ആലപ്പുഴ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. അഞ്ജലിക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തകഴി ശശി ഭവനിൽ ഷൈജു (39) വിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായ ഇയാളെ വീട്ടിൽ വീണ് തല പൊട്ടിയതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. നെറ്റിയിലെ മുറിവ് തുന്നിക്കെട്ടുന്നതിനിടെ ഇയാൾ അസഭ്യം പറയുകയും ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചേർന്ന് പിടിച്ചു മാറ്റി. ഡോക്ടർ പരാതി അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മുങ്ങിയ ഇയാളെ പിന്നീട് അമ്പലപ്പുഴ പോലീസ് പിടികൂടുകയും കേസെടുക്കുകയുമായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാർക്ക പണിക്കാരനായ ഷൈജു ക്രിമിനൽ പശ്ചാത്തലമുള്ള ആളല്ലെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.