്റ് അംഗം എൻ അനിൽ ബിശ്വാസ് അനുശോചന പ്രമേയവും സെക്രട്ടറി എം. ഡി ബാബുരാജ് പ്രവർത്തന റിപ്പോർട്ടും ജില്ലാ കൗൺസിൽ അംഗം അഡ്വ. എ സി ജോസഫ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി. എൻ. രമേശൻ, കെ അജിത്ത്, ഇ. എൻ ദാസപ്പൻ, സി. കെ ആശ എംഎൽഎ, പി സുഗതൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.