ബോഡിനായ്ക്കന്നൂരിൽ വ്യാപാര ശാലകളിൽ നിന്നും കൃത്രിമ നിറം ചേർത്ത ഏലക്ക ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു കളയാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഏലക്ക ലേലം ബഹിഷ്കരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അമിതമായി നിറം കലർത്തിയ ഏലം പിടിച്ചെടുത്തിരുന്നു.
കൃത്രിമ നിറം കണ്ടെത്തിയ ഏലക്ക നശിപ്പിച്ചു കളയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതോടെ ബോഡിനായ്ക്കന്നൂരിലെ ഒരു വിഭാഗം വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടർന്ന് ഇവർ ബോഡിനായ്ക്കന്നൂരിലുള്ള സ്പൈസസ് ബോർഡിന്റെ ലേലം കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന ലേലം തടസപ്പെടുത്തുകയും ലേലത്തിൽ പങ്കെടുക്കാൻ എത്തിയ മറ്റ് വ്യാപാരികളെ തടയുകയും ചെയ്തു. ലേല കേന്ദ്രത്തിൽ നിന്നും വാങ്ങിയ ഏലക്കയാണ് ഉദ്യോഗസ്ഥർ കൃത്രിമ നിറത്തിന്റെ പേരിൽ പിടിച്ചെടുത്തിരിക്കുന്നത് എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള ഏലക്ക ലേലകേന്ദ്രങ്ങളിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വം ലേലം നടത്തിയ കമ്പനികൾക്ക് ആണെന്നും ഇവർ ആരോപിക്കുന്നു. ലേലം കമ്പനികളുടെ പിടിപ്പുകേടിന് വ്യാപാരികളെ ക്രൂശിക്കുന്ന നടപടി പിൻവലിക്കണം എന്നും അല്ലാത്തപക്ഷം ലേലം തടയുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ വ്യാപാരികൾ മുന്നറിയിപ്പ് നൽകി. ഓൺലൈനായി പുറ്റടിയിലും ബോർഡിനായ്ക്കന്നൂരിലും ഒരേ സമയമാണ് സ്പൈസസ് ബോർഡിന്റെ ലേലം നടക്കുന്നത്. തമിഴ്‌നാട്ടിൽ ലേലം തടസ്സപ്പെട്ടതോടെ പുറ്റടി സ്പൈസസ് പാർക്കിൽ എത്തിയ വ്യാപാരികളും ലേലത്തിൽ പങ്കെടുക്കാനാകാതെ മടങ്ങി.
English Summary: attention! Artificially colored cardamom active in market: Traders protest attempted destruction
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.