11 February 2026, Wednesday

Related news

February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 24, 2026
January 21, 2026

അതുല്യയുടെ മരണം : ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

Janayugom Webdesk
ദുബായ്
July 21, 2025 1:05 pm

ഷാര്‍ജ റോളയില്‍ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.