27 October 2024, Sunday
KSFE Galaxy Chits Banner 2

സ്കൂൾ വിദ്യാർത്ഥിനികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം; ഓട്ടോ ഡ്രൈവര്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
October 27, 2024 9:07 pm

ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർത്ഥിനികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പൈനുംമൂട് വിവേകാനന്ദ നഗർ പുളിംകാലത്ത് കിഴക്കതിൽ നവാസ് (52) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോളജ് ജങ്ഷന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് മിനിട്ടുകൾക്കകമാണ് പൊലീസ് പ്രതിയെ അറസ്റ്റ്ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിമലഹൃദയ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ സമീപത്തുള്ള ട്യൂഷൻ സെന്ററിൽ ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഓട്ടോസ്റ്റാൻഡിലെത്തി ഓട്ടോറിക്ഷ നോക്കിയെങ്കിലും ഇല്ലായിരുന്നു. തുടർന്ന് കപ്പലണ്ടിമുക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോവുകയായിരുന്ന ഓട്ടോറിക്ഷയിൽ കയറി അമ്മൻനട ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. മെയിൻ റോഡിൽ കൂടി പോകാമായിരുന്നിട്ടും പ്രതി ഓട്ടോ വിമലഹൃദയ സ്കൂളിന് പുറകുവശത്തെ ഇടവഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. 

ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ഓട്ടോയുടെ വേഗം കൂട്ടുകയും ചെയ്തു. കുട്ടികള്‍ നിലവിളിച്ചെങ്കിലും സമീപത്ത് ആളുകൾ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥിനികളിൽ ഒരാൾ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്കെടുത്ത് ചാടി. കുറച്ചുമാറി ഓട്ടോറിക്ഷ നിര്‍ത്തിയതോടെ വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനി പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികളെ ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടികൾ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ഓട്ടോയിൽ നിന്ന് ചാടിയ ആശ്രാമം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കൈയ്ക്കും തോളിനും പരിക്കേറ്റു. കുട്ടി ജില്ലാശുപത്രിയിൽ ചികിത്സതേടി. പരാതി ലഭിച്ചുടനെ തന്നെ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എന്നാല്‍ താൻ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചില്ലെന്നും. ഇടവഴി പോകുന്നത് കണ്ട് കുട്ടികൾ ഭയപ്പെട്ട് ചാടുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി നവാസ് പൊലീസിനോട് പറഞ്ഞു. പ്രതി മദ്യ ലഹരിയിലായിരുന്നതായി പൊലീസിന് സംശയമുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്താല്‍ മാത്രമേ സത്യം പുറത്തുവരു എന്നും പൊലീസ് വ്യക്തമാക്കി.

ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുമേഷ്, സിപിഒമാരായ അജയകുമാർ, അനു ആർ നാദ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.